Skip to main content

  ദേശീയ ഡങ്കിപ്പനി ദിനാചരണം;  ജില്ലാതല ഉദ്ഘാടനം ഇന്ന് 

ദേശീയ ഡങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും സെമിനാറും ഇന്ന് (മെയ് 16) രാവിലെ 10 മണിക്ക് മരുതോങ്കര പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ നടക്കും. സെമിനാറില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ജയശ്രീ വി മുഖ്യ പ്രഭാഷണവും ജില്ലാ സര്‍വയിലന്‍സ് ഒഫീസര്‍ ഡോ.ആശാ ദേവി വിഷയാവതരണവും നടത്തും. മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ മലേറിയാ ഓഫീസര്‍ മറ്റു പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സെമിനാറില്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. കന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്ത്, മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം.സതി മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ 8 മണിക്ക് മരുതോങ്കര ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി, കുടുംബശ്രീ, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനവും ഉറവിടനശീകരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.

 ഡങ്കിപ്പനിയെക്കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജനങ്ങളില്‍ അവബോധമുണ്ടാക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ഈഡിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. ഡങ്കു വൈറസാണ് രോഗകാരി. ഡങ്കി വൈറസുകള്‍ 4 ഉപവിഭാഗത്തില്‍ ഉണ്ട്. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത ശശീരവേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, പേശീ വേദന, തൊലിപ്പുറമെ ഉണ്ടാകുന്ന ചുവന്ന പാടുകള്‍ എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ചിലരില്‍ രോഗം മൂര്‍ഛിച്ച് മരണം വരെ സംഭവിക്കാം.

കൊതുകുകടിയിലൂടെ മാത്രമാണ് രോഗം പകരുന്നത്. അലക്ഷ്യമായി വലിച്ചെറിയുന്ന വസ്തുക്കളില്‍ വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ വളരും. ഉറവിടനശീകരണം, ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരണം, വെള്ളക്കെട്ടുകള്‍ ഇല്ലാതാക്കല്‍ എന്നിവയിലൂടെ ഈഡിസ് കൊതുകളുടെ വംശവര്‍ദ്ധന തടയാം. വിവിധ വകുപ്പുകളുടേയും പൊതുജനങ്ങളുടേയും കൂട്ടായ സഹകരണത്തിലൂടെ മാത്രമേ ലക്ഷ്യം കൈവരിക്കാന്‍ കഴിയുകയുള്ളൂ. ജില്ലയില്‍ ഈ വര്‍ഷം 16 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മരുതോങ്കര, കുണ്ടുതോട് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍ റിപോര്‍ട്ടു ചെയ്തിട്ടുള്ളത്.

date