Skip to main content

പ്രാരംഭക്രമീകരണങ്ങള്‍ പോളിങ് തുടങ്ങുന്നതിന് 60 മിനുറ്റ് മുമ്പ് തുടങ്ങണം

 

പോളിങ് തുടങ്ങുന്നതിന് 60 മിനുറ്റ് മുമ്പ് പ്രാരംഭക്രമീകരണങ്ങള്‍ ഒരുക്കണമെന്ന നിര്‍ദേശം ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രാരംഭ ക്രമീകരണങ്ങള്‍ സംബന്ധിച്ച വിവരം പോളിംഗ് ഏജന്റുമാരെ മുന്‍കൂട്ടി അറിയിക്കണമെന്നാണ് നിര്‍ദേശം. നിശ്ചിത സമയത്ത് തന്നെ മോക് പോള്‍ ആരംഭിക്കണം. ഇതിന് ശേഷം ഡീലിറ്റ് ചെയ്യണം. പോളിംഗ് രാവിലെ ഏഴിന് തന്നെ കൃത്യമായി തുടങ്ങണമെന്നാണ് നിര്‍ദേശം. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പുള്ള പ്രഖ്യാപനം നടത്തണം. മാര്‍ക്ക്ഡ് കോപ്പി സൂക്ഷിക്കുകയും വോട്ടര്‍മാരെ തിരിച്ചറിയുകയും വേണം. വോട്ടര്‍ ബൂത്ത് വിട്ടുപോകുന്നതിന് മുമ്പ് അയാളുടെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. വോട്ടര്‍മാര്‍ക്ക് നില്‍ക്കുന്നതിന് ആവശ്യമായ ഇടം, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം കാത്തുനില്‍ക്കാനുള്ള സൗകര്യം എന്നിവ ഉറപ്പുവരുത്തണം. സ്ത്രീകള്‍, കൈകുഞ്ഞുങ്ങളുമായി വരുന്നവര്‍, ശാരീരിക വിഷമതകള്‍ അനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. പോളിംഗ് ഏജന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും ഇരിപ്പിടം വോട്ടര്‍മാരെ ശരിയായി കാണുന്ന വിധത്തിലായിരിക്കണം, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പരസ്യങ്ങളോ മുദ്രാവാക്യങ്ങളോ പോളിംഗ് സ്റ്റേഷന്‍ പരിസരങ്ങളിലുണ്ടെങ്കില്‍ പോലീസ് സഹായത്തോടെ പ്രിസൈഡിംഗ് ഓഫീസര്‍ അവ നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

 

date