വരൂ... കാഴ്ചാപരിമിതരോട് ഐക്യപ്പെടാം
കാഴ്ചാപരിമിതര്‍ നിത്യജീവിതത്തില്‍ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് നമ്മള്‍ ചിന്തിക്കാറുണ്ടോ? കേള്‍വിയും സ്പര്‍ശവും കൊണ്ട് തിരക്കേറിയ റോഡിലും റെയില്‍വേ ക്രോസിലും സുരക്ഷിതമായി അവര്‍ നടന്നുപോകുന്നതെങ്ങനെയെന്ന് ചിന്തിക്കാന്‍ കഴിയുമോ? അതിന്റെ നേരനുഭവം പകര്‍ന്നുതരികയാണ് മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അകക്കാഴ്ച എന്ന പേരില്‍ സജ്ജീകരിച്ചിരിക്കുന്ന ഡാര്‍ക്ക് റൂം. കൂരിരുട്ടിലൂടെ കാടും മേടും ചതുപ്പും ജലാശയങ്ങളും നിറഞ്ഞ, സുരക്ഷിതമല്ലാത്ത വഴികള്‍ കടന്ന് വേണം മുന്നോട്ടുനീങ്ങാന്‍. റോഡും റെയിലും പാലവും കടന്നു വേണം യാത്രചെയ്യാന്‍. അവശ്യഘട്ടങ്ങളില്‍ മാത്രം ഒരു വഴികാട്ടി നിങ്ങളുടെ സഹായത്തിനെത്തും.
കാഴ്ചാപരിമിതരുടെ പ്രയാസങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ പൊതുജനങ്ങളെ ക്ഷണിക്കുകയാണ് ജില്ലാഭരണകൂടവും സാമൂഹ്യനീതി വകുപ്പും. വടകര ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റ്, കോഴിക്കോട് ആസ്റ്റര്‍ വളന്റിയേഴ്‌സ്, അബേറ്റ് കണ്ണാശുപത്രി എന്നിവര്‍ ചേര്‍ന്നാണ് ഡാര്‍ക്ക് റൂം ഒരുക്കുന്നത്. ഇന്ന് (ഡിസംബര്‍ 5) രാവിലെ 10 മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.
- Log in to post comments