അംഗീകാരമില്ലാത്ത സ്ഥാപനത്തിൽ നിന്നും വയോജനങ്ങളെ മാറ്റി; സ്ഥാപനത്തിനെതിരെ നടപടി
കളർകോട് അംഗീകാരമില്ലാതെ പ്രവർത്തിച്ചു വന്നിരുന്ന മരിയഭവൻ എന്ന സ്ഥാപനത്തിൽ നിന്നും വയോജനങ്ങളെ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തിൽ അംഗീകൃത സ്ഥാപനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. സ്ഥാപനത്തിലെ താമസക്കാരിയുടെ ആരോഗ്യനില വളരെ മോശമാണെന്നും ചികിത്സയും പരിചരണവും ലഭിക്കുന്നില്ലെന്നും ജില്ലാ കളക്ടർക്ക് പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടിയുണ്ടായത്. ആരോഗ്യനില മോശമായ താമസക്കാരിയെ ഐ സി ഡി എസ് ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവർ മുഖേന വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ മെഡിക്കൽ കോളേജിലെ ഇ.എൻ.ടി വകുപ്പ് മേധാവിയുമായി ബന്ധപ്പെട്ട് താമസക്കാരിക്ക് ആവശ്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കിയിട്ടുണ്ട്.
നിലവിൽ സ്ഥാപനത്തിൽ ആറ് താമസക്കാരാണ് ഉണ്ടായിരുന്നത്. സ്ഥാപനത്തിലെ അടുക്കളയും മറ്റും വൃത്തിഹീനമായ സ്ഥിതിയിലാണ് കാണപ്പെട്ടത്. പുന്നപ്ര വടക്ക് പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും സ്ഥാപനം സന്ദർശിച്ച് പരിശോധന നടത്തി. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുന്നതിന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അബീൻ.എ.ഒ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ജില്ലാ സാമൂഹ്യനീതി ഓഫീസിലെ സീനിയർ സൂപ്രണ്ട് സ്മിത.എം.വി, ജൂനിയർ സൂപ്രണ്ട് സലീഷ്‌കുമാർ.എസ്.സി, ഒ.സി.ബി കൌൺസിലർമാരായ അനില, രശ്മി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ജില്ലയിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന വയോജന മന്ദിരങ്ങളോ മറ്റ് ക്ഷേമ സ്ഥാപനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അറിയിക്കാവുന്നതാണ്. ഫോൺ നമ്പർ.04772253870.
- Log in to post comments