Skip to main content

ഡെങ്കി ദിനാചരണം ഇന്ന് ; അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക പരിപാടികള്‍

 

ദേശീയ ഡെങ്കിദിനമായ ഇന്ന് (മെയ് 16)് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍  പ്രത്യേക പരിപാടികള്‍ നടത്തും. മഞ്ചേരി കുത്തുകല്‍ പ്രദേശത്ത് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലം സന്ദര്‍ശിച്ച് ഉറവിട മാലിന്യ സംസ്‌കരണവും ശുചീകരണവും നടത്തും. രാവിലെ ഏഴ് മുതല്‍ 9.30 വരെയാണ് പരിപാടി. നഗരസഭ ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് ജീവനക്കാര്‍, ആശ, അങ്കണവാടി കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുക്കും. രാവിലെ 10ന് മഞ്ചേരി നഗരസഭാ ടൗണ്‍ഹാളില്‍ നടക്കുന്ന ജില്ലാതല സെമിനാര്‍ വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ് ഉദ്ഘാടനം ചെയ്യും.
മെയ് 16 രാവിലെ 11 വരെ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് അവരവരുടെ ഓഫീസുകളിലും പരിസരങ്ങളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. തുടര്‍ന്ന് ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട വകുപ്പുകളെ സംയോജിപ്പിച്ച് ഇന്റര്‍ സെക്ടറല്‍ മീറ്റിങ് സംഘടിപ്പിക്കും. ഉച്ചക്ക് ശേഷം ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമായി ഡെങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ക്ലാസുകളും സംഘടിപ്പിക്കും.
മെയ് 17ന് തോട്ടങ്ങളിലും പറമ്പുകളിലും കൊതുകിന് വളരാന്‍ സഹായകരമായ രീതിയില്‍ ഉപേക്ഷിക്കപ്പെട്ട ചിരട്ടകള്‍ പാളകള്‍ എന്നിവ നീക്കം ചെയ്തിട്ടുണ്ടോ എന്ന് പരിശോധന നടത്തും. ഇതിന് മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തോട്ടമുടമകളുടെ യോഗം വിളിച്ച് ചേര്‍ക്കാനും പ്രതിരോധമാര്‍ഗ്ഗങ്ങള്‍ അറിയിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മെയ് 18ന് അതിഥി സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി ആവശ്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. തുടര്‍ന്ന് മെയ് 20, 21 തീയതികളില്‍ സംയോജിത കൊതുക് നിയന്ത്രണ പരിപാടികള്‍ വാര്‍ഡ് തലത്തില്‍ വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. മുന്‍ കാലങ്ങളില്‍ കാര്യമായ തോതില്‍ പകര്‍ച്ചപ്പനിയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ പ്രത്യേകമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതിനായി  കുടുംബശ്രീ, ആശ വര്‍ക്കര്‍മാര്‍, ട്രോമകെയര്‍ വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനവും ലഭ്യമാക്കും.

 

date