Skip to main content

കുട്ടികളുടെ സംരക്ഷണം: രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം

 

ജില്ലയില്‍ കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ രക്ഷിതാക്കള്‍ക്കായി സമഗ്ര ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ചൈല്‍ഡ്‌ലൈന്‍ ഉപദേശക സമിതി യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പി.ടി.എ., മദര്‍ പി.ടി.എ., കുടുംബശ്രീ യൂണിറ്റുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, മറ്റ് സാമൂഹ്യസേവന സംഘടനകള്‍ എന്നിവയുമായി സഹകരിച്ചാവും പ്രവര്‍ത്തനങ്ങള്‍ നടത്തുക. വിദ്യാലയ പി.ടി.എ. കമ്മിറ്റികളില്‍ കുട്ടികളുടെ പ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ സ്വീകരിക്കും. ബാലവേല, ബാലവിവാഹം എന്നിവ തടയുന്നതിന് കര്‍മ്മ പദ്ധതി തയ്യാറാക്കും. എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും അടുത്ത വര്‍ഷം ബാലസൗഹൃദ പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും. ഇതിനായി കുട്ടികളുടെ ബാലസഭകള്‍, ബാല പഞ്ചായത്തുകള്‍ എന്നിവയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കും. പഞ്ചായത്തുകളിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനുള്ള നടപടികളും യോഗം ചര്‍ച്ച ചെയ്തു.

എ.ഡി.എം. അജീഷ്.കെ. അധ്യക്ഷത വഹിച്ചു. ചൈല്‍ഡ്‌ലൈന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ മനോജ് ജോസഫ്, ഡയറക്ടര്‍ സി.കെ. ദിനേശന്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ മജേഷ് രാമന്‍, മുഹമ്മദ് അഫ്‌സല്‍.കെ.കെ., അമല്‍ ജിത്ത് തോമസ്, ജില്ലാ ജുവനൈല്‍ പോലീസ് ഓഫീസര്‍ വി.പി. സുരേന്ദ്രന്‍, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ കെ.പ്രഭാകരന്‍, മാനന്തവാടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭ രാജന്‍, എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡ് നജ്മുദ്ദീന്‍. എം., എസ്.എസ്.എ. പ്രൊജക്ട് ഓഫീസര്‍ ജി.എന്‍. ബാബുരാജ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എന്‍. കാസിം, ജില്ലാ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.നിസ്സ എന്നിവര്‍ സംസാരിച്ചു.

date