Skip to main content

പ്രത്യേക പത്രക്കുറിപ്പ്‌ - 9  - 1000 ദിനങ്ങള്‍  - ആയിരം ദിനം : പന്ത്രണ്ട്‌ പദ്ധതികളുമായി  പെരിഞ്ഞനം പഞ്ചായത്ത്‌ ഉദ്‌ഘാടനം 18 ന്‌

സര്‍ക്കാരിന്റെ ആയിരം ദിനം ആയിരം പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ പെരിഞ്ഞനം പഞ്ചായത്തില്‍ പന്ത്രണ്ട്‌ പദ്ധതികളുടെ ഉദ്‌ഘാടനം നടക്കും. ഫെബ്രുവരി 18 ന്‌ ഉച്ചയ്‌ക്ക്‌ 2 ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതികളുടെ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. ഇതില്‍ ആറ്‌ പദ്ധതികള്‍ പണി പൂര്‍ത്തീകരിച്ചതും ആറ്‌ പദ്ധതികള്‍ നിര്‍മ്മാണം ആരംഭിക്കുന്നവയുമാണ്‌. 
ജില്ലയില്‍ ഏറ്റവുമധികം പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്യപ്പെടുന്ന പഞ്ചായത്താണ്‌ പെരിഞ്ഞനം പഞ്ചായത്ത്‌. ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ആര്‍ദ്രം, ലൈഫ്‌ മിഷനുകള്‍, നവകേരളനിര്‍മ്മിതി എന്നിവയുടെ ഭാഗമായുള്ളതാണ്‌ പദ്ധതികള്‍. പെരിഞ്ഞനോര്‍ജ്ജം സോളാര്‍ വൈദ്യുതപദ്ധതി (500 കെ.ഡബ്ല്യു), ക്ലീന്‍ പെരിഞ്ഞനം പ്ലാസ്റ്റിക്‌ മാലിന്യ സംസ്‌കരണപദ്ധതി, ബയോഫാര്‍മസി, ഗോവര്‍ദ്ധന്‍ ജൈവമാലിന്യ സംസ്‌കരണപദ്ധതി, കിത്ത്‌ ആന്റ്‌ കിന്‍ കുടുംബശ്രീ കോമണ്‍ ഫെസിലിറ്റി സെന്റര്‍, ഗ്യാസ്‌ ക്രിമറ്റോറിയം എന്നീ പദ്ധതികളാണ്‌ പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്‌. സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ (എസ്‌.ഇ.സി.ഐ) സബ്‌സിഡിയോടെ 500 കിലോവാട്ട്‌ സോളാര്‍ വൈദ്യുതി ഉപയോഗിച്ച്‌ പഞ്ചായത്തിന്റെ തെരുവ്‌ വിളക്കുകള്‍ക്കായി സ്ഥാപിക്കുന്ന പദ്ധതിയാണ്‌ പെരിഞ്ഞനോര്‍ജ്ജം സോളാര്‍ വൈദ്യുതപദ്ധതി. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ വീടുകളില്‍ നിന്ന്‌ പ്ലാസ്റ്റിക്‌ മാലിന്യം ശേഖരിച്ച്‌ സംസ്‌കരിക്കുന്ന പദ്ധതിയാണ്‌ ക്ലീന്‍ പെരിഞ്ഞനം പ്ലാസ്റ്റിക്‌ മാലിന്യ സംസ്‌കരണപദ്ധതി. കിത്ത്‌ ആന്റ്‌ കിന്‍ എന്ന ബ്രാന്റില്‍ പെരിഞ്ഞനത്തെ കുടുംബശ്രീ ഉത്‌പന്നങ്ങളെ ഒന്നാക്കുന്ന പദ്ധതിയാണ്‌ കോമണ്‍ഫെസിലിറ്റി സെന്റര്‍. ഹരിതകര്‍മ്മാംഗങ്ങളുടെ കീഴില്‍ ജൈവവളവും ജൈവകീടനാശിനിയും നിര്‍മ്മിച്ച്‌ വിപണനം ചെയ്യുന്ന പദ്ധതിയാണ്‌ ബയോഫാര്‍മസി. ശുചിത്വമിഷന്റെ സഹായത്തോടെ ജൈവമാലിന്യത്തില്‍ നിന്നും ബയോഗ്യാസ്‌ 20 വീടുകള്‍ക്ക്‌ പാചകവാതകമായി നല്‍കുന്ന പദ്ധതിയാണ്‌ ഗോവര്‍ദ്ധന്‍ ജൈവനമാലിന്യസംസ്‌കരണ പദ്ധതി. ഇതോടൊപ്പം പ്രളയബാധിതരായ ഭൂരഹിത-ഭവനരഹിതര്‍ക്ക്‌ റോട്ടറി ക്ലബ്ബ്‌ നല്‍കുന്ന 19 വീടുകളുടെ നിര്‍മ്മാണോദ്‌ഘാടനവും രണ്ട്‌ സ്വകാര്യവ്യക്തികള്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ നിര്‍മ്മാണോദ്‌ഘാടനവും പെരിഞ്ഞനം ഗവ. യു.പി. സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്‌ഘാടനവും മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസ പരിശീലനപരിപാടിയായ സുമേധയുടെ പ്രവര്‍ത്തനോദ്‌ഘാടനവും നടക്കും. 
മത്സ്യത്തൊഴിലാളി വികസനത്തിനായി മിനിഫിഷ്‌ലാന്റിങ്ങ്‌ സെന്റര്‍, വല റിപ്പയര്‍ ചെയ്യുന്ന ഹാള്‍, പകല്‍വീട്‌, മത്സ്യവിപണനം, മത്സ്യസംസ്‌കരണം, മത്സ്യവിഭവങ്ങളുടെ ഉത്‌പാദനവും വിപണനവും എന്നിവയുള്‍പ്പെടുന്ന ആറാട്ടുകടവ്‌ സമഗ്രപദ്ധതി, സമ്പൂര്‍ണ്ണ കന്നുകാലി ഇന്‍ഷുറന്‍സ്‌, പ്രളയാനന്തരം പഞ്ചായത്തിന്‌ സൗജന്യമായി ലഭിച്ച സ്ഥലങ്ങളില്‍ വയോജനകേന്ദ്രം പകല്‍വീട്‌, മാതൃക അംഗന്‍വാടി, കൃഷിഭവന്‍, ലൈവ്‌ സ്റ്റോക്ക്‌ ഇന്‍സ്‌പെക്ടറുടെ കാര്യാലയം എന്നിവയുടെ നിര്‍മ്മാണം, മിനിഡയറി യൂണിറ്റുകളുടെ ആധുനികവത്‌കരണം, ചാണകം ഉണക്കിപ്പൊടിച്ച്‌ ജൈവവളം നിര്‍മ്മാണം, ഹൈടെക്‌ മാര്‍ക്കറ്റ്‌ എന്നിവയാണ്‌ നടപ്പിലാക്കുന്ന പദ്ധതികള്‍. 
പെരിഞ്ഞനം ഗവ.യു.പി. സ്‌കൂള്‍ കെട്ടിടവും സുമേധ പദ്ധതിയും സംസ്ഥാന കൃഷിവകുപ്പ്‌ മന്ത്രി അഡ്വ. വി.എസ്‌. സുനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യും. വീടുകളുടെ നിര്‍മ്മാണോദ്‌ഘാടനം എം.പി. ടി.വി. ഇന്നസെന്റും സുമേധ അവാര്‍ഡ്‌ ദാനം ജില്ലാ കളക്ടര്‍ ടി.വി. അനുപമ നിര്‍വ്വഹിക്കും. കെ.എസ്‌.ഇ.ബി മുന്‍ ചെയര്‍മാന്‍ ടി.എം. മനോഹരനെ ആദരിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌, മതിലകം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസി. കെ.കെ. അബീദലി, പെരിഞ്ഞനം പഞ്ചയാത്ത്‌ പ്രസി. കെ.കെ. സച്ചിത്ത്‌ വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

date