Skip to main content

നേത്ര പരിശോധന ക്യാമ്പ് നടത്തി

പെരുമ്പാവൂര്‍: പ്രമേഹ ജന്യരോഗികള്‍ക്കാശ്വാസമായി വേങ്ങൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേത്ര പരിശോധനാ ക്യാമ്പ്. കൂവപ്പടി ബ്ലോക്ക് പഞ്ചയത്തിലെ് വേങ്ങൂര്‍ സി.എച്ച് .സി യുടെ നേതൃത്വത്തിലാണ് പ്രമേഹ ജന്യ നേത്ര രോഗങ്ങള്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. പ്രമേഹം മൂലമുള്ള നേത്രപടല രോഗങ്ങള്‍ കണ്ടെത്താനും , കണ്ണിനെ ബാധിക്കുന്ന ഗുരുതര രോഗങ്ങളായ ഡയബറ്റിക് റെറ്റിനോപ്പതി ,ഗ്ലൂക്കോമ എന്നിവ തുടക്കത്തിലെ കണ്ടു പിടിക്കാനുമാണ് ക്യാമ്പ് നടത്തിയത്.  നൂതന ഉപകരണമായ നോണ്‍ മൈഡ്രിയാറ്റിക് ഫണ്ടസ് ക്യാമറ ഉപയോഗിച്ചാണ് രോഗനിര്‍ണയം ് നടത്തിയത്. ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങള്‍ ഐഫോണ്‍ വഴി വിദഗ്ദ്ധ നേത്രരോഗ ഡോക്ടര്‍മാര്‍ക്ക് അയച്ചു കൊടുക്കുകയും അവര്‍ ചികിത്സ നിര്‍ദ്ദേശിക്കുകയുമാണ് ചെയ്യുന്നത്. സംസ്ഥാനത്ത് തന്നെ ഈ ഉപകരണം സ്വന്തമായുള്ള ഏക സാമൂഹ്യാരോഗ്യ കേന്ദ്രമാണ് വേങ്ങൂര്‍. കൂവപ്പടി ബ്ലോക്കിന്റെ വാര്‍ഷിക പദ്ധതിയില്‍ പെടുത്തിയാണ് ഈ ഉപകരണം വാങ്ങിയത്.  സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലെ മുഴുവന്‍ പ്രമേഹ രോഗികളുടെയും നേത്ര പരിശോധന ഉറപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. 

 

ഇതിനായി നേരത്തെ മുടക്കുഴയില്‍ നേത്ര പരിശോധനാ ക്യാമ്പ് നടത്തിയിരുന്നു. ഇരുനൂറിലധികം പേരാണ് ആ ക്യാമ്പില്‍ പങ്കെടുത്തത്. പ്രമേഹ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതോടൊപ്പം പ്രമേഹ ജന്യ നേത്രരോഗങ്ങളും അപകടകരമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരായ ആളുകള്‍ക്ക് ഇത്തരം പരിശോധനാ സംവിധാനങ്ങള്‍ ഏറെ പ്രയോജനപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കോടനാട് സംഘടിപ്പിച്ച ക്യാമ്പില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  മിനി ബാബു അദ്ധ്യക്ഷത വഹിച്ചു.  മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി.തങ്കച്ചന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി.വര്‍ഗീസ് , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കുഞ്ഞുമോള്‍ തങ്കപ്പന്‍ ,ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജാന്‍സി ജോര്‍ജ് ബ്ലോക്ക് പഞ്ചായത്തംഗം എം പി.പ്രകാശ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായകൃഷ്ണകുമാര്‍, അംഗങ്ങളായ , മിനി ജോസ്, സിന്ധു അരവിന്ദ്, ഫെജിന്‍ പോള്‍, ഡോ .വിക്ടര്‍ ഫെര്‍ണ്ണാണ്ടസ്, പ്രശാന്ത്  എന്നിവര്‍ സംസാരിച്ചു.

date