Skip to main content

പൊതു വിദ്യാലയ പ്രവേശനം വിദ്യാര്‍ഥികള്‍ക്ക് ഊഷ്മള വരവേല്പ്

 

 

 

പൊതു വിദ്യാലയങ്ങളിലേക്ക് മുഴുവന്‍ കുട്ടികളേയും എത്തിക്കുന്നതിനുള്ള വിദ്യാലയ പ്രവേശന യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. ഗൃഹസന്ദര്‍ശന ക്യാമ്പയിന്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നുള്ള വരവേല്‍പിന്റെ ജില്ലാതല ഉദ്ഘാടനം കോക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതല വഹിക്കുന്ന വി.പി മിനി വിദ്യാര്‍ഥികളെ പൂച്ചെണ്ടു നല്‍കി വരവേറ്റു. സ്‌കൂളില്‍ പുതുതായി പ്രവേശനം നേടിയ 550 വിദ്യാര്‍ഥികളും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു. അണ്‍ എയ്ഡഡ് മേഖലയില്‍ നിന്ന് ഈ വിദ്യാലയത്തിലേക്കു മാത്രം 155 വിദ്യാര്‍ഥികള്‍ പുതുതായി പ്രവേശനത്തിനെത്തി. എട്ടാം ക്ലാസിലേക്ക് മാത്രമായി 462 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. 

 

മെയ് 20 മുതല്‍ 30 വരെയാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തോറും 'വരവേല്‍പ്പ്' സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുന്നര ലക്ഷം വിദ്യാര്‍ഥികളാണ് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും പൊതു വിദ്യാലയങ്ങളിലെത്തിയത്. എല്ലാ കുട്ടികളും പൊതു വിദ്യാലയങ്ങളിലേക്ക് എന്ന സന്ദേശവുമായി നടത്തുന്ന തീവ്രയജ്ഞ പരിപാടി സമഗ്ര ശിക്ഷാ കേരളയുമായി ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്.

 

ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ വി പദ്മനാഭന്‍ അധ്യക്ഷനായി. സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് ഓഫീസര്‍ എം കെ മോഹന്‍കുമാര്‍ വരവേല്പ് സന്ദേശം നല്‍കി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബി മധു, ഡി പി ഒ പി ടി ഷാജി, പ്രിന്‍സിപ്പാള്‍ എം കെ ഗണേശന്‍, ഡി ഇ ഒ എന്‍ മുരളി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ എം രഘുനാഥ്, കെ റജീന, പി ടി എ പ്രസിഡന്റ് മുസ്തഫ ദാരുകല, പി പ്രമോദ്, പ്രധാനാധ്യാപകന്‍ കെ കെ ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. 

date