Skip to main content

സി.വിജില്‍ ആപ്പ് - ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

 

ലോകസഭാ തെരഞ്ഞെടുപ്പ് സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് സി.വിജില്‍ ആപ്ലിക്കേഷനില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലയില്‍ വിവിധ മണ്ഡലങ്ങളില്‍ നിയമിച്ച അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും വിവിധ സക്വാഡുകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുമാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാകലക്ടര്‍ അമിത് മീണ നിര്‍വഹിച്ചു. പൊന്നാനി മണ്ഡലം പൊതു നിരീക്ഷകന്‍ ചന്ദ്രകാന്ത്  ഉയികെ, മലപ്പുറം പൊതു നിരീക്ഷക പത്മ ജെയ്‌സ്വാള്‍ എന്നിവരുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലാ ഇന്‍ഫോമാറ്റിക് ഓഫീസര്‍ കെ.പി പ്രതീഷ്  ക്ലാസ്സെടുത്തു. സി.വിജിലന്‍സ് ആപ്പിനെ പരിചയപ്പെടുത്തുകയും ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ എങ്ങനെ വിവിധ സ്‌ക്വാഡുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ്  പരിശീലനത്തിലൂടെ വിശദീകരിച്ചത്. പെരുമാറ്റച്ചട്ട ലംഘനുവുമായി ബന്ധപ്പെട്ട് സി.വിജില്‍ മുഖേന നിരവധി പരാതികളാണ് ജില്ലയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. അത്തരം പരാതികളില്‍ സ്‌ക്വാഡ് കൃത്യമായി പരിശോധന നടത്തി വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും പരിശീലന ക്ലാസ്സിലൂടെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  പെരുമാറ്റച്ചട്ട ലംഘനം  ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതിപ്പെടുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ച  മൊബൈല്‍ ആപ്പാണ് സി.വിജില്‍. മാതൃകാ പെരുമാറ്റ ചട്ട ലംഘനം, തെരഞ്ഞെടുപ്പ് ചെലവ് പരിധി ലംഘനം തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ അതിന്റെ ചിത്രമോ വീഡിയോ ദൃശ്യമോ സഹിതം ആപ്പ് വഴി തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചുകൊടുക്കാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് വീഡിയോ, ഫോട്ടോ ഓപ്ഷനുകള്‍ തിരഞ്ഞെടുത്ത് ദൃശ്യം പകര്‍ത്തി ശേഷം വിഷയത്തെ കുറിച്ച് ഒരു കുറിപ്പ് കൂടി ചേര്‍ത്ത് കമ്മീഷന് അയച്ചുകൊടുക്കണം.  ഇങ്ങനെ ലഭിക്കുന്ന പരാതികളില്‍ നൂറ് മിനിറ്റുനകം നടപടി സ്വീകരിക്കുമെന്നതാണ് സി.വിജില്‍ മൊബൈല്‍ ആപ്പിന്റെ പ്രത്യേകത.  പരാതികളെത്തുന്ന ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും പരാതിയില്‍ പറയുന്ന സ്ഥലത്തേക്കു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതിയില്‍ പരിശോധന നടത്തി ബന്ധപ്പെട്ട മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ക്കു റിപ്പോര്‍ട്ട് നല്‍കും. ഇവര്‍ പരാതിയില്‍ തീര്‍പ്പു കല്‍പ്പിക്കും.

പരിപാടിയില്‍ സബ് കലക്ടര്‍ അനുപം മിശ്ര, അസ്റ്റിസ്റ്റന്റ് കലക്ടര്‍ വികല്‍പ്പ് ഭരദ്വാജ് , ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

 

date