വിജ്ഞാന കേരളം: മാസ്റ്റർ ട്രെയിനർമാർക്ക് പരിശീലനം തുടങ്ങി
വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം തൃശൂർ കിലയിൽ ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഉൾപ്പെടെ വടക്കൻ മേഖലയിലെ ഓരോ ജില്ലയിൽ നിന്നും 10 മാസ്റ്റർ ട്രെയിനർമാർക്കാണ് പരിശീലനം.
കേരള നോളെജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ തദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ചുകൊണ്ട് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് വിജ്ഞാന കേരളം.
നിയോജക മണ്ഡലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജോബ്സ്റ്റേഷൻ കേന്ദ്രീകരിച്ചായിരിക്കും പദ്ധതിയുടെ പ്രവർത്തനം. വാർഡ് മെമ്പർ ചെയർപേഴ്‌സൺ ആയ വാർഡ് തല സമിതികൾ യഥാർത്ഥ തൊഴിലന്വേഷകരെ കണ്ടെത്തി തൊഴിലിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. തദ്ദേശസ്വയംഭരണ തലത്തിൽ പ്രസിഡന്റ് ചെയർപേഴ്‌സണായ സമിതി രൂപീകരിക്കും. നിയോജക മണ്ഡല തലത്തിൽ എംഎൽഎമാർ നേതൃത്വം വഹിക്കും.
നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല അധ്യക്ഷയായി. പരിശീലനം ബുധനാഴ്ച സമാപിക്കും.
- Log in to post comments