മലയാള സിനിമയെ സർഗാത്മക സാംസ്‌കാരിക വ്യവസായമായി വളർത്തും: മന്ത്രി സജി ചെറിയാൻ
പ്രധാനപ്പെട്ട ഫിലിം ഫെസ്റ്റിവലുകളിൽ നിർണായക സ്ഥാനം വഹിക്കുന്ന ഫിലിം മാർക്കറ്റുകൾ പോലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന കേരള ഫിലിം മാർക്കറ്റ് രണ്ടാം പതിപ്പിലേക്ക് എത്തുമ്പോൾ പരിമിതികൾ മറികടന്ന് ഏറെ ദൂരം മുന്നോട്ടു പോയിട്ടുണ്ടെന്ന് ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിനിമ-ഏവിജിസി-എക്‌സ്ആർ മേഖലകളിലെ നൂതന അറിവ് ലഭ്യമാക്കുക, മലയാള സിനിമയുടെ ആഗോള വാണിജ്യസാധ്യത വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ചതാണ് കേരള ഫിലിം മാർക്കറ്റ്. ആദ്യപതിപ്പിൽ നിന്ന് വ്യത്യസ്തമായി കെഎഫ്എം രണ്ടാം പതിപ്പിൽ മൂന്ന് ഘടകങ്ങളാണ് പ്രധാനമായുളളത്. ബി2ബി മീറ്റിങ്ങ്, ശിൽപ്പശാലകൾ, മാസ്റ്റർ ക്ലാസുകൾ എന്നിവ മൂന്ന് ദിവസങ്ങളിലായി മൂന്ന് വേദികളിലായി നടക്കും. ലോകോത്തര നൂതന സാങ്കേതികവിദ്യകൾ ലഭ്യമാക്കുക വഴി മലയാള സിനിമയെ സർഗാത്മക സാംസ്‌കാരിക വ്യവസായമായി വളർത്തുകയാണ് ലക്ഷ്യം. ഇതേ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ആദ്യഘട്ടം 2025ൽ ഉദ്ഘാടനം ചെയ്യുന്നതിന് തയ്യാറായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇരുപത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും (കെ.എസ്.എഫ്.ഡി.സി) ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഫിലിം മാർക്കറ്റിന്റെ (കെ.എഫ്.എം -2) രണ്ടാം പതിപ്പ് ഉദ്ഘാടനം പിയാനോ സംഗീതോപകരണം വായിച്ചു നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെ സി ഡാനിയൽ പുരസ്‌കാരം നേടിയ കെഎസ്എഫ്ഡിസി ചെയർമാൻ കൂടിയായ പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുണിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ചടങ്ങിൽ തിരുവനന്തപുരം എംഎൽഎ ആന്റണി രാജു അധ്യക്ഷത വഹിച്ചു.
കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, വിദേശ രാജ്യങ്ങളുടെ സാംസ്‌കാരിക പ്രതിനിധികളായി ഐഎഫ്എഫ്‌കെ ക്യൂറേറ്ററും ഫിലിം മാർക്കറ്റ് കൺസൽറ്റന്റുമായ ഗോൾഡ സെല്ലം, മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫ്രോൺസെ അറ്റാഷെ മാത്യൂ ബിജോ, അലയൻസ് ഫ്രോൺസെ ഡയറക്ടർ മാർഗോട്ട് മിഷോഡ്, കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടർ പ്രിയദർശനൻ പി എസ്, കെഎസ്എഫ്ഡിസി ഭരണസമിതി അംഗങ്ങളായ എം.എ. നിഷാദ്, പി സുകുമാർ, ജിത്തു കോലിയാട്, ഷെറിൻ ഗോവിന്ദൻ എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ്. 5606/2024
- Log in to post comments