Skip to main content

 ലോക ക്ഷയരോഗ ദിനം സംസ്ഥാനതല ദിനാചരണത്തിന് ജില്ല വേദിയാവും 

 

 

     ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടികള്‍ക്ക്  ജില്ല ആദ്യമായി വേദിയാകും. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ മൈതാനമാണ് പ്രധാന വേദിയാവുക. ദിനാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് 18 മുതല്‍ 24 വരെ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കും ദിനാചരണം. ജില്ലാകളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ സംഘാടക സമിതി യോഗം ചേര്‍ന്ന് വിവിധ സമിതികള്‍ രൂപീകരിച്ചു. യുവജന സംഘടനകളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിനായി ബോധവല്‍ക്കരണം ശക്തമാക്കും. വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. 

 

ക്ഷയരോഗ ബാധിരരുടെ എണ്ണത്തില്‍ ജില്ല സംസ്ഥാന ശരാശരിയേക്കാള്‍ മുന്നിലാണ്. നിലവിലെ കണക്കനുസരിച്ച് 649 ക്ഷയരോഗ ബാധിരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ 60 ശതമാനത്തിലധികം പേരും ആദിവാസി മേഖലയിലാണ്. ഈ സാഹചര്യത്തിലാണ് ഇത്തവണത്തെ ലോക ക്ഷയരോഗം ദിനാചരണത്തിന് ജില്ലയെ പ്രത്യേകം കേന്ദ്രീകരിക്കുന്നത്. പോഷകാഹാര കുറവ് പരിഹരിക്കുന്നതിനോടൊപ്പം ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനവും കാര്യക്ഷമമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെയും ലക്ഷ്യം. ജില്ലയിലെ മുഴുവന്‍ ക്ഷയരോഗികളെയും കണ്ടെത്താന്‍ പഞ്ചായത്ത് തലത്തില്‍ സ്‌ക്രീനിങ് നടത്തും. തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ ഇതര സംസ്ഥാന തൊഴിലാളികളേയും സ്‌ക്രീനിങിനു വിധേയമാക്കും. നിലവില്‍ ഇതര സംസ്ഥാന തൊഴിലാളി രജിസ്‌ട്രേഷന്‍ പദ്ധതിയായ ആവാസില്‍ ജില്ലയില്‍ നിന്നും 9538 പേര്‍ അംഗങ്ങളാണ്. മെഡിക്കല്‍ ടെസ്റ്റ് നടത്തിയെങ്കിലും ഇവരില്‍ ആര്‍ക്കും ക്ഷയരോഗം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ജില്ലാ തൊഴില്‍ വകുപ്പ് വ്യക്തമാക്കി. നെഹ്രു യുവകേന്ദ്രയുടെ സഹകരണത്തോടെ ഒരോ പഞ്ചായത്തില്‍ നിന്നും ഒരു പുരുഷനേയും സ്ത്രീയേയും തിരഞ്ഞെടുത്ത് രോഗ ബാധിതരെ ശാസ്ത്രീയമായി കണ്ടെത്തുന്നതിനു പരിശീലനം നല്‍കും. ആദിവാസി വിഭാഗക്കാരായ വിദ്യാസമ്പന്നരേയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. അസുഖത്തിന്റെ വ്യാപ്തി കണ്ടെത്തി തരംതിരിച്ച് പട്ടിക തയ്യാറാക്കാനും ക്ഷയരോഗം നിയന്ത്രണ വിധേയമാക്കാന്‍ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ആദ്യഘട്ടത്തില്‍ ക്ഷയരോഗ ബാധിതരുടെ എണ്ണം സംസ്ഥാന ശരാശരിയേക്കാള്‍  കുറച്ചു കൊണ്ടുവരാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. യോഗത്തില്‍ എഡിഎം കെ. അജീഷ്, ഡെപ്യൂട്ടി ഡിഎംഒ നൂന മര്‍ജ, ജില്ലാ ടിബി ഓഫീസര്‍ ഡോ. സി. ഷുബിന്‍, വിവിധ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു. 

 

date