Skip to main content

ജില്ലയിലെ ഇലക്ട്രോണിക് മാലിന്യങ്ങളും ആപത്കരമായ മാലിന്യങ്ങളും ശേഖരിച്ച് സംസ്‌കരിക്കും

കൊച്ചി : ഇ-മാലിന്യവും ആപത്കരമായ മാലിന്യവുമില്ലാത്ത എറണാകുളം (ഇ  വേയ്സ്റ്റ് ആന്റ് ഹസ്സാര്‍ഡസ് വേയ്സ്റ്റ് ഫ്രീ) എന്ന  പദ്ധതിയില്‍ ജില്ലയിലെ ഇലക്ട്രോണിക് മാലിന്യങ്ങളും ആപത്കരമായ മാലിന്യങ്ങളും ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കും. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമാണ് ഈ മാലിന്യങ്ങള്‍ ശേഖരിക്കുക.  ക്ലീന്‍ കേരളാ കമ്പനി മുഖേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ പുനഃചംക്രമണത്തിന് വിധേയമാക്കും. ആപത്കരമായ മാലിന്യങ്ങള്‍ കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനവുമായി ചേര്‍ന്ന് സംസ്‌കരിക്കും. പദ്ധതിയിലൂടെ വിവിധ ഏജന്‍സികളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ജില്ലയെ ഇ - മാലിന്യ, ആപത്കര മാലിന്യമുക്ത ജില്ലയും ആക്കുകയാണ് ലക്ഷ്യം.

 

 

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഇ-മാലിന്യങ്ങള്‍ ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ക്ലീന്‍ കേരളാ കമ്പനി വഴി ശേഖരിക്കും.  മാലിന്യങ്ങളുടെ വിവരങ്ങള്‍  ശുചിത്വമിഷന്‍ നല്കുന്ന പ്രൊഫോര്‍മയില്‍ രേഖപ്പെടുത്തി ewasteekm@gmail.com  എന്ന ഇ മെയിലില്‍  ഡിസംബര്‍ 30-ന് മുമ്പ് അയയ്ക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇ-മാലിന്യം സ്‌കൂള്‍,കോളജ് എന്‍എസ്എസ് യൂണിറ്റുകള്‍ മുഖേന പഞ്ചായത്തുകളും നഗരസഭയും ശേഖരിക്കും. ഐടിഅറ്റ്‌സ്‌കൂള്‍ മുഖേന നിലവില്‍ ഈ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍  പദ്ധതിയുമായി ഏകോപിപ്പിക്കും. 

പൊതുജനങ്ങള്‍,  റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരില്‍നിന്നും ഗ്രാമപഞ്ചായത്തും നഗരസഭയും ഇ - മാലിന്യങ്ങളും ആപത്കരമായ മാലിന്യങ്ങളും ശേഖരിക്കും.  ഇതിനനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. പഞ്ചായത്തുകളിലും നഗരസഭകളിലും ഇതിനായി ഒരു നോഡല്‍ ഓഫീസറെ നിയോഗിക്കും. ശേഖരിക്കുന്ന  മാലിന്യം തദ്ദേശസ്ഥാപനങ്ങള്‍ ക്‌ളീന്‍ കേരള കമ്പനിക്ക് കൈമാറും.

 ആപതകരമായ മാലിന്യങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ ക്‌ളീന്‍ കേരള കമ്പനിക്ക് കിലോഗ്രാമിന് 40 രൂപ നിരക്കില്‍ നല്കും.  സര്‍ക്കാര്‍- സര്‍ക്കാരിതര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും ആപത്കരമല്ലാത്ത വസ്തുക്കള്‍ അടങ്ങിയിട്ടുള്ള ഇ മാലിന്യങ്ങള്‍ ശേഖരിക്കുന്ന സാഹചര്യത്തില്‍ ക്‌ളിന്‍ കേരള കമ്പനി ഇ-മാലിന്യങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് / വ്യക്തികള്‍ക്ക് കിലോഗ്രാമിന് പത്തുരൂപ നിരക്കില്‍ നല്കും

ടെലിവിഷന്‍, കമ്പ്യൂട്ടര്‍ , മൊബൈല്‍ ഫോണുകള്‍ , മിക്‌സി, ഗ്രൈന്‍ഡര്‍ മുതലായ അടുക്കളഉപകരണങ്ങള്‍ , എയര്‍ കണ്ടീഷനുകള്‍ , വാഷിംഗ് മെഷീനുകള്‍ എന്നിവ ഇ- മാലിന്യത്തില്‍ ഉള്‍പ്പെടും. ബാറ്ററികള്‍, പഴകിയ മരുന്നുകള്‍, തെര്‍മോമീറ്റര്‍ , ഫ്‌ളൂറസന്റ്  ട്യൂബുകള്‍,  സിഎഫ്എല്‍ ബള്‍ബുകള്‍ , ഫ്‌ളോപ്പി ഡിസ്‌ക്കുകള്‍ എന്നിവ ആപത്കരമായ മാലിന്യത്തില്‍ ഉള്‍പ്പെടും.

date