Skip to main content

ജില്ലാ ആശുപത്രി സൂപ്പർ സ്‌പെഷാലിറ്റി കെട്ടിട സമുച്ചയം:  പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പ്രവൃത്തി ഒരു വർഷം കൊണ്ട് 

പൂർത്തിയാക്കണമെന്ന് മന്ത്രി ശൈലജ ടീച്ചർ

 

ജില്ലാ ആശുപത്രിയുടെ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പ്രവൃത്തി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കൺസൾട്ടൻസിയായ ബി.എസ്.എൻ.എല്ലിനോട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർദേശിച്ചു. ജില്ലാ ആശുപത്രി മാസ്റ്റർ പ്ലാൻ പ്രകാരമുള്ള അഞ്ചു നില സൂപ്പർ സ്‌പെഷാലിറ്റി കെട്ടിട സമുച്ചയം പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടു വർഷമാണ് കരാർ പ്രകാരമുള്ള കാലാവധി. ഒരു വർഷം കൊണ്ട് പൂർത്തിയാക്കിയാൽ ബി.എസ്.എൻ.എല്ലിന് അവാർഡ് നൽകും. പ്രവൃത്തി നടക്കുന്ന ഒരു വർഷക്കാലമുള്ള ബുദ്ധിമുട്ടുകളുമായി എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു.

ജില്ലാ ആശുപത്രി മാസ്റ്റർ പ്ലാനിന് 76 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയാണ് കിഫ്ബിക്ക് സമർപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. അതിൽ 61.72 കോടി രൂപ ആദ്യഘട്ടത്തിൽ തന്നെ അനുവദിച്ചു കിട്ടി. ഈ പ്രവൃത്തി നന്നായി നടന്നാൽ, രണ്ടാംഘട്ട പ്രവൃത്തിക്കുള്ള ഫണ്ടിന് ചോദിക്കാം. ഫണ്ട് 76 കോടിയിൽ ഒതുക്കണമെന്നില്ല. കിഫ്ബിയിൽനിന്ന് ആധുനിക ഉപകരണത്തിനും മറ്റുമായി കൂടുതൽ പണം ലഭിക്കും. 

സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രിക്ക് പുറമെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും സർജിക്കൽ ബ്ലോക്കിന്റെും നവീകരണവും മാസ്റ്റർ പ്ലാനിലുണ്ട്. ആശുപത്രിക്കകത്തെ സഞ്ചാരം മെച്ചപ്പെടുത്തണം. അത്യന്താധുനിക ഓപറേഷൻ തിയറ്ററുകളാണ് വരാൻ പോവുന്നത്. ഓക്‌സിജന് സെൻട്രലൈസ്ഡ് ഗ്യാസ് പ്ലാൻറ് ഉണ്ടാക്കും. ഒ.പി വെയ്റ്റിംഗ് ഏരിയ അത്യന്താധുനികമായിരിക്കും. ഹൈടെൻഷൻ വൈദ്യുതി ലൈൻ വലിക്കാൻ സൗകര്യമുണ്ടാവും. ഈ 61 കോടിക്ക് പുറമെയാണ് അത്യാധുനിക ഗൈനക്കോളജി വിഭാഗത്തിനായി ലക്ഷ്യ പദ്ധതിയും 5.5 കോടി രൂപ ചെലവിൽ ലെവൽ ത്രീ ട്രോമ കെയർ സംവിധാനവും വരുന്നത്. ഡയാലിസിസ് യൂനിറ്റ് നന്നാക്കിയിട്ടുണ്ട്. ഇനിയും യൂനിറ്റുകൾ ആവശ്യമെങ്കിൽ നൽകും. മോർച്ചറി നവീകരിച്ചു. പുതിയ കുട്ടികളുടെ വാർഡ് വരാൻ പോവുന്നു. എൻ.സി.ഡി ക്ലിനിക്ക് അമൃതം ആരോഗ്യത്തിന്റെ ഭാഗമായി തുടങ്ങിയിട്ടുണ്ട്. ഈ സർക്കാർ 13 തസ്തിക ജില്ലാ ആശുപത്രിക്കായി സൃഷ്ടിച്ചതായും മന്ത്രി അറിയിച്ചു. കന്റോൺമെൻറ് നൽകിയ സഹകരണത്തിന് മന്ത്രി നന്ദി അറിയിച്ചു.

അഞ്ചു നില സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഗ്രൗണ്ട് ഫ്‌ളോറിൽ എൻട്രൻസ് ലോബി, മെഡിക്കൽ ഗ്യാസ് കൺട്രോൾ റൂം, ഇലക്ട്രിക്കൽ റൂം, സർവർ റൂം, സബ് സ്‌റ്റേഷൻ, പമ്പ് ഹൗസ് ആൻഡ് ഫയർ കൺട്രോൾ, പാർക്കിംഗ് ഏരിയ എന്നിവയുണ്ടാവും. ഒന്നാം നില-10 കൺസൾട്ടിംഗ് റൂമുകൾ, 22 കിടക്കകളുള്ള ക്രിട്ടിക്കൽ കെയർ യൂനിറ്റ്, കാത് ലാബ്, ഡോക്ടർമാരുടെ വിശ്രമ മുറി, വെയിറ്റിംഗ് ലോഞ്ച്, ഫാർമസി, സ്‌റ്റോർ, പി.ആർ.ഒ, ടോയ്‌ലെറ്റുകൾ. 

രണ്ടാം നില-മൂന്ന് ഓപറേഷൻ തിയറ്ററുകൾ, 22 കിടക്കകളുള്ള കാർഡിയാക് ഐ.സി.യു, 11 കിടക്കകളുള്ള ന്യൂറോളജി ഐ.സി.യു, 11 കിടക്കകളുള്ള യൂറോളജി ഐ.സി.യു, 22 കിടക്കകളുള്ള പോസ്റ്റ് ഓപറേറ്റീവ് വാർഡ്, പ്രിപ്പറേഷൻ ആൻഡ് അനസ്തീഷ്യ, നഴ്‌സസ് സ്‌റ്റേഷൻ, ഡോക്‌ടേഴ്‌സ് ആൻഡ് നഴ്‌സസ് റെസ്റ്റ്‌റൂം, ഓട്ടോക്ലേവ് ആൻഡ് സ്‌റ്റെറൈൽ സ്‌റ്റോർ, ടോയ്‌ലെറ്റുകൾ.

മൂന്നാംനില: 32 കിടക്കകളുള്ള ഡയാലിസിസ് യൂനിറ്റ്, പോസിറ്റീവ് ഡയാലിസിസ്, 30 കിടക്കകളുള്ള ജനറൽ വാർഡ്, ഏഴ് സ്‌പെഷൽ വാർഡുകൾ, വെയിറ്റിംഗ് ഏരിയ, ആർ.ഒ പ്ലാൻറ്, നഴ്‌സസ് സ്‌റ്റേഷൻ, സ്‌റ്റോർ, ടോയ്‌ലെറ്റുകൾ.

നാലാം നില: 30 കിടക്കകളുള്ള ജനറൽ വാർഡുകൾ, 18 സ്‌പെഷൽ വാർഡുകൾ, നഴ്‌സസ് സ്‌റ്റേഷൻ, സ്‌റ്റോർ, ടോയ്‌ലെറ്റുകൾ എന്നീ സൗകര്യങ്ങളുണ്ടാവും.

ജലവിതരണ സംവിധാനം, റോഡുകൾ എന്നിവയും പ്രതിദിനം 30 കിലോ ലിറ്റർ ശേഷിയുള്ള സീവേജ് ട്രീറ്റ്‌മെൻറ് പ്ലാൻറും പദ്ധതിയുടെ ഭാഗമാണ്.

ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ബി.എസ്.എൻ.എൽ ചീഫ് എൻജിനീയർ സഞ്ജയ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മേയർ ഇ.പി ലത, ജില്ലാ കലക്ടർ മീർ മുഹമ്മദ് അലി എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, വൈസ് പ്രസിഡൻറ് പി.പി ദിവ്യ, സ്ഥിരം സമിതി അ കെ.പി. ജയബാലൻ, ടി.ടി. റംല, ജില്ലാ പഞ്ചായത്തംഗം ജാനകി ടീച്ചർ, കന്റോൺമെൻറ് ബോർഡ് വൈസ് പ്രസിഡൻറ് കേണൽ പത്മനാഭൻ, കന്റോൺമെൻറ് ബോർഡ് മെംബർ ഷീബ അക്തർ, എൻ.എച്ച്.എം ഡി.പി.എം ഡോ. കെ.വി ലതീഷ്, കന്റോൺമെൻറ് ബോർഡ് സി.ഇ.ഒ ഡോ. രോഹിത്ത് സിംഗ് മലാൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

 

date