Skip to main content

ആരോഗ്യജാഗ്രതാ ക്യാമ്പയിന്‍ മെയ് 11ന് തുടക്കം

ജില്ലയിലെ  പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  മെയ് 11, 12 തീയതികളില്‍ 'ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്തപരിസരം ' എന്ന സന്ദേശത്തോടെ  ക്യാമ്പയിനായി നടത്തും. തദ്ദേശ സ്വയംഭരണ വകുപ്പ്, ഇതര വകുപ്പുകള്‍, ഏജന്‍സികള്‍, മിഷനുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ബഹുജന പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ചു കൊണ്ടാണ് മാലിന്യ സംസ്‌കരണ ശുചീകരണ പ്രവര്‍ത്തനങ്ങളും കൊതുകുനിവാരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നത്.
ഗാര്‍ഹികതലം, സ്ഥാപനതലം, പൊതുതലം എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് ക്യാമ്പയിന്‍ നടത്തുന്നത്. മാലിന്യമുക്ത പരിസരം എന്ന ലക്ഷ്യത്തോടു കൂടി നടത്തുന്ന ക്യാമ്പയിനില്‍ വാര്‍ഡ് തലത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
ഹരിത കര്‍മ്മ സേന, എന്‍.എസ്.എസ്., ഹരിത കേരളം, ശുചിത്വമിഷന്‍, എന്‍.സി.സി, എന്‍.ജി.ഒ, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ഭാഗമായി ഉറവിട സംസ്‌കരണം ജൈവ മാലിന്യങ്ങള്‍ ഉറവിടത്തു തന്നെ സംസ്‌കരിക്കുകയും മറ്റ് അജൈവ മാലിന്യങ്ങള്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫോഴ്‌സിനു കൈമാറുകയും ചെയ്യും. റോഡുകള്‍, ഓടകള്‍, തോട്, കിണര്‍ വൃത്തിയാക്കല്‍, കുറ്റിച്ചെടി, കുളവാഴ, പായല്‍, തുടങ്ങിയ ജലസസ്യങ്ങള്‍ നീക്കം ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തും. കൊതുക്, എലി, മറ്റ് മൃഗങ്ങള്‍ തുടങ്ങിയവ വഴി ഉണ്ടാക്കുന്ന രോഗങ്ങളെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനങ്ങള്‍, കൊതുക് പെരുകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തല്‍, പൊതുസ്ഥലങ്ങള്‍, തോടുകള്‍, നിര്‍മ്മാണ സ്ഥലങ്ങള്‍ തുടങ്ങിയവയില്‍ ശുചിത്വ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യും.
ക്യാമ്പയിനിങിന്റെ ഭാഗമായി പൊതുപരിപാടികള്‍, ആഘോഷങ്ങള്‍, ഉത്സവങ്ങള്‍, വിവാഹങ്ങള്‍, നോമ്പുതുറ സല്‍ക്കാരങ്ങള്‍ എന്നിവ ഗ്രീന്‍ പ്രോട്ടോകോളിന്റെ പരിധിയില്‍ കൊണ്ടുവരും.

 

date