Skip to main content

ഭിന്നശേഷി ദിനാചരണം; ആലപ്പുഴ ജില്ലാ പഞ്ചായത്ത് സംസ്ഥാനതല പുരസ്കാരം ഏറ്റുവാങ്ങി

ആലപ്പുഴ: അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ ഭിന്നശേഷി അവാര്‍ഡ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഏറ്റുവാങ്ങി. ഭിന്നശേഷി മേഖലയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്ന ജില്ലാ പഞ്ചായത്തിനുള്ള സംസ്ഥാന തല പുരസ്കാരമാണ് വകുപ്പ് മന്ത്രി ആര്‍.ബിന്ദുവില്‍ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ഏറ്റുവാങ്ങിയത്.

ഭിന്നശേഷി വിഭാഗക്കാരുടെ ക്ഷേമത്തിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വ്യത്യസ്തങ്ങളായ പദ്ധതികളാണ് ആലപ്പുഴയെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്.വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഭിന്നശേഷിക്കാരെ കണ്ടെത്തി ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് തുല്യത പരീക്ഷയും പരിശീലനവും നടത്തി.അപേക്ഷിച്ച മുഴുവന്‍പേര്‍ക്കും വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് നല്‍കി.ഗ്രാമപഞ്ചായത്തുകള്‍ക്ക് ഭിന്നശേഷി ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്ക് കൂടുതല്‍ തുക വിഹിതം നല്‍കിയതും ആധുനിക ഇലക്ട്രിക് വീല്‍ച്ചെയര്‍ വിതരണം നടത്തിയതും ഭിന്നശേഷി വിഭാഗക്കാരുടെ തൊഴില്‍മേളയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് അവാര്‍ഡിനായി പരിഗണിച്ചത്.

തൃശൂരില്‍ നടന്ന സംസ്ഥാന തല ഭിന്നശേഷി ദിനാചരണത്തില്‍ പി.ബാലചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി.വനിതാ-സാമൂഹിക നീതി വകുപ്പ് മന്ത്രി പ്രഫ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു പുരസ്കാര വിതരണം നടത്തി. ആലപ്പുഴ ജില്ലാ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് കെ.ജി രാജേശ്വരി,വൈസ് പ്രസിഡന്റ് എന്‍.എസ് ശിവപ്രസാദ്,ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ടി.എസ് താഹ,ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍ ദേവദാസ്,ജില്ലാ സാമൂഹിക നീതി ഓഫീസര്‍ എ.ഒ അബീന്‍,ജില്ലാ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ ഏറ്റുവാങ്ങി.

date