വോട്ടർപട്ടിക പുതുക്കൽ: നിരീക്ഷകൻ ജില്ലയില്‍ സന്ദര്‍ശനം നടത്തി വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും പരാതികളും നിരീക്ഷകനെ നേരില്‍ അറിയിക്കാം
പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ - 2025 ന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച വോട്ടര്‍ പട്ടിക നിരീക്ഷകൻ (ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍) പാലക്കാട് ജില്ലയില്‍ സന്ദര്‍ശനം നടത്തി. കേരള സര്‍ക്കാര്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് സെക്രട്ടറിയായ കെ. ബിജു ആണ് ജില്ലയിലെ വോട്ടർ പട്ടിക നിരീക്ഷകൻ.
നീരീക്ഷന്റെയും ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്രയുടെയും സാന്നിധ്യത്തിൽ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗവും ചേര്‍ന്നു. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നിരീക്ഷകൻ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നിര്‍ദ്ദേശം നൽകി. കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കുന്നതിനായുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും പരാതികളും പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വോട്ടര്‍ പട്ടിക നിരീക്ഷകനെ 9446 022 479 എന്ന മൊബൈല്‍ നമ്പറില്‍ നേരിട്ട് അറിയിക്കാം.
ശുദ്ധീകരിച്ച വോട്ടര്‍ പട്ടിക സുതാര്യമായ തിരഞ്ഞെടുപ്പിന് ഏറ്റവും അനിവാര്യമാണെന്ന് നീരീക്ഷകന്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പരമാവധി പുതിയ വോട്ടര്‍മാരെ ഉൾപ്പെടുത്തുന്നതിന് സൗകര്യമൊരുക്കും. ഇതിനായി ക്യാംപസുകളും മറ്റും കേന്ദ്രീകരിച്ച് സ്വീപ്പ് സെല്ലിന്റെ നേതൃത്വത്തില്‍ പ്രത്യേകം ക്യാംപെയിനുകള്‍ സംഘടിപ്പിക്കണം. വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കുന്നതിനും പേര് നീക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും പക്ഷപാതപരമായ സമീപനം സ്വീകരിക്കാന്‍ അനുവദിക്കില്ല. ഇത്തരം പരാതികളുണ്ടായാൽ കര്‍ശന നടപടി സ്വീകരിക്കും. വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യുമ്പോള്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കണം. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്ന് വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട നടപടികൾ പൂര്‍ത്തിയാക്കണം. അര്‍ഹരായ പരമാവധി പേരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ഒറ്റപ്പാലം സബ് കളക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, ഇലക്‍ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദ്, വിവിധ ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസിൽദാര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments