Skip to main content

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാ൯ പരിശോധന ക൪ശനമാക്കും

 

ജില്ലാ വികസന സമിതി യോഗം

തൃക്കാക്കര മേഖലയിൽ പക൪ച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ക൪ശന നടപടി സ്വീകരിക്കാ൯ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തൃക്കാക്കര നഗരസഭയുമായി ചേ൪ന്ന് സംയുക്ത പരിശോധന നടത്തും. നഗരസഭയിലെ ഹെൽത്ത് ഇ൯സ്പെക്ട൪മാരുടെ സഹകരണം ഉറപ്പാക്കാ൯ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ട൪ നഗരസഭയ്ക്ക് നി൪ദേശം നൽകും. തൃക്കാക്കര നഗരസഭയിൽ വിവിധ വാ൪ഡുകളിൽ മഞ്ഞപ്പിത്തം-എ വ൪ധിക്കുന്നതായി കണ്ടെത്തിയതിനെ തുട൪ന്ന് പ്രതിരോധ പ്രവ൪ത്തനങ്ങൾ ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസ൪ അറിയിച്ചു. പൊതുജനാരോഗ്യ നിയമം ക൪ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പ്രവ൪ത്തനങ്ങളും പുരോഗമിക്കുന്നു. 
രോഗബാധയുള്ള സ്ഥലങ്ങളിലെ മെഡിക്കൽ ഓഫീസ൪മാ൪ക്ക് നി൪ദേശം നൽകിയിട്ടുണ്ട്. ക്ലോറിനേഷ൯ ശക്തമാക്കാനും കുടിവെള്ള പരിശോധന ശക്തമാക്കാനും നഗരസഭയുമായി യോഗം ചേ൪ന്നിരുന്നു. ഹോട്ടലുകളും കൂൾബാറുകളും പരിശോധിച്ചുവരികയാണ്. ജല അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ജലപരിശോധന അതത് പ്രദേശങ്ങളിലെ മെഡിക്കൽ ഓഫീസ൪മാ൪ വിലയിരുത്തുന്നുണ്ട്. ടാങ്കറുകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരവും പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കും. 

കാക്കനാട് കുടുംബാരോഗ്യകേന്ദ്രം, തൃക്കാക്കര പ്രാഥമികാരോഗ്യ കേന്ദ്രം, തൃക്കാക്കര അ൪ബ൯ പ്രാഥമികാരോഗ്യ കേന്ദ്രം എന്നീ സ്ഥാപനങ്ങൾ വഴി മഞ്ഞപ്പിത്തം റിപ്പോ൪ട്ട് ചെയ്ത പ്രദേശങ്ങളിൽ പ്രതിരോധ പ്രവ൪ത്തനങ്ങൾ ഊ൪ജിതമാക്കിയിട്ടുണ്ട്. നഗരസഭയുടെ കൂടി സഹകരണം ഉറപ്പാക്കി പ്രതിരോധം ശക്തമാക്കും. ഉമ തോമസ് എംഎൽഎയാണ് വിഷയം ജില്ലാ വികസന സമിതിയിൽ ഉന്നയിച്ചത്.  

കൊച്ചി-മൂന്നാ൪ ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് കോതമംഗലം നഗരസഭയിലും കവളങ്ങാട് പഞ്ചായത്തിലും നിലവിലെ ജലവിതരണ ശൃംഖലയ്ക്കുണ്ടായ തകരാ൪ പരിഹരിക്കാ൯ നടപടി സ്വീകരിച്ചതായി ദേശീയപാത അതോറിറ്റി അറിയിച്ചു. പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണി പൂ൪ത്തിയാക്കി ജലവിതരണം പുനസ്ഥാപിച്ചിട്ടുണ്ട്. ആന്റണി ജോൺ എംഎൽഎയാണ്  സന്ദേശത്തിലൂടെ വിഷയം ഉന്നയിച്ചത്. വന്യമൃഗശല്യം തടയുന്നതിനുള്ള സോളാ൪ ഫെ൯സിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉട൯ പൂ൪ത്തിയാകുമെന്ന് മലയാറ്റൂ൪ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ൪ പറഞ്ഞു. ആ൪കെവിവൈ പദ്ധതി പ്രകാരമാണ് താളുംകണ്ടം ആദിവാസി നഗറിനു ചുറ്റും ഹാംഗിംഗ് സോളാ൪ ഫെ൯സിംഗ് സ്ഥാപിക്കുന്നത്. 

വൈപ്പിനിലെ ഡീ സലൈനേഷ൯ പ്ലാന്റിന്റെ സ്ഥലമെടുപ്പ് സംബന്ധിച്ച പുരോഗതി കെ.എ൯. ഉണ്ണികൃഷ്ണ൯ എംഎൽഎ സന്ദേശത്തിലൂടെ യോഗത്തിലുന്നയിച്ചു. 
പിറവം മണ്ഡലത്തിലെ പാഴൂ൪, കളമ്പൂ൪ പാലങ്ങളുടെ സുരക്ഷാ ഓഡിറ്റ് അടിയന്തിരമായി പൂ൪ത്തിയാക്കണമെന്ന അനൂപ് ജേക്കബ് എംഎൽഎയുടെ നി൪ദേശപ്രകാരം പൊതുമരാമത്ത് വകുപ്പിനെ ഇതിനായി ചുമതലപ്പെടുത്തി. മാമലശേരിയിലെ ഭണ്ഡാരപ്പടി കുടിവെള്ള പദ്ധതിയിൽ പൊട്ടിയ പൈപ്പ് ഉട൯ പുനസ്ഥാപിക്കണം. കൂത്താട്ടുകുളം കെഎസ്ആ൪ടിസി ബസ് സ്റ്റാ൯ഡിൽ എല്ലാ ബസുകളും കയറുന്നുവെന്ന് സ്ക്വാഡിനെ ഉപയോഗിച്ച് ഉറപ്പാക്കാ൯ എംഎൽഎ കെഎസ്ആ൪ടിസിക്ക് നി൪ദേശം നൽകി. എടയ്ക്കാട്ടുവയൽ സ്മാ൪ട്ട് വില്ലേജ് ആക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണം. ആമ്പല്ലൂ൪ മേഖലയിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് തകരാ൪ ഉട൯ പരിഹരിക്കണം. 

മുവാറ്റുപുഴയിലെ മാറാടി, ആരക്കുഴ, പെരുമറ്റം തുടങ്ങിയ സ്ഥലങ്ങളിലെ ഭൂമിയുടെ ന്യായവില നിശ്ചയിച്ചതുമായി ബന്ധപ്പെട്ട അപാകം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മാത്യു കുഴൽനാട൯ എംഎൽഎ സന്ദേശത്തിലൂടെ യോഗത്തിലുന്നയിച്ചു. കനാലുകളിൽ ജലവിതരണം തുടങ്ങുന്നതിന് മു൯പ് മണ്ണ് നീക്കണം, ജലജീവ൯ മിഷ൯ പ്രവ൪ത്തനങ്ങളുടെ ഭാഗമായി റോഡ് പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് അപാകത പരിഹരിക്കണം, വെള്ളൂ൪ക്കുന്നം കോ൪മലയിലെ മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലംസംബന്ധിച്ച നടപടികൾ, പാരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയം എന്നിവയും എംഎൽഎ ഉന്നയിച്ചു. 

തുതിയൂരിലേക്ക് രാത്രിയിൽ ബസ് സ൪വീസ് ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഉമ തോമസ് എംഎൽഎ ആവശ്യപ്പെട്ടു. നാല് ബസുകൾ വീതം ടേൺ ആയി ഓടുന്നത് സംബന്ധിച്ച് തീരുമാനിക്കുന്നതിന് ബസ് ഉടമകളുടെ യോഗം ചേരാ൯ മോട്ടോ൪ വാഹന വകുപ്പിന് നി൪ദേശം നൽകി. കൊച്ചി മെട്രോ നി൪മ്മാണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ മൂലം പൊതുജനങ്ങൾക്ക് റോഡ് മുറിച്ച് കടക്കാ൯ ഏറെ ദൂരം നടക്കേണ്ടി വരുന്നത് വലിയ പ്രശ്നമാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. ഒരു മാസത്തിനകം പാലാരിവട്ടം മുതൽ കുന്നുംപുറം വരെയുള്ള ഭാഗത്തെ റോഡ് വീതികൂട്ടൽ പൂ൪ത്തിയാകുമെന്ന് കെഎംആ൪എൽ അറിയിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനുള്ള തടസം ഉട൯ പരിഹരിക്കാ൯ എംഎൽഎ നി൪ദേശിച്ചു. അദാനി ഗ്യാസ് പൈപ്പ് ലൈ൯ നി൪മ്മാണത്തിനായി അശാസ്ത്രീയമായി റോഡ് വെട്ടിപ്പൊളിക്കുന്നത് സംബന്ധിച്ച് അന്വേഷിക്കാനും എംഎൽഎ നി൪ദേശിച്ചു. 

പറവൂരിലെ മടപ്ലാത്തുരുത്ത് വടക്കേക്കര റോഡ് ഗതാഗതയോഗ്യമാക്കുന്നത് സംബന്ധിച്ച നടപടികൾ പ്രതിപക്ഷ നേതാവിന്റെ പ്രതിനിധി യോഗത്തിലുന്നയിച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൂത്തകുന്നം സ്കൂൾ ഏറ്റെടുക്കുന്ന നടപടികൾ, കോട്ടുവള്ളി മോഡൽ നഴ്സറി സ്കൂളിൽ താത്കാലിക അധ്യാപികയെ നിയമിക്കുന്നത് സംബന്ധിച്ച് തുടങ്ങിയ വിഷയങ്ങളും ഉന്നയിച്ചു. മുളന്തുരുത്തി ആരക്കുന്നം റോഡിന്റെ അറ്റകുറ്റപ്പണികൾ ഉട൯ പൂ൪ത്തീകരിക്കണമെന്ന് ഫ്രാ൯സിസ് ജോ൪ജ് എംപിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. 

ജില്ലാ കളക്ട൪ എ൯എസ്കെ ഉമേഷിന്റെ അധ്യക്ഷതയിൽ കോൺഫറ൯സ് ഹാളിൽ ചേ൪ന്ന ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ വികസന കമ്മീഷണ൪ അശ്വതി ശ്രീനിവാസ്, ജില്ലാ പ്ലാനിംഗ് ഓഫീസ൪ എം.എം. ബഷീ൪, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.

date