Skip to main content

കോര്‍പ്പറേഷന്‍ ഗ്ലോബല്‍ ജോബ് ഫെയര്‍; പിന്തുണയുമായി വ്‌ളോഗര്‍മാര്‍

 

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജനുവരി 11, 12 തീയ്യതികളില്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്തുന്ന ഗ്ലോബല്‍ ജോബ് ഫെയറിന് പൂര്‍ണ പിന്തുണയുമായി വ്‌ളോഗേഴ്‌സ് കൂട്ടായ്മ. സമൂഹമാധ്യമങ്ങളിലെ താരങ്ങളായ മുപ്പതോളം താരങ്ങളാണ് ഗ്ലോബല്‍ ജോബ് ഫെയറിന്റെ പ്രചാരകരാകാന്‍ സന്നദ്ധത അറിയിച്ചെത്തിയത്. വരുംദിവസങ്ങളില്‍ ഗ്ലോബല്‍ ജോബ് ഫെയറുമായി ബന്ധപ്പെട്ട പ്രചരണത്തില്‍ വ്‌ളോഗര്‍മാരുമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് മേയര്‍ മുസ്‌ലിഹ് മഠത്തിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വ്‌ളോഗര്‍മാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നാടിന് ഉപകാരപ്പെടുന്ന കോര്‍പ്പറേഷന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് വ്‌ളോഗര്‍മാര്‍ പറഞ്ഞു. 29ന് ഞായറാഴ്ച വൈകിട്ട് പയ്യാമ്പലം ബീച്ചില്‍ നടക്കുന്ന വാക് വിത്ത് മേയര്‍ പരിപാടിയിലും വ്‌ഗോളര്‍മാര്‍ പങ്കെടുക്കും. കൂടാതെ പ്രചരണ ക്യാമ്പയിന്റെ ഭാഗമായുള്ള എല്ലാപ്രവര്‍ത്തനങ്ങളിലും പങ്കെടുക്കും. ലോകത്തെ തന്നെ മുന്‍നിര സെലിബ്രിറ്റികളേക്കാള്‍ യൂട്യൂബ് സബ്‌സ്‌ക്രൈബഴ്‌സുള്ള മയ്യില്‍ പാവന്നൂര്‍ മൊട്ടയിലെ കെഎല്‍ ബ്രോ ബിജു റിഥ്വികിനെ ചടങ്ങില്‍ മേയര്‍ ആദരിച്ചു. ഡെപ്യൂട്ടി മേയര്‍ അഡ്വ. പി ഇന്ദിര, സ്ഥിരംസമിതി അധ്യക്ഷരായ ഷാഹിന മൊയ്തീന്‍, സിയാദ് തങ്ങള്‍,  സുരേഷ് ബാബു എളയാവൂര്‍,  ചേമ്പര്‍ സെക്രട്ടറി സി അനില്‍കുമാര്‍, ട്രഷറര്‍ കെ നാരായണന്‍കുട്ടി, വ്‌ളോഗര്‍മാരായ ജിനീഷ് വയലപ്ര, റഫ്‌സീന ബീഗം, ഷാഫി മുണ്ടേരി, വി കെ ആദിത്യന്‍, ത്വഹ പുറത്തീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ക്യാമ്പയിന്റെ ഭാഗമായി വേറിട്ട വിവിധ പരിപാടികളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഉദ്യോഗാര്‍ഥികള്‍ക്ക് www.kannurglobaljobfair.com എന്ന വെസ്‌ബൈറ്റിലൂടെ ഗ്ലോബല്‍ ജോബ് ഫെയറിനായി രജിസ്റ്റര്‍ ചെയ്യാം. തൊഴിലധിഷ്ഠിത എക്സ്പോ, എജ്യുക്കേഷന്‍ ആന്‍ഡ് കരിയര്‍ ഫെസ്റ്റിവല്‍, ആഗോള തൊഴില്‍ വിപണിയെ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍, പ്രസന്റേഷനുകള്‍, കോര്‍പറേറ്റ് മേഖലയിലെ പ്രമുഖരുമായി മുഖാമുഖം, വിദേശങ്ങളില്‍ തൊഴിലിനൊപ്പം ഉപരിപഠനവും ആഗ്രഹിക്കുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ നിരവധി സെഷനുകളും ജോബ് ഫെയറിന്റെ ഭാഗമായി നടക്കും.

date