വിദ്യാര്‍ത്ഥികളുടെ കത്തിലെ പരാതിയില്‍ നടപടിയെടുത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി
കൊച്ചി: മൂവാറ്റുപുഴ ഈസ്റ്റ് മാറാടി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് എഴുതിയ കത്തിലെ പരാതിക്ക് പരിഹാരവുമായി മന്ത്രിയുടെ ഇടപെടല്‍. ലോക തപാല്‍ ദിനത്തിലാണ് ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെയും വിവിധ ക്ലബുകളുടെയും നേതൃത്വത്തില്‍ മൂവാറ്റുപുഴ - കൂത്താട്ടുകുളം എം.സി റോഡില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വാഹന അപകടങ്ങളുടെ കാരണവും റോഡ് നിര്‍മ്മാണത്തില്‍ അപാകതകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് നൂറ്റി ഒന്ന് കത്തുകള്‍ അയച്ചത്. ഈ പരാതിയില്‍ മന്ത്രി നേരിട്ട് ഇടപെടുകയും തുടര്‍ അന്വേഷണത്തിനായി പൊതുമരാമത്ത് വകുപ്പ് എറണാകുളം ജില്ലാ ഓഫീസിലും മൂവാറ്റുപുഴ ഓഫീസിലെയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍ മുഹമ്മദ് ഉമറിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. സ്ഥിരം അപകടം നടന്ന റോഡും റോഡിന്റെ നിര്‍മ്മാണത്തിലുണ്ടായ അപാകതകളും രേഖപ്പെടുത്തി.ഇതിനോടൊപ്പം കഴിഞ്ഞ ഒരു വര്‍ഷക്കാലം നടന്ന റോഡപകടങ്ങളുടെ കണക്കെടുക്കാനുള്ള നിര്‍ദ്ദേശം ട്രാഫിക് പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തു.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റോണി മാത്യു, പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി.പി, അസീസ് കുന്നപ്പള്ളി, വിദ്യാര്‍ത്ഥികളായ ബന്യാമിന്‍, അരവിന്ദ് അശോകന്‍, മുഹമ്മദ് അര്‍ഷാദ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
ക്യാപ്ഷന്‍: പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എം.സി.റോഡില്‍ സന്ദര്‍ശനം നടത്തുന്നു.
- Log in to post comments