Skip to main content
വനമേഖലകളോട് ചേര്‍ന്നുള്ള പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സന്ദര്‍ശിച്ചപ്പോള്‍. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ സമീപം. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് സുരക്ഷ; കാസര്‍കോട്  വനമേഖലയില്‍ ഉന്നതതല പരിശോധന

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ വനമേഖലകളോട് ചേര്‍ന്നുള്ള പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സന്ദര്‍ശിച്ചു.  ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ അനൂപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ പരിശോധന നടത്തിയത്. 

പ്രശ്‌ന സാധ്യതകളുള്ള മേഖലകളില്‍ കേന്ദ്രസേനയെ വിന്യസിക്കുന്നതിന്റെ ഭാഗമായാണ് വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പോളിംഗ് കേന്ദ്രങ്ങളിലെ സന്ദര്‍ശനം. ചിറ്റാരിക്കല്‍ തോമാപുരം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ആദ്യം സംഘം സന്ദര്‍ശനം നടത്തിയത്. സ്‌കൂളും പരിസരവും ഉന്നതതല സംഘം പരിശോധിച്ചു. തുടര്‍ന്ന് കമ്പല്ലൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കാണ് പോയത്. ഇവിടെ നടത്തിയ പരിശോധനകള്‍ക്ക് ശേഷം തയ്യേനി ഗവ.ഹൈസ്‌കൂള്‍, പാലാവയല്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവടങ്ങളിലും  ഇവര്‍ പരിശോധന നടത്തി. 

കാസര്‍കോട് എഎസ്പി:പി.ബി പ്രശോഭ്, ഡിവൈഎസ്പിമാരായ ടി.എന്‍ സജീവ്, എം.അസിനാര്‍, ഇന്‍സ്‌പെക്ടര്‍ ദയറാം സിംഗിന്റെ നേതൃത്വത്തിലുള്ള  74 അംഗ സിആര്‍പിഎഫ് ബറ്റാലിയനും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. വനാതിര്‍ത്തികളിലെ പോളിംഗ് ബൂത്തുകളില്‍ സ്വതന്ത്രവും നിര്‍ഭയവുമായ തെരഞ്ഞെടുപ്പിന് സാഹചര്യമൊരുക്കുന്നതിന് സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. ചിറ്റാരിക്കല്‍ പോലീസ് സ്‌റ്റേഷനും ജില്ലാ കളക്ടറും പോലീസ് മേധാവിയും ഉള്‍പ്പെട്ട സംഘം സന്ദര്‍ശിച്ചു. രാജപുരം, വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധികളിലും പരിശോധന നടത്തും. 

 

date