Skip to main content

ബാല വേല മുക്ത ജില്ല- ബോധവല്‍ക്കരണ നടപടികള്‍ ശക്തമാക്കും

 

ബാലവേല മുക്ത മലപ്പുറം ജില്ല എന്ന ലക്ഷ്യത്തിന്റെ ഭാഗമായി വിവിധ തൊഴില്‍ മേഖലകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ, നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. ആദ്യ ഘട്ടത്തില്‍ ജില്ലയിലെ ഹോട്ടലുടമ സംഘടനാ ഭാരവാഹികളുടെ യോഗം കലക്ടറേറ്റില്‍ എ.ഡി.എം. ടി.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയിലെ ഹോട്ടലുകളില്‍ ബാലവേല നടക്കുന്നില്ലെന്നു ഉറപ്പു വരുത്താന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളോടും പൂര്‍ണ്ണമായി സഹകരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ഹോട്ടലുകളില്‍ ജോലിക്കെത്തുന്ന ഇതര സംസ്ഥാനക്കാരുള്‍പ്പെടെയുള്ളവരുടെ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഹോട്ടലുടമകള്‍ വാങ്ങി സൂക്ഷിക്കും.  ബാലവേല ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ അറിയിക്കുന്നതിനായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കും. ഇതര സംസ്ഥാന തൊഴിലാളുകളുടെ താമസ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണവും മെഡിക്കല്‍ പരിശോധനകളും നടത്താനും തീരുമാനിച്ചു.
 
യോഗത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എ.കെ.ജയശ്രീ, ബച്പന്‍ ബചാവോ ആന്ദോളന്‍ കോഓര്‍ഡിനേറ്റര്‍ സി.പ്രസീന്‍, കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം. മൊയ്തീന്‍കുട്ടി ഹാജി, ഭാരവാഹികളായ മമ്മുണ്ണി മങ്കട, സി.എച്ച്.സമദ്, നബീല്‍ തൗഫീഖ് ചുടങ്ങിയവര്‍ സംസാരിച്ചു.

 

date