Skip to main content

പ്രശ്നബാധിത ബൂത്തുകളില്‍ പ്രത്യേക ക്യാമറക്കണ്ണുകള്‍ കണ്‍ട്രോള്‍ റൂമില്‍ തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാക്കും

 

വോട്ടെടുപ്പ് ദിനത്തില്‍ പ്രശ്നബാധിത ബൂത്തുകളിലെ സംഭവവികാസങ്ങള്‍ ഒപ്പിയെടുക്കാന്‍ പ്രത്യേക ക്യാമറസംവിധാനം. ജില്ലയിലെ 55 പ്രശ്നബാധിത ബൂത്തുകളില്‍ നിന്നുള്ള വോട്ടെടുപ്പ് ദൃശ്യങ്ങള്‍ തത്സമയം ലഭ്യമാക്കാനും രേഖപ്പെടുത്താനും അക്ഷയയെയും ഐ.ടി മിഷനുമാണ് വെബ്കാം സംവിധാനമൊരുക്കിയിരിക്കുന്നത്. കെല്‍ട്രോണിന്റെ പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. ഇതിനായി തിങ്കളാഴ്ച (ഏപ്രില്‍ 22) ട്രെയല്‍ റണ്‍ നടത്തി.
വോട്ടെടുപ്പ് ദിനത്തില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ പ്രശ്നബാധിത ബൂത്തുകളിലെ ദൃശ്യങ്ങള്‍ വെബ്കാമിലൂടെ തത്സമയം ലഭ്യമാക്കും. ഈ ദൃശ്യങ്ങള്‍ അത്രയും കെല്‍ട്രോണിന്റെ സോഫ്റ്റ് വെയര്‍ മുഖേന രേഖപ്പെടുത്തുകയും ചെയ്യും. ജില്ലയിലെ അക്ഷയ സംരംഭകരാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നതെന്ന് ജില്ലാ പ്രൊജക്ട് മാനേജര്‍ മെവിന്‍ വര്‍ഗ്ഗീസ് പറഞ്ഞു. കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ ആറ് ജീവനക്കാരും പോളിങ് ബൂത്തുകളിലേക്കായി അക്ഷയ സംരഭകരുടെ 78 പ്രതിനിധികളെയുമാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമെ കണ്‍ട്രോള്‍ റൂമില്‍ ആറ് ഐ.ടി മിഷന്‍ ജീവനക്കാരുമുണ്ട്. പോളിങ് ബൂത്തുകളില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാക്കുന്നതിനായി ബിഎസ്എന്‍എല്ലാണ് ഇന്റര്‍നെറ്റ് സൗകര്യമൊരുക്കുന്നത്. സെക്ടറല്‍ ഓഫീസര്‍മാര്‍ പോളിങ് ബൂത്തുകളിലേക്കുള്ള വൈദ്യുതി ലഭ്യതയും ഉറപ്പാക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള  നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള മലയോര മേഖലകളിലും തീരമേഖലയിലുമാണ് വെബ്കാം സംവിധാനമൊരുക്കിയിട്ടുള്ളത്. ഇത്തരം മേഖലകളില്‍ കേന്ദ്രസേനയുടേത് ഉള്‍പ്പെടെ സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

date