Skip to main content

ദേശീയ സരസ് മേളയുടെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ അവലോകന യോഗം മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്തു

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍  ജനുവരി 20 മുതല്‍ 31 വരെ ചെങ്ങന്നൂരില്‍ സംഘടിപ്പിക്കുന്ന  ദേശീയ സരസ്  മേളയുടെ ഒരുക്കങ്ങൾ  അന്തിമ ഘട്ടത്തിൽ. സരസ് മേള സംഘാടക സമിതി അധ്യക്ഷനായ  ഫിഷറീസ്-സാംസ്കാരിക-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ  പുന്നപ്ര വടക്ക് പഞ്ചായത്തിലെ ഇഎംഎസ് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന മേളയുടെ അവലോകന യോഗം  ഉദ്‌ഘാടനം ചെയ്തു. 

കുടുംബശ്രീ  2025 സംരംഭകത്വ വർഷമായി മാറ്റണമെന്നും  ലോകത്തിലെ മാറ്റങ്ങൾക്ക് അനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ  വിപണിയിലെത്തിക്കാൻ  കുടുംബശ്രീ മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ ഉൽപ്പന്നങ്ങൾക്ക് നമ്മുടെ നാട്ടിൽ മാത്രമല്ല  രാജ്യത്തിന്  പുറത്തും വിപണി കണ്ടെത്താൻ നമ്മുക്ക് സാധിക്കണമെന്നും അതിനുവേണ്ടി  പുതിയ ആശയങ്ങൾ  കണ്ടെത്താനുള്ള ഒരു വർഷയമായി ഈ പുതു വർഷത്തെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ മന്ത്രി മേളയുടെ  ഭാഗ്യചിഹ്നവും പോസ്റ്ററും തീം സോങും  പ്രകാശനം ചെയ്തു. മേളയോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച ഭാഗ്യ ചിഹ്നം, പോസ്റ്റർ മത്സരത്തില്‍ പത്തനംതിട്ട സീതത്തോട് സ്വദേശി നിതിന്‍  വിജയിയായി.  ഒരു കൈയ്യില്‍ കരിമീനുമായി കുഞ്ഞുവള്ളം തുഴയുന്ന താറാവിന്‍കുഞ്ഞിന്‍റെ ചിത്രമാണ് ഭാഗ്യചിഹ്നമായി തെരഞ്ഞടുത്തത്. തീം സോങ്ങ് മത്സരത്തില്‍  ഭരണിക്കാവ് പഞ്ചായത്തിലെ കൈരളി അയല്‍ക്കൂട്ട അംഗമായ പി.ജയലക്ഷ്മിയാണ് വിജയി. ഇരുവര്‍ക്കും സരസ് മേളയുടെ സമാപന ചടങ്ങിൽ ക്യാഷ് പ്രൈസ് സമ്മാനിക്കും.

മന്ത്രി  മേളയുടെ  പോസ്റ്റർ   ജില്ലാ കളക്ടർ  അലക്സ് വര്‍ഗീസിനും  ഭാഗ്യ ചിഹ്നം  (ചീരു താറാവ്)   തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ്‌ ഡയറക്ടർ  എസ് ശ്രീകുമാർ ,    തീം സോങ്ങ്  മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചറിനും നൽകി പ്രകാശനം ചെയ്തു.

ജില്ലാ കളക്ടർ അലക്സ് വർഗീസ് അധ്യക്ഷത വഹിച്ചു . കുടുംബശ്രീ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ എസ് രഞ്ജിത്ത്, വിവിധ സബ് കമ്മിറ്റി ചെയർമാന്മാർ, കൺവീനർമാർ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ,  ജനപ്രതിനിധികൾ,  സെക്രട്ടറിമാര്‍,  സി.ഡി.എസ് ചെയർപേഴ്സൺമാർ, പൊലീസ്  ഉദ്യോഗസ്ഥർ,  കുടുംബശ്രീ ജില്ലാ മിഷന്‍ ഭാരവാഹികള്‍, വിവിധ ഉദ്യോഗസ്ഥർ എന്നിവര്‍ പങ്കെടുത്തു.

date