Skip to main content
കാസര്‍കോട്  സിവില്‍ സ്റ്റേഷനില്‍ സ്ഥാപിച്ച വോട്ടിങ്ങ് ഡെമോഹട്ടില്‍ വോട്ട് ചെയ്ത പരിശീലിക്കുന്ന നിമ്മി

സിവില്‍ സ്റ്റേഷനിലേക്ക് വരൂ… വോട്ട് ചെയ്തു പരിശീലിക്കാം

വോട്ടര്‍മാര്‍ക്ക് വോട്ടോടുപ്പ് ദിവസം പോളിംഗ് ബൂത്തില്‍ എത്തി വോട്ട് ചെയ്യുമ്പോള്‍  ഉണ്ടാകുന്ന ഉത്കണ്ഠയും ആകാംക്ഷയും ഒഴിവാക്കുന്നതിന്  ജില്ലാഭരണകൂടം കളക്ടറേറ്റില്‍ വോട്ടിംഗ് ഡെമോ ഹട്ട് സ്ഥാപിച്ചു. ഇതിലൂടെ വോട്ടര്‍മാര്‍ക്ക് വോട്ടിംഗ് യന്ത്രം വിശദമായി പരിചയപ്പെടാനും ഡെമോ വോട്ട് ചെയ്യാനും സാധിക്കും. ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവ വിശദമായി പരിചയപ്പെടാം.

ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബുവിന്റെ സാന്നിധ്യത്തില്‍ ചെമ്മനാട് സ്വദേശിനി ടി നിമ്മി  വോട്ടിങ്ങ് ഡെമോ ഹട്ട് ഉദ്ഘാടനം ചെയ്തു. നിമ്മിയുടെ കന്നി വോട്ടാണ്  ഈ ലോകസഭാ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തുന്നത്്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുതായി  ആവിഷ്‌കരിച്ച വിവിപാറ്റും ഇലട്രോണിക് മെഷീനും പൊതുജനത്തിന് പരിചയപ്പെടുത്തി തെരഞ്ഞെടുപ്പ് സുഗമമാക്കാനുമാണ് വോട്ടിങ്ങ് പരിശീലന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. സിവില്‍ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. 

പൊതുജനത്തിനും കന്നി വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്ത് പരിശീലിക്കുന്നതിനും സംശയദൂരീകരണം നടത്തുന്നതിനും വോട്ടിങ്ങ്പരിശീലന കേന്ദ്രം ഏറെ ഉപയോഗപ്രദമാണ്.  തെരഞ്ഞെടുപ്പ് സുതാര്യമാക്കാന്‍ ജില്ലയില്‍ 968 പോളിഗ് സ്റ്റേഷനുകളിലും വിവിപാറ്റ് (വോട്ടര്‍ വെരിഫയബിള്‍  പേപ്പര്‍ ഓഡിറ്റ് ട്രയല്‍ ) മെഷീന്‍ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിവിപാറ്റ് മെഷീന്‍ പൊതുജനങ്ങള്‍ക്ക് പരിചിതമാവേണ്ടത് അനിവാര്യമാണ്.  വോട്ട് ചെയ്യല്‍ എളുപ്പമാവാന്‍ ഇത് സഹായിക്കും.

വിവിപാറ്റ് മെഷീനിലൂടെ വോട്ട്  ചെയ്ത സ്ഥാനാര്‍ത്ഥിക്ക് തന്നെയാണൊ വോട്ട്  രേഖപ്പെടുത്തപ്പെട്ടതെന്ന് ഉറപ്പാക്കാന്‍ കഴിയും.  കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് വിവിപാറ്റ് മെഷീന്‍ ആദ്യമായി ഉപയോഗിച്ചത്. ഈ വര്‍ഷം എല്ലാ  മണ്ഡലങ്ങളിലും വിവിപാറ്റ് ഉപയോഗിക്കുന്നുണ്ട്.വോട്ടര്‍മാര്‍ വോട്ട് ചെയ്താല്‍ തൊട്ടടുത്തുള്ള വിവിപാറ്റ് മെഷീനില്‍ ഏത് സ്ഥാനാര്‍ത്ഥിക്കാണോ വോട്ട് ചെയ്തത് അയാളുടെ പേരും  സീരിയല്‍ നമ്പറും ചിഹ്നം തുടങ്ങിയവ എട്ട് സെക്കന്റോളം സ്‌ക്രീനില്‍ കാണാം. എട്ട് സെക്കന്റിന് ശേഷം ഇതിന്റെ സ്ലിപ്പ് മെഷീനിനോട് അനുബന്ധിച്ചുള്ള  ബോക്‌സില്‍  വീഴും. ഇങ്ങനെ ഓരോ വോട്ടര്‍മാരുടെയും സ്ലിപ്പ് വിവിപാറ്റ് മെഷീനിലെ ബോക്‌സില്‍ സൂക്ഷിക്കപ്പെടും.വിവിപാറ്റിന്റെ  ഈ പ്രവര്‍ത്തനങ്ങള്‍  വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലൂടെ വിശദമായി പരിചയപ്പടാനുള്ള അവസരമാണ് പൊതുജനങ്ങല്‍ക്ക് ലഭിച്ചിരിക്കുന്നത്. 

 

ഡെമോവോട്ട് ചെയ്ത ആവേശത്തില്‍ നിമ്മി

 

കാസര്‍കോട്  സിവില്‍ സ്റ്റേഷനില്‍ സ്ഥാപിച്ച വോട്ടിങ്ങ് ഡെമോഹട്ടില്‍ ആദ്യമായി വോട്ട് ചെയ്ത സന്തോഷത്തിലാണ് നിമ്മി.  വോട്ടിങ്ങ് പരിശീലന കേന്ദ്രത്തില്‍ വന്ന് വോട്ട് ചെയ്ത് പരിശീലിച്ചാല്‍  വോട്ട് ചെയ്യല്‍ എളുപ്പമാകും എന്ന് മനസ്സിലാക്കിയാണ്  നിമ്മി കളക്ടറേറ്റില്‍ എത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായി  ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബുവിന്റെ നിര്‍ദേശ പ്രകാരം വോട്ടിങ്ങ് ഹട്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനും അവസരം ലഭിച്ചു. അപ്പോള്‍ നിമ്മിക്കുണ്ടായ സന്തോഷവും അമ്പരപ്പും ചെറുതൊന്നുമല്ലായിരുന്നു. 

തന്റെ മോക്ക് വോട്ട് ആഘോഷമാക്കിയതിന്റെ സന്തോഷത്തിലാണ്  ടി നിമ്മി.  വിവിപാറ്റ് മെഷീന്‍ പരിചയപ്പെടുത്തി കൊണ്ട്  പൊതുജനങ്ങള്‍ക്ക് വോട്ടിങ്ങ് എളുപ്പമാക്കാനായി  കളക്ടറേറ്റ് പരിസരത്ത് ആരംഭിച്ച വോട്ടിങ്ങ് പരിശീലന കേന്ദ്രം ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബുവിന്റെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ചെറുതല്ല. 

  ചെമ്മനാട്ഗ്രാമ പഞ്ചായത്തിലെ കോളിയടുക്കം സ്വദേശി ദാമോദരന്റെയും ലീലയുടെയും മകളാണ് നിമ്മി.ബികോം അവസാന വര്‍ഷ  പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് ഇവള്‍. 20 വയസ്സായിട്ടും   വോട്ട് ചെയ്യാന്‍ കഴിയാത്തതിന്റെ നിരാശയിലായിരുന്നു നിമ്മി. ഇലക്ഷന്‍ വോട്ടര്‍ ഐഡി കാര്‍ഡ് ശരിയാവാത്തത് കൊണ്ടാണ് കഴിഞ്ഞ രണ്ട് വര്‍ഷവും വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത്. ഇക്കുറി തെരഞ്ഞടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ശരിയായി. ഉദുമ നിയോജക മണ്ഡലത്തില്‍ കോളിയടുക്കം പോളിങ്ങ് സ്റ്റേഷനിലാണ് നിമ്മിയുടെ  വോട്ട് രേഖപ്പെടുത്തുക.

തന്റെ ആദ്യ വോട്ട് എല്ലാവരുടെയും മുന്നില്‍ വെച്ച് ചെയ്യാന്‍ കഴിഞ്ഞതില്‍  വലിയ സന്തോഷമുണ്ടെന്ന് നിമ്മി പറഞ്ഞു. ഇങ്ങനെ വോട്ടിങ് പരിശീലനം നടത്തിയാല്‍ വോട്ടിങ്ങ് ഏറെ എളുപ്പമാവുമെന്നും വിവിപാറ്റ്  മെഷീന്റെ ഉപയോഗം നമ്മുടെ വോട്ട്, ആര്‍ക്കാണ് ചെയ്തതെന്ന് ഉറപ്പിക്കാന്‍ കഴിയുന്നതിനാല്‍ വോട്ട് ചെയ്തിറങ്ങുമ്പോള്‍ വോട്ടര്‍മാര്‍ക്ക് ഏറെ സംതൃപ്തി ഉണ്ടാവുമെന്നും നിമ്മി അഭിപ്രായപ്പെട്ടു. 

 

 

 

date