Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പ് -ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 31.37 ലക്ഷം വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ

 

ജില്ലയില്‍ ലോക്‌സഭാതെരഞ്ഞെടുപ്പിനുള്ള എല്ലാം ഒരുക്കങ്ങളും പൂര്‍ത്തിയായി. 31,36,191 വോട്ടര്‍മാര്‍  ഇന്ന് വിധിയെഴുതും. 15,68,239 പുരുഷ•ാരും 15,67,944 സ്ത്രീ വോട്ടര്‍മാരും 8 മൂന്നാം ലിംഗക്കാരുമാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലങ്ങളിലായി എട്ട് സ്ഥാനാര്‍ത്ഥികളും പൊന്നാനി മണ്ഡലത്തില്‍ 12 സ്ഥാനാര്‍ത്ഥികളുമാണ് മത്സര രംഗത്തുള്ളത്. ജില്ലയില്‍ ആകെ 2750 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ഓരോ പോളിങ് സ്റ്റേഷനിലും ഒരു പ്രിസൈഡിങ് ഓഫീസറും മൂന്ന് പോളിങ് ഓഫീസര്‍മാരും ഡ്യൂട്ടിക്കുണ്ടാകും. 2750 പ്രിസൈഡിങ് ഓഫീസറും  8250 പോളിങ് ഉദ്യോഗസ്ഥരും 2204 റിസര്‍വ് ഉദ്യോഗസ്ഥരുമടക്കം 13204 ഉദ്യോഗസ്ഥരെയാണ് ജില്ലയിലെ ബൂത്തുകളില്‍ നിയോഗിച്ചിട്ടുള്ളത്. വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ 16 ഉപവരണാധികാരികളുടെ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം.
ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും വി.വി പാറ്റ് മെഷീന്‍ ഉപയോഗിക്കുന്ന ആദ്യത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 3856 വി.വി പാറ്റ് മെഷീനും 3747 ഇലക്‌ട്രോണിക് മെഷീനും 3747 കണ്‍ട്രോള്‍ യൂനിറ്റുമാണ് ജില്ലയിലെ വോട്ടിങിനായി സജ്ജീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ മെഷീനുകള്‍ സജ്ജീകരിക്കുന്നത് വയനാട് മണ്ഡലം ഉള്‍പ്പെടുന്ന വണ്ടൂരിലാണ്.  തെരഞ്ഞെടുപ്പു വേളയില്‍ മെഷീനുകള്‍ക്ക് തകരാറുണ്ടായാല്‍ പരിഹരിക്കുന്നതിനായി ഇലക്‌ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ 77 എന്‍ജിനീയര്‍മാര്‍ ജില്ലയിലെത്തിയിട്ടുണ്ട്.

ലോക സഭാ തെരഞ്ഞെടുപ്പ് പൂര്‍ണമായും ഭിന്ന ശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി 369 വാഹനങ്ങളും 10 ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ വീട്ടില്‍ വാഹനം എത്തുന്ന സമയം ബി.ല്‍.ഒ മുഖേന മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. ഓരോ വില്ലേജ് തല കോണ്‍ട്രാക്ട് പോയന്റിനും രണ്ട് വോളണ്ടിയര്‍മാര്‍ ഉണ്ടാവും.  പോളിങ് ബൂത്തിലും ഓരോ വീല്‍ ചെയര്‍ സജീകരിച്ചിട്ടുണ്ട്. ഓരോ വില്ലേജ് കോണ്‍ട്രാക്ട് പോയന്റിലും ഒരു സ്‌ട്രെച്ചര്‍ സൗകര്യവും ഉണ്ടായിരിക്കും. കൂടാതെ പ്രത്യേക റാമ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
എല്ലാ മണ്ഡലങ്ങളിലും ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മാവോവാദി സാന്നിധ്യമുള്‍പ്പടെയുള്ള 67 പ്രശ്നബാധിത ബൂത്തുകളിലും പ്രത്യേക ആന്റി നക്സല്‍ ഫോഴ്‌സ് പ്രവര്‍ത്തിക്കും. ആറ് കമ്പനി കേന്ദ്ര സായുധ സേനയും കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സേനയും സുരക്ഷക്കായി ഉണ്ടാകും. പോളിങ് ബൂത്തുകളിലും 170 ഗ്രൂപ്പുകള്‍ പട്രോളിംഗ് നടത്തും.

 

date