Skip to main content

നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും യുവത വനിതാ മതിലിനൊപ്പം: യുവജന കമ്മീഷന്റെ നവോത്ഥാന മഹാസംഗമം ഇന്ന് (21) കോഴഞ്ചേരിയില്‍

 

യുവത വനിതാ മതിലിനൊപ്പം എന്ന സന്ദേശവുമായി സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നവോത്ഥാന മഹാസംഗമം ഇന്ന് (21) ഉച്ചകഴിഞ്ഞു മൂന്നിന് കോഴഞ്ചേരിയില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നവോഥാന മൂല്യങ്ങളും, സ്ത്രീ പുരുഷ സമത്വവും ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ആശയപ്രചാരണത്തിന്റെ ഭാഗമായി ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ദേശീയ പാതയില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനാണ് നവോത്ഥാന മഹാസംഗമം സംഘടിപ്പിച്ചിട്ടുള്ളത്. കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം അധ്യക്ഷയാകും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, യാക്കോബായസഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. 

എംഎല്‍എമാരായ വീണാ ജോര്‍ജ്, രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, മാത്യു ടി തോമസ്, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, മുസ്ലിം പണ്ഡിതന്‍ എ.എന്‍. നിസാമുദീന്‍ മൗലവി, ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ. വിനീത്, മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു, ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ. അനന്തഗോപന്‍, കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ.ഫിലിപ്പോസ് തോമസ്, ദേശാഭിമാനി ഡയറക്ടര്‍ കെ.പി. ഉദയഭാനു, പിന്നോക്ക വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ എ.പി. ജയന്‍, പിഎസ് സി അംഗം അഡ്വ. റോഷന്‍ റോയി മാത്യു, പ്രശസ്ത സിനിമാ താരം മല്ലിക സുകുമാരന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി. നായര്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, സാഹിത്യകാരന്‍ എസ്. കലേഷ്, യുവ നടന്‍മാരായ അനന്തു ഷാജി, ദിപുല്‍ മനോഹര്‍, യുവ കവികളായ ജിനു കൊച്ചുപ്ലാമൂട്ടില്‍, കാശിനാഥന്‍, യുവജന കമ്മീഷന്‍ അംഗം അഡ്വ.കെ.യു. ജനീഷ് കുമാര്‍, സെക്രട്ടറി ഡി. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 

ഇന്ന് (21 ) നവോത്ഥാന ചരിത്ര സ്മാരകങ്ങളില്‍നിന്ന് ദീപശിഖാ ജാഥകള്‍ സംഗമ നഗരിയിലേക്ക് പുറപ്പെടും. മൂക്കുത്തിസമരം നടന്ന പന്തളം ചന്തയില്‍നിന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി കെ സതി ജാഥാ ക്യാപ്റ്റന്‍ യുവനടന്‍ അനന്തു ഷാജിക്കും മൂലൂര്‍ സ്മാരകത്തില്‍നിന്ന് മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍ യുവനടന്‍ ദിപുല്‍ മനോഹറിനും പൊയ്കയില്‍ കുമാരഗുരുദേവന്‍ സ്മാരകത്തില്‍നിന്ന് ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസൂയാദേവി യുവകവി ജിനു കൊച്ചുപ്ലാമൂട്ടിലിനും മല്ലപ്പള്ളിയില്‍നിന്ന് പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേല്‍ യുവകവി കാശിനാഥനും ദീപശിഖ കൈമാറും. 

ജാഥ വിവിധ നവോത്ഥാന ചരിത്ര സ്മാരകങ്ങളിലൂടെ സഞ്ചരിച്ച് ഉച്ചകഴിഞ്ഞു രണ്ടിന് കോഴഞ്ചേരി തെക്കേമലയില്‍ സംഗമിച്ച് സി. കേശവന്‍ നഗറിലെത്തും. അവിടെ 2.30 മുതല്‍ കനവ് നവോത്ഥാന കലാമേള നടക്കും. മഹാസംഗമത്തിന്റെ പ്രചാരണാര്‍ഥം നവോത്ഥാന സന്ദേശ കലാജാഥ ജില്ലയില്‍ പര്യടനം നടത്തി. ഇതോടനുബന്ധിച്ച് കോഴഞ്ചേരി കമ്യൂണിറ്റി ഹാളില്‍ നടന്നുവരുന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ നവോഥാന ചരിത്ര ചിത്രങ്ങളുടെ പ്രദര്‍ശനത്തിനും ഇന്ന് സമാപനമാകും.

                (പിഎന്‍പി 4118/18)

date