Skip to main content

റേഷന്‍ കാര്‍ഡ്- മുന്‍ഗണാ പട്ടികയിലെ 33624 അനര്‍ഹരെ പൊതു വിഭാഗത്തിലേക്ക് മാറ്റി

      ജില്ലയില്‍ വസ്തുതകള്‍ മറച്ചുവെച്ച് മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയ 33624 കുടുംബങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി പൊതു വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. വകുപ്പുതല പരിശോധനയിലൂടെയും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും നാല് ചക്രവാഹനമുള്ളവരുടെയും 1000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വീടുള്ളവരുടെയും വിവരങ്ങള്‍ ലഭ്യമാക്കി ഡേറ്റാമാപ്പിങ് നടത്തിയുമാണ് അനര്‍ഹരെ കണ്ടെത്തി പൊതു വിഭാഗത്തിലേയ്ക്ക് മാറ്റിയത്.      
 അന്തിമ മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹര്‍ക്ക് ലഭിച്ച കാര്‍ഡുകള്‍ സ്വമേധയാ മാറ്റുന്നതിന് അവസരം നല്‍കിയിരുന്നു. മുന്‍ഗണനാ പട്ടികയില്‍ കടന്നു കൂടിയ അനര്‍ഹര്‍ക്ക് നിശ്ചിത തുക പിഴയാണ്  ഈടാക്കിയിട്ടുള്ളത്. ഇനിയും വസ്തുതകള്‍ മറച്ചുവെച്ച് മുന്‍ഗണ പട്ടികയില്‍ തുടരുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും അനര്‍ഹമായി ഉള്‍പ്പെട്ട കാലയളവിലെ റേഷന്‍ വിഹിതത്തിലെ  കമ്പോള വില ഈടാക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്കും താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കും സിവില്‍ സപ്ലൈസ് ഓഫീസര്‍മാര്‍ക്കും സിവില്‍ സപ്ലൈസ് കമ്മിഷണര്‍  നിര്‍ദേശം നല്‍കിയിട്ടുണ്ട്.
    ജില്ലയില്‍ നിലവില്‍ 917947 കാര്‍ഡുടമകളാണുള്ളത്. മുന്‍ഗണനാ വിഭാഗത്തില്‍ 367340 കാര്‍ഡുടമകളും പൊതുവിഭാഗത്തില്‍ 193596 ഉം അന്ത്യോദയ അന്നയോജന വിഭാഗത്തില്‍ 53023 ഉം സബ്‌സിഡി വിഭാഗത്തില്‍ 303988 കാര്‍ഡുടമകളാണുമുള്ളത്.
      പി.ഡി.എസ്. കണ്‍ട്രോള്‍ ഓര്‍ഡര്‍ 2015 ക്ലാസ് (3) (13) പ്രകാരം മുന്‍ഗണനാപട്ടികയുടെ ശുദ്ധീകരണം തുടര്‍ പ്രക്രിയയായതിനാല്‍ വകുപ്പുതല പരിശോധനകള്‍ തുടരും. പരിശോധനകളില്‍ വസ്തുതകള്‍ മന:പൂര്‍വ്വം മറച്ചുവച്ച് ബോധപൂര്‍വ്വം ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന് ബോധ്യപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.  ആരെങ്കിലും അനര്‍ഹമായി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട റേഷന്‍ കാര്‍ഡ് നമ്പര്‍ സഹിതം പരാതി സമര്‍പ്പിക്കാം. ജില്ലാ സപ്ലൈ ഓഫീസര്‍ക്കും താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കും സിവില്‍ സപ്ലൈസ് ഓഫീസര്‍മാര്‍ക്കും പരാതികള്‍ സമര്‍പ്പിക്കാം. പൊതുപരാതികളും പരിഗണിക്കപ്പെടും. പരാതിപ്പെടുന്ന ആളെക്കുറിച്ചുള്ള വിവരം രഹസ്യമായി സൂക്ഷിക്കും.

 

date