Skip to main content

വോട്ടനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ പ്രായം മറന്ന് അവര്‍ ഒത്തുകൂടി

 

ആര്‍ക്ക് വോട്ട് ചെയ്യും? വിദ്യാര്‍ഥികളുടെ ചോദ്യം കേട്ട് വയലത്തല സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ എല്ലാവരും ആകാംക്ഷയോടെ പരസ്പരം നോക്കി. തങ്ങളുടെ പഴയകാല വോട്ടനുഭവങ്ങള്‍ അവരുടെ മനസിലേക്ക് ഒരു നിമിഷം ഓടിയെത്തി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമോ, ഇത്രയധികം വാഹനസൗകര്യമോ പോലുമില്ലാതിരുന്ന കാലത്ത് കിലോമീറ്ററോളം ദൂരം താണ്ടി തങ്ങളുടെ ജനപ്രതിധിയെ തെരഞ്ഞെടുക്കുന്നതില്‍ പങ്കാളിയായിരുന്നതിന്റെ ആവേശം അവരുടെ മുഖത്ത് തെളിഞ്ഞു. ഇപ്പോള്‍ കാലം മാറി. പുതിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം വന്നു. വോട്ട് ചെയ്തതു കാണാനും ഉറപ്പാക്കാനും വി.വി.പാറ്റും വന്നു. പുതിയ സംവിധാനത്തില്‍ വോട്ട് രേഖപ്പെടുത്തി തങ്ങളുടെ ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്ന അഭിമാനകരമായ വലിയ പ്രക്രിയയില്‍ പങ്കാളികളാകുമെന്ന ദൃഢനിശ്ചയത്തിലാണ് ഓരോരുത്തരും. തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സ്വീപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് വയലത്തല സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലെ  അന്തേവാസികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പുതുതലമുറയ്ക്ക് മുന്‍പില്‍ പങ്കുവച്ചത്. പമ്പ ഡി ബി കോളജിലെ പത്ത് വിദ്യാര്‍ഥികളാണ് അറുപത് അംഗങ്ങളുളള വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുന്നതുള്‍പ്പടെയുളള വോട്ടര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 

തെരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട പുതിയ അറിവുകള്‍ ലഭിച്ചതോടെ എല്ലാവരിലും ആവേശമായി. വോട്ട് ചെയ്തതിന് ശേഷം സൂക്ഷിക്കപ്പെടുന്ന സ്ലിപ്പില്‍ തങ്ങളുടെ പേര് ഉണ്ടാകുമോ, സ്ലിപ്പ് കൈയ്യില്‍ കിട്ടുമോ, വോട്ട് ചെയ്യുന്നതിന് എങ്ങനെ ബൂത്തിലെത്തും തുടങ്ങി നിരവധി സംശയങ്ങളാണ് പിന്നീട് ഉന്നയിക്കപ്പെട്ടത്്. ഒന്നിലും ആശങ്ക വേണ്ട, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ ഉറപ്പു നല്‍കി. വാഹനസൗകര്യം, ഡോളി, റാംപ്, കുടിവെളള സൗകര്യം, ഷെയ്ഡ് തുടങ്ങിയവയെല്ലാം ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ലഭിക്കുമെന്ന് കേട്ടപ്പോള്‍ ഒറ്റപ്പെടലുകളുടെ ലോകത്തു നിന്നും എല്ലാം മറന്ന് വോട്ടവകാശം ഉറപ്പിക്കാന്‍ അവരും തീരുമാനിച്ചു. തങ്ങളുടെ സന്ദര്‍ശനം ലക്ഷ്യം പൂര്‍ത്തീകരിച്ചതിന്റെ സംതൃപ്തിയുമായാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്. ഇതിന് പുറമേ പത്തനംതിട്ട കെന്നഡി ഓര്‍ഫനേജിലെ മുപ്പതോളം അന്തേവാസികളും, വെച്ചൂച്ചിറ മേഴ്സി ഹോമിലെ അന്‍പത് പേരും, മുക്കൂട്ടുതറ നിര്‍മ്മലഭവന്‍ വൃദ്ധസദനത്തിലെ ഇരുപത് പേരും സ്വീപ്പ് വോട്ടര്‍ ബോധവത്ക്കരണ പരിപാടിയില്‍ പങ്കാളികളായി.

          (ഇലക്ഷന്‍: 140/19)

date