Skip to main content

വോട്ട് എന്റെ അവകാശം: സ്വീപിന്റെ  പരിപാടിയില്‍ സ്‌കിറ്റും ഫ്‌ളാഷ്‌മോബും

 

 

 ജില്ലാ ഭരണകൂടത്തിന്റെയും പോലീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്വീപ് പരിപാടിയില്‍  കട്ടപ്പന ഓശാനം സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അവതരിപ്പിക്കുന്ന വോട്ട് എന്റെ അവകാശം സ്‌കിറ്റും ഫ്‌ളാഷ് മോബും വോട്ടെടുപ്പിന്റെ പ്രസക്തി ലളിതമായും സരസമായും അവതരിപ്പിച്ച് കയ്യടി നേടി.  ഏപ്രില്‍ അഞ്ചിന് നെടുങ്കണ്ടം പടിഞ്ഞാറെക്കവലയില്‍ ആരംഭിച്ച ബോധവല്‍ക്കരണ പരിപാടി വീക്ഷിക്കാന്‍ ഓരോ വേദിയിലും തിരക്കേറി വരികയായിരുന്നു. പരിപാടി ഇടുക്കി അഡീഷണല്‍ പോലീസ് സൂപ്രണ്ട് മുഹമ്മദ് ഷാഫി കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി എ.ആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മധുസൂദനന്‍ എഴുതി തയ്യാറാക്കിയ വോട്ട് എന്റെ അവകാശം സ്‌കിറ്റ്, ഇലക്ഷന്‍ സ്വീപ് വിഭാഗത്തിലെ  ശ്രീകാന്ത് എം.ആര്‍, മധുസൂദനന്‍ എന്നിവര്‍ ചേര്‍ന്ന് ശബ്ദം നല്‍കി തയ്യാറാക്കി അവതരിപ്പിക്കുകയാണ്. ചടുല മനോഹരമായ നൃത്തരംഗങ്ങള്‍ കോര്‍ത്തിണക്കിയ ഫ്‌ളാഷ്‌മോബ് കഞ്ഞിക്കുഴി സ്‌കൂളിലെ അധ്യാപിക  പ്രസീദയാണ് കുട്ടികളെ പഠിപ്പിക്കുന്നത്. സ്റ്റുഡന്റ്‌സ് പോലീസ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡി.വൈ.എസ്.പി വിജയന്‍, അസി. ജില്ലാ നോഡല്‍ ഓഫീസര്‍ സുരേഷ് ബാബു, എ.എസ്.ഐ സുനില്‍ പി.എം, സ്വീപ് നോഡല്‍ ഓഫീസര്‍ കെ.എസ്. ശ്രീകല, ഡെപ്യൂട്ടി തഹസീല്‍ദാര്‍ ശ്രീജ, കലക്ടറേറ്റ് ജീവനക്കാര്‍ ശ്രീകാന്ത്, അസീസ്, പ്രമോദ് എന്നിവര്‍ എല്ലാവിധ സഹായങ്ങളുമായി ടീമിനൊപ്പമുണ്ട്. ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍, ജില്ലാ പോലീസ് സൂപ്രണ്ട്  കെ.ബി വേണുഗോപാല്‍, എ.ഡി.എം അനില്‍ ഉമ്മന്‍, ആര്‍.ഡി.ഒ എം.പി വിനോദ്, സബ്കലക്ടര്‍ രേണുരാജ്, തഹസീല്‍ദാര്‍മാര്‍ എന്നിവര്‍ പ്രോത്സാഹനവുമായി  സ്വീപിനൊപ്പമുണ്ട്. സ്വീപിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 10ന് വൈകിട്ട് 4.30 ന് കുമളി പഞ്ചായത്ത്  ബസ് സ്റ്റാന്‍ഡിനു സമീപം പൊതുവേദിയില്‍ പരിപാടി ഉണ്ടായിരിക്കും.

date