ഗവ മെഡിക്കൽ കോളേജ് - കൊച്ചി കപ്പൽശാല ധാരണാപത്രം ഒപ്പിട്ടു
എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനായി പൊതുമേഖലാ സ്ഥാപനമായ കൊച്ചി കപ്പൽശാല. സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി എറണാകുളം ഗവ. മെഡിക്കൽ കോളേജിന് പ്രധാന മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകുന്നതിനാണ് ധാരണയിലെത്തിയത്.
സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പ്രതിനിധികളും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായരുടെ നേതൃത്വത്തിൽ കൊച്ചി കപ്പൽശാല പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ ധാരണാപത്രം കൈമാറി.
മെഡിക്കൽ കോളേജിൻ്റെ ഭാവി പദ്ധതികളിലും കപ്പൽശാല സഹകരിക്കുമെന്ന് മധു എസ്. നായർ പറഞ്ഞു. കപ്പൽശാല സി.എസ്. ആർ വിഭാഗം മേധാവി പി.എൻ സമ്പത്കുമാർ, ഡോ. പാർവ്വതി രാജേന്ദ്രൻ ഡോ. നിത്യ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
ബ്ലഡ് ബാങ്കിലേക്കാവശ്യമായ സ്റ്റെറൈൽ കണക്ടിംഗ് ഡിവൈസ്, വേഫറുകൾ പൾമനോളജി വകുപ്പിലേക്ക് പോളിസോമോനോഗ്രഫി യന്ത്രം എന്നിവയാണ് കൊച്ചി കപ്പൽശാല ലഭ്യമാക്കുന്നത്. 50 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്.
- Log in to post comments