Skip to main content

കൗണ്ടിങ് സ്റ്റാഫിന് നല്‍കുന്നത്  പ്രായോഗിക പരിശീലനം

മേയ് 23 ന് നടക്കുന്ന വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കൗണ്ടര്‍ സൂപ്പര്‍വൈസര്‍മാര്‍, അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്ക് നല്‍കുന്നത് പ്രായോഗിക പരിശീലനം. ഇവിഎം മെഷീനില്‍ നിന്നും റിസള്‍ട്ട് പരിശോധിച്ച് ബന്ധപ്പെട്ട ഫോമുകളില്‍ വിവരങ്ങള്‍ ചേര്‍ക്കുക, നിര്‍ണയിക്കപ്പെട്ട രീതിയില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുക എന്നിവയാണ് ഇവരുടെ പ്രധാന ചുമതലകള്‍. 17, 18 തീയ്യതികളില്‍ റിട്ടേണിങ് ഓഫീസര്‍ ഡോ. ഡി സജിത്ത് ബാബുവിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടക്കുന്ന പരിശീലനം കൗണ്ടിങ് ഹാളില്‍ നടക്കുന്ന അതേ മാതൃകയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. പോളിങ് സ്റ്റേഷനില്‍  നടക്കുന്ന അതേ പ്രവര്‍ത്തനം നടത്തി സീല്‍ ചെയ്ത് തയ്യാറാക്കിയിട്ടുള്ള 10 മോഡല്‍ വോട്ടിങ് മെഷീനുകളും വിവിപാറ്റ് പ്രിന്ററുകളുമാണ് യഥാര്‍ത്ഥ കൗണ്ടിങ് ഹാളിലേത് പോലെ പരിശീലനത്തിനായി നല്‍കുക.

പരിശീലനം നല്‍കുന്ന പരിശീലകര്‍ക്കുള്ള പരിശീലനവും ഇതോടൊപ്പം നടന്നു. ട്രെയിനിങ് നോഡല്‍ ഓഫീസര്‍ കെ വിനോദ്കുമാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കൗണ്ടിങ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റുമാര്‍ എന്നിവര്‍ കൂടാതെ ഓരോ കൗണ്ടിങ് ടേബിളിനും ഓരോ മൈക്രോ ഒബ്‌സര്‍വര്‍മാരെ കൂടി നിയമിച്ചു. ഇവര്‍ക്കുള്ള പരിശീലനം 21 ന് നല്‍കും. 17, 18 തീയ്യതികളില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പൊതു നിര്‍ദ്ദേശങ്ങള്‍ റിട്ടേണിങ് ഓഫീസര്‍നല്‍കും. അതിന് ശേഷം ഇവരെ വിവിധ ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പിനും തയ്യാറാക്കിവച്ചിരിക്കുന്ന മോഡല്‍ വോട്ടിങ് മെഷീന്‍, വിവി പാറ്റും നല്‍കി യതാര്‍ത്ഥ മെഷീനില്‍  വോട്ട് എണ്ണുന്ന അതേതരത്തില്‍ ഈ മെഷീനുകളില്‍ എണ്ണം നടത്തും. വോട്ടെണ്ണല്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള മാതൃക ഫോറങ്ങളും നല്‍കും. വോട്ടെണ്ണല്‍ സംബന്ധിച്ച പ്രായോഗിക പരിശീലനം ഓരോരുത്തര്‍ക്കും ലഭിച്ചു എന്ന് ഉറപ്പ് വരുത്തും.  

 

date