Skip to main content

ചികിത്സാ പിഴവ് : അന്വേഷണ റിപ്പോർട്ട്  ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ 

തൃശൂർ സഹകരണ ആശുപത്രിയിൽ പുറംവേദനക്ക് ചികിത്സിക്കാനെത്തിയ സോഫറ്റ്വെയർ എഞ്ചിനീയറായ യുവതി ചികിത്സയ്ക്ക് ശേഷം അബോധാവസ്ഥയിലായ സംഭവത്തിൽ ചികിത്സാ പിഴവിനെ കുറിച്ചുള്ള അനേ്വഷണത്തിനായി സർക്കാർ നിയോഗിച്ച സ്റ്റേറ്റ് അപ്പക്സ് ബോഡിയുടെ അനേ്വഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. റിപ്പോർട്ടിൻ മേൽ സർക്കാർ സ്വീകരിച്ച നടപടികൾ അടിയന്തിരമായി അറിയിക്കണമെന്നും കമ്മീഷൻ അംഗം പി. മോഹനദാസ് ഉത്തരവിൽ ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കുമാണ് റിപ്പോർട്ട് ഹാജരാക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയത്. അനീഷാ റിൻസൻ(24) എന്ന യുവതിയാണ് ചികിത്സാപിഴവിന് ഇരയായത്. പുറംവേദനക്ക് ചികിത്സയ്ക്കെത്തിയ യുവതിക്ക് തൃശൂർ സഹകരണ ആശുപത്രിയിലെ ഡോക്ടർമാർ ചില മരുന്നുകൾ നൽകുകയും പിന്നീട് ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു. ശസ്ത്രക്രിയയെ തുടർന്ന് യുവതിയുടെ ആരോഗ്യനില വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സംഭവത്തെ കുറിച്ച് അനേ്വഷിക്കാൻ ഒരു സമിതിയെ നിയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഡോക്ടർമാർ ചികിത്സ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ സമിതിക്ക് കൈമാറിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡോക്ടർമാരുടെ മൊഴിയിലെ വൈരുദ്ധ്യം കാരണം കൃത്യമായ അനുമാനത്തിലെത്താൻ സമിതിക്ക് കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. തുടർന്ന് സ്റ്റേറ്റ് അപ്പക്സ് ബോർഡിന് അനേ്വഷണം കൈമാറി. ഇതിനകം ലക്ഷക്കണക്കിന് രൂപ ചികിത്സയ്ക്കായി ചെലവായിട്ടുണ്ട്. ചികിത്സാ പിഴവ് സംബന്ധിച്ച സത്യം കണ്ടെത്താൻ സ്റ്റേറ്റ് അപ്പക്സ് ബോഡിയുടെ റിപ്പോർട്ട് അനിവാര്യമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കേസ് ജൂണിൽ തൃശൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. ഡോ. ദേവദാസും എം.ടി ഡേവിഡും നൽകിയ പരാതിയിലാണ് നടപടി

date