Skip to main content
നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് പുതുതായി പണികഴിപ്പിച്ച പില്‍ഗ്രിം സെന്‍ററിന്‍റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു.

നിലയ്ക്കല്‍ പില്‍ഗ്രിം സെന്‍റര്‍ ഉദ്ഘാടനം  ചെയ്തു

    ശബരിമല തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനും വിരിവയ്ക്കുന്നതിനും ദേവസ്വം ബോര്‍ഡ് നിലയ്ക്കലില്‍ പണി കഴിപ്പിച്ച പില്‍ഗ്രിം സെന്‍ററിന്‍റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി നിലയ്ക്കലിനെ ശബരിമലയുടെ ബേസ് ക്യാമ്പാക്കി വികസിപ്പിക്കുന്നതിലെ ഒരു പ്രധാന ചുവടുവയ്പാണ് പുതിയ പുതിയ പില്‍ഗ്രിം സെന്‍ററെന്ന് മന്ത്രി പറഞ്ഞു. ശബരിമല സീസണില്‍ സംസ്ഥാനത്തെത്തുന്ന തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മുന്തിയ പരിഗണനയാണ്  സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ഇതിന്‍റെ ഭാഗമായാണ് സംസ്ഥാനമൊട്ടാകെയു ള്ള 37 ഇടത്താവളങ്ങള്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ പണം അനുവദിച്ചത്. 12 കോടി മുതല്‍ 17 കോടി രൂപ വരെയാണ് ഓരോ ഇടത്താവളങ്ങളെയും വികസിപ്പിക്കുന്നതിനായി ചെലവഴിക്കുന്നത്. ഉത്സവകാലത്ത് ഭക്തജനങ്ങള്‍ക്കും അല്ലാത്തസമയത്ത് മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടുത്തക്കവിധത്തിലാണ് ഇടത്താവളങ്ങള്‍ നവീകരിക്കുന്നത്. ഇതില്‍ ഒമ്പത് ഇടത്താവളങ്ങളുടെ നവീകരണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ 37 ഇടത്താവളങ്ങളുടെയും പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്‍റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെയുള്ള ഈ ഇടത്താവളങ്ങളുടെ പണി പൂര്‍ത്തിയാകുന്നതോടെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഉള്‍പ്പെടെയെത്തുന്ന തീര്‍ഥാടകര്‍ക്ക് സംസ്ഥാനത്തൊട്ടാകെ മെച്ചപ്പെട്ട വിശ്രമ സൗകര്യങ്ങള്‍ ലഭ്യമാകും. 
കഴിഞ്ഞ 23 ദിവസത്തെ തീര്‍ഥാടനം വിലയിരുത്തിയതില്‍ ഓരോദിവസവും വാഹനങ്ങളുടെയും തീര്‍ഥാടകരുടെയും എണ്ണത്തില്‍ വര്‍ദ്ധനവാണുണ്ടായിക്കൊണ്ടിരിക്കുന്നത്. മണ്ഡലപൂജ നടക്കുന്ന ഡിസംബര്‍ 26ഓടെ തീര്‍ഥാടകരുടെ പ്രവാഹം അതിന്‍റെ പാരമ്യതയിലെത്തും. ഈ സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങളെ പമ്പയിലേക്ക് കടത്തിവിടാതെ കെഎസ്ആര്‍ടിസി ബസുകള്‍ മാത്രം സര്‍വീസ് നടത്തേണ്ടിവരും. ഇതിനുവേണ്ടി നിലയ്ക്കലില്‍ കാടുപിടിച്ചുകിടക്കുന്ന കൂടുതല്‍ സ്ഥലങ്ങള്‍ വൃത്തിയാക്കി പാര്‍ക്കിംഗിന് ഉപയോഗിക്കും. ഇതിനു പുറമേ നിലയ്ക്കലില്‍ വാഹന പാര്‍ക്കിംഗ് വര്‍ദ്ധിക്കുന്നതനുസരിച്ച് കൂടുതല്‍ താത്ക്കാലിക സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. 
    യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ അധ്യക്ഷനായിരുന്നു. ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് സിരിജഗന്‍, രാജു എബ്രഹാം എംഎല്‍എ, ദേവസ്വംബോര്‍ഡ് അംഗം കെ.രാഘവന്‍, ദേവസ്വം കമ്മീഷണര്‍ സി.പി.രാമരാജപ്രേമപ്രസാദ്, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എന്‍.ചന്ദ്രശേഖരന്‍, ചീഫ് എന്‍ജിനീയര്‍ വി.ശങ്കരന്‍ പോറ്റി, വാര്‍ഡ് അംഗം രാജന്‍ കുറ്റിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
    ദേവസ്വം ബോര്‍ഡ് നിലയ്ക്കലില്‍ പുതുതായി പണിത പില്‍ഗ്രിം സെന്‍ററില്‍ 500ഓളം പേര്‍ക്ക് വിരിവയ്ക്കുന്നതിനും 120 പേര്‍ക്ക് ഒരു സമയം ഭക്ഷണം കഴിക്കുന്നതിനും കഴിയും. 23000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളിലായി സജ്ജീകരിച്ചിട്ടുള്ള       പില്‍ഗ്രിം സെന്‍ററില്‍  15000 ചതുരശ്ര അടി വിരിവയ്ക്കാനാണ് മാറ്റിവച്ചിട്ടുള്ളത്. 4.5 കോടി രൂപയാണ് നിര്‍മാണ ചെലവ്.      
                                                                                          (പിഎന്‍പി 3306/17)

date