Skip to main content

പോളിംഗില്‍ പുതുചരിത്രമെഴുതാന്‍ കോട്ടയം സ്വീപ് വോട്ടത്തോണ്‍ 13ന്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നൂറു ശതമാനം പോളിംഗ് ലക്ഷ്യമിട്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയത്ത് ഏപ്രില്‍ 13ന് വോട്ടത്തോണ്‍ നടക്കും. കാല്‍നടയാത്രക്കാരും ഇരുചക്ര വാഹനങ്ങളും അണിനിരക്കുന്ന പരിപാടി വൈകുന്നേരം നാലിന് കളക്ട്രേറ്റ് വളപ്പില്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഫ്ളാഗ് ഓഫ് ചെയ്യും.

സബ് കളക്ടര്‍ ഈഷ പ്രിയ, ജില്ലാ പോലീസ് മേധാവി ഹരി ശങ്കര്‍, സ്വീപിന്‍റെ ജില്ലയിലെ ഗുഡ്വില്‍ അംബാസിഡറായ ചലച്ചിത്ര താരം മിയ ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള കോളേജ് വിദ്യാര്‍ഥികള്‍, പ്രഫഷണല്‍ കൂട്ടായ്മ അംഗങ്ങള്‍, പൗരപ്രമുഖര്‍, മുതിര്‍ന്ന വോട്ടര്‍മാര്‍, സര്‍വീസ് സംഘടനാ പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായികള്‍, സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സ്വീപ് നോഡല്‍ ഓഫീസര്‍ അശോക് അലക്സ് ലൂക്ക് പറഞ്ഞു.

 

വോട്ടത്തോണ്‍ തിരുനക്കര മൈതാനത്ത് സമാപിക്കും. തുടര്‍ന്ന് വോട്ടര്‍മാരുടെ പ്രതിജ്ഞ നടക്കും.   കാല്‍നടയായോ ഇരുചക്ര വാഹനത്തിലോ പൊതുജനങ്ങള്‍ക്ക് വോട്ടത്തോണില്‍ പങ്കുചേരാം. എല്ലാത്തരം ഇരുചക്ര വാഹനങ്ങളും അനുവദി ക്കുന്നതാണ്. 

date