Skip to main content

27.14 ലക്ഷം സമ്മതിദായകര്‍ ഇന്ന് ബൂത്തിലേക്ക്; വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ

 

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്ന് (ഏപ്രില്‍ 23) രാവിലെ ഏഴിന് ആരംഭിക്കും. ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലായി 27.14 ലക്ഷത്തോളം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറിന് അവസാനിക്കും. 2715 പോളിങ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.

ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ 19 ഉം തിരുവനന്തപുരം മണ്ഡലത്തില്‍ 17ഉം സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ ഡോ. കെ. വാസുകി പറഞ്ഞു. വോട്ടെടുപ്പിനുള്ള സാധന സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയായി. വൈകുന്നേരത്തോടെ എല്ലാ ബൂത്തുകളിലും ഉദ്യോഗസ്ഥരും പോളിങ് സാമഗ്രികളും എത്തി. എല്ലാ പോളിങ് ബൂത്തുകള്‍ക്കും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പൂര്‍ണമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന വോട്ടെടുപ്പില്‍ എല്ലാ ബൂത്തുകളിലും വിവിപാറ്റ് ഉപയോഗിക്കുന്നുവെന്നതും ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രകാരം 27,14,164 സമ്മതിദായകരാണ് ജില്ലയിലുള്ളത്. ഇതില്‍ 14,23,857 പേര്‍ സ്ത്രീകളും 12,90,259 പേര്‍ പുരുഷന്മാരും 48 പേര്‍ ട്രാന്‍സ്‌ജെന്റേഴ്‌സുമാണ്.

    13,46,641 വോട്ടര്‍മാരാണ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ആകെയുള്ളത്. ഇതില്‍ 6,29,327 പേര്‍ പുരുഷന്മാരും 7,17,300 പേര്‍ സ്ത്രീകളുമാണ്. 14 ട്രാന്‍സ്‌ജെന്റേഴ്‌സ് മണ്ഡലത്തിലുണ്ട്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ 7,06,557 സ്ത്രീകളും 6,60,932 പുരുഷന്മാരും 34 ട്രാന്‍സ്‌ജെന്റേഴ്‌സുമടക്കം ആകെ സമ്മതിദായകര്‍ 13,67,523 ആണ്.

നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടര്‍മാരുടെ എണ്ണം ഇങ്ങനെ

ആറ്റിങ്ങല്‍

നിയമസഭാ മണ്ഡലം     പുരുഷന്മാര്‍     സ്ത്രീകള്‍     ട്രാന്‍സ്‌ജെന്റേഴ്‌സ്    ആകെ വോട്ടര്‍മാര്‍    
വര്‍ക്കല    85280    98898    0    184178    
ആറ്റിങ്ങല്‍    88970    106567    2    195539    
ചിറയിന്‍കീഴ്    87567    104891    0    192458    
നെടുമങ്ങാട്    95570    105317    4    200891    
വാമനപുരം    92047    104102    4    196153    
അരുവിക്കര    89823    99576    1    189400    
കാട്ടാക്കട    90070    97949    3    188022    

തിരുവനന്തപുരം

നിയമസഭാ മണ്ഡലം     പുരുഷന്മാര്‍     സ്ത്രീകള്‍     ട്രാന്‍സ്‌ജെന്റേഴ്‌സ്    ആകെ വോട്ടര്‍മാര്‍    
കഴക്കൂട്ടം    86393    94506    1    180900    
വട്ടിയൂര്‍ക്കാവ്    93347    102252    2    195601    
തിരുവനന്തപുരം    93227    99049    22    192298    
നേമം    93359    99397    6    192762    
പാറശാല    102934    110693    0    213627    
കോവളം    103470    107580    2    211052    
നെയ്യാറ്റിന്‍കര    88202    93080    1    181283    

    ജില്ലയിലെ 2013 വോട്ടര്‍മാര്‍ വിദേശത്തുണ്ട്. ഇതില്‍ 1746 പേര്‍ പുരുഷന്മാരും 267 പേര്‍ സ്ത്രീകളുമാണ്. ആറ്റിങ്ങല്‍ - 1071, തിരുവനന്തപുരം - 942 എന്നിങ്ങനെയാണ് വിദേശത്തുള്ളവരുടെ കണക്ക്.

മോക് പോളിങ് രാവിലെ ആറിന്

ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലും രാവിലെ ആറിന് മോക് പോളിങ് ആരംഭിക്കും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ വോട്ട് ചെയ്യുമ്പോള്‍ത്തന്നെ വിവിപാറ്റിലെ സ്ലിപ്പില്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിക്കു തന്നെയാണ് വോട്ട് രേഖപ്പെടുത്തപ്പെടുന്നത് എന്ന് ഉറപ്പിക്കും. രാഷ്ട്രീയ കക്ഷികളുടെ ഏജന്റുമാര്‍ എത്ര വോട്ടുകള്‍ ചെയ്തുവെന്നകാര്യം പേപ്പറിലും രേഖപ്പെടുത്തും. തുടര്‍ന്ന് വോട്ടിങ് മെഷീനില്‍ മോക്‌പോള്‍ ചെയ്ത വോട്ടും പേപ്പറില്‍ രേഖപ്പെടുത്തിയ വോട്ടും ഒത്തുനോക്കും. ഇതിനു ശേഷം വിവിപാറ്റിലെ സ്ലിപ്പുകള്‍ പുറത്തെടുത്ത് ഏജന്റുമാര്‍ ചെയ്ത സ്ഥാനാര്‍ഥിക്കു തന്നെയാണോ വോട്ട് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് എന്നു ഉറപ്പിക്കും. പരാതികളൊന്നുമില്ലെങ്കില്‍ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ക്ലിയര്‍ ചെയ്തു സീല്‍ വയ്ക്കും. ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും.

വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കൈയില്‍ കരുതണമെന്ന് ജില്ലാ വരണാധികാരിയായ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച 11 ഇനം തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നു ഹാജരാക്കി വോട്ട് ചെയ്യാവുന്നതാണെന്നും കളക്ടര്‍ അറിയിച്ചു.

പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു നല്‍കിയിട്ടുള്ള ഫോട്ടോപതിച്ച ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക്, പോസ്റ്റ് ഓഫിസ് എന്നിവയുടെ ഫോട്ടോപതിച്ച പാസ്ബുക്ക്, പാന്‍ കാര്‍ഡ്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പ്രകാരം നല്‍കിയിട്ടുള്ള സ്മാര്‍ട്ട് കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്, തൊഴില്‍ മന്ത്രാലയം നല്‍കിയിട്ടുള്ള ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോപതിച്ച പെന്‍ഷന്‍ രേഖകള്‍, എംപി, എം.എല്‍.എ, എം.സി.സിമാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും രേഖ കൈവശമുണ്ടെങ്കില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ആകെ പോളിങ് ബൂത്തുകള്‍ 2715

ജില്ലയിലെ 2715 പോളിങ് ബൂത്തുകളിലായാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള ബൂത്തുകളുടെ എണ്ണം ഇങ്ങനെ

വര്‍ക്കല - 193, ആറ്റിങ്ങല്‍ - 204, ചിറയിന്‍കീഴ് - 198, നെടുമങ്ങാട് - 210, വാമനപുരം - 212, കഴക്കൂട്ടം - 165, വട്ടിയൂര്‍ക്കാവ് - 168, തിരുവനന്തപുരം - 178, നേമം - 180, അരുവിക്കര - 210, പാറശാല - 214, കാട്ടാക്കട - 183, കോവളം - 215, നെയ്യാറ്റിന്‍കര 185.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് പാറശാല നിയമസഭാ മണ്ഡലത്തിലെ 111-ാം നമ്പര്‍ ബൂത്തിലാണ്. 656 പുരുഷന്മാരും 770 സ്ത്രീകളുമടക്കം 1426 സമ്മതിദായകര്‍ക്കാണ് ഈ ബൂത്തില്‍ വോട്ടുള്ളത്. വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ 121-ാം നമ്പര്‍ ബൂത്താണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 686 പുരുഷന്മാരും 739 സ്ത്രീകളുമടക്കം 1425 വോട്ടര്‍മാര്‍ ഈ ബൂത്തിലുണ്ട്.

വാമനപുരം നിയമസഭാ മണ്ഡലത്തിലെ 120-ാം ബൂത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാര്‍. 88 സ്ത്രീകളും 77 പുരുഷന്മാരുമടക്കം 165 വോട്ടര്‍മാരേ ഈ ബൂത്തിലുള്ളൂ. നെടുമങ്ങാട് മണ്ഡലത്തിലെ എട്ടാം നമ്പര്‍ ബൂത്താണ് ഇക്കാര്യത്തില്‍ രണ്ടാമത്. 299 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 122 സ്ത്രീകളും 177 പുരുഷന്മാരും.

പ്രശ്‌നസാധ്യതാ ബൂത്തുകള്‍ 835

ജില്ലയിലെ 835 പോളിങ് ബൂത്തുകള്‍ പ്രശ്‌ന സാധ്യതയുള്ളതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇവിടങ്ങളില്‍ പ്രത്യേക സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ 97 ഏണ്ണം അതീവ പ്രശ്‌നസാധ്യതാ ബൂത്തുകളാണെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രശ്‌നസാധ്യതയുള്ള 132 പോളിങ് സ്‌റ്റേഷനുകളില്‍ വെബ് കാസ്റ്റിങും 129 മേഖലകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

വോട്ടെടുപ്പിനു ശേഷം യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമിലേക്ക്;
സുരക്ഷയ്ക്ക് കേന്ദ്ര സേന

വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ഓരോ ബൂത്തുകളില്‍നിന്നുമുള്ള വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും നാലാഞ്ചിറ മാര്‍ ഇവാനിയോസ് നഗറിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കു മാറ്റും. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലൊരുക്കുന്ന വോട്ടെണ്ണല്‍ കേന്ദ്രത്തിലെ അതി സൂരക്ഷാ സ്‌ട്രോങ് റൂമിലാകും മേയ് 23 വരെ ഈ യന്ത്രങ്ങള്‍ സൂക്ഷിക്കുന്നത്. കേന്ദ്ര സേനയുടെ അതീവ സുരക്ഷയും നിരീക്ഷണവും ഇവിടെ ഏര്‍പ്പെടുത്തും. സിസിടിവി അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

വര്‍ക്കല മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ സര്‍വോദയ വിദ്യാലയ ഓഡിറ്റോറിയത്തിലെ സ്‌ട്രോങ് റൂമിലാണ് സൂക്ഷിക്കുന്നത്. ആറ്റിങ്ങല്‍ - സര്‍വോദയ വിദ്യാലയ ലിറ്റില്‍ഫ്ളവര്‍ ഓഡിറ്റോറിയം(രണ്ടാം നില), ചിറയിന്‍കീഴ് - സര്‍വോദയ വിദ്യാലയ ഓഡിറ്റോറിയം, നെടുമങ്ങാട് - സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്. ഹാള്‍, വാമനപുരം - സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്. ഹാള്‍, കഴക്കൂട്ടം - സര്‍വോദയ വിദ്യാലയ സെന്റ് പീറ്റേഴ്സ് ബ്ലോക്ക് ഓഡിറ്റോറിയം മെയിന്‍ ബില്‍ഡിങ്, വട്ടിയൂര്‍ക്കാവ് - മാര്‍ തിയോഫിലസ് ട്രെയിനിങ് കോളജ്, തിരുവനന്തപുരം - മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയം, നേമം - മാര്‍ തിയോഫിലസ് ട്രെയിനിങ് കോളജ്, അരുവിക്കര - ജയ് മാതാ ഐ.ടി.സി, പാറശാല - മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം, കാട്ടാക്കട - മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം, കോവളം - മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയം, നെയ്യാറ്റിന്‍കര മാര്‍ ഇവാനിയോസ് കോളജ് ബി.വി.എം.സി. ഹാള്‍ എന്നിങ്ങനെയാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകള്‍.

കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് പൊതുജനങ്ങള്‍ക്കു വിളിക്കാം. ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലുള്ളവര്‍ക്ക് 0471-2731122 എന്ന നമ്പരിലും തിരുവനന്തപുരം മണ്ഡലത്തിലുള്ളവര്‍ക്ക് 0471-2731022 എന്ന നമ്പരിലും ബന്ധപ്പെടാവുന്നതാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന മീഡിയാ കണ്‍ട്രോല്‍ റൂമിലേക്ക് 0471-2732922, 2732422, 2731300, 9496003215 എന്നീ നമ്പരുകളില്‍ മാധ്യമ സുഹൃത്തുക്കള്‍ക്ക് വിളിക്കാവുന്നതാണ്.
(പി.ആര്‍.പി. 513/2019)

 

date