Skip to main content

അവാര്‍ഡിന്  അപേക്ഷ ക്ഷണിച്ചു

അവാര്‍ഡിന്  അപേക്ഷ ക്ഷണിച്ചു

 

 

അന്താരാഷ്ട്ര മയക്കുമരുന്ന് ദിനാചരണത്തിന്റെ ഭാഗമായി മികച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സന്നദ്ധ സംഘടന, സന്നദ്ധ പ്രവര്‍ത്തകന്‍, സ്‌കൂള്‍ തലത്തില്‍ രൂപീകരിച്ചിട്ടുളള ലഹരി വിരുദ്ധ ക്ലബ്ബ്, ക്ലബ്ബ് അംഗം എന്നീ വിഭാഗങ്ങള്‍ക്കായി സംസ്ഥാന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകളും അനുബന്ധ രേഖകളും 2019 മെയ് 31 ന് അഞ്ച് മണിക്കകം റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാര്‍ മുഖേന ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക് എക്‌സൈസ് ഡിവിഷന് കീഴിലുളള എല്ലാ റെയിഞ്ച് ഓഫീസുകളുമായും എക്‌സൈസ് ഡിവിഷനാഫീസുമായും ബന്ധപ്പെടുക. ഫോണ്‍ - 0495 2372927.

 

 

കടലുണ്ടി പഞ്ചായത്തില്‍ 15 അനര്‍ഹ കാര്‍ഡുകള്‍ പിടിച്ചു

 

റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്തുന്നതിനായി കടലുണ്ടി പഞ്ചായത്തിലെ, കടലുണ്ടി, മണ്ണൂര്‍, കടുക്കബസാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വീടുകള്‍ റെയ്ഡ് ചെയ്ത് അനര്‍ഹമായി കൈവശം വെച്ച 15 മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധനാ സ്‌ക്വാഡാണ് പരിശോധന നടത്തിയത്.  റെയ്ഡില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ കെ. മുരളീധരന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടറായ എ. വി രമേഷ് കുമാര്‍, ജീവനക്കാരായ പി. കെ മൊയ്തീന്‍ കോയ, സന്തോഷ് കുമാര്‍  എന്നിവര്‍ പങ്കെടുത്തു.  പിടിച്ചെടുത്ത കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിപണി വില ഈടാക്കും.  അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന കാര്‍ഡുടമകള്‍  കാര്‍ഡുകള്‍  കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക്       മാറ്റാത്തപക്ഷം പിഴയും കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ പൊതുവിപണിയിലെ വിലയും ഈടാക്കി കാര്‍ഡുകള്‍ റദ്ദു ചെയ്യും. 

സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷണര്‍, ആദായനികുതി ഒടുക്കുന്നവര്‍, പ്രതിമാസ വരുമാനം 25000 രൂപക്ക് മുകളിലുള്ള വിദേശത്തു ജോലി ചെയ്യുന്നവര്‍, സ്വന്തമായി  ഒരേക്കറിനുമുകളില്‍ ഭൂമിയുള്ളവര്‍ (പട്ടിക വര്‍ഗ്ഗക്കാര്‍ ഒഴികെ), സ്വന്തമായി ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടോ/ ഫ്‌ളാറ്റോ ഉള്ളവര്‍, നാല് ചക്രവാഹനം സ്വന്തമായി ഉളളവര്‍ (ഉപജീവനമാര്‍ഗ്ഗമായ ടാക്‌സി  ഒഴികെ), കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രതിമാസം 25000 രൂപയില്‍ അധികം വരുമാനം ഉള്ളവര്‍ക്ക് മുന്‍ഗണനാ/എ.എ.വൈ കാര്‍ഡിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.  കാര്‍ഡുകള്‍ പിടിച്ചെടുക്കുന്നതിനുള്ള റെയ്ഡ് തുടരുമെന്ന് താലുക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

 

 

സോളാര്‍ ടെക്‌നീഷ്യന്‍ കോഴ്‌സ്;  സീറ്റ് ഒഴിവ്  

 

 

ഇലക്ട്രിക്കല്‍ ടെക്‌നോളജിയില്‍ ഐ.ടി.ഐ എന്‍.ഐ.ഒ.എസ്, കെ.ജി.സി.ഇ,   വയര്‍മാന്‍ ലൈസന്‍സിങ്ങ് എന്നീ അടിസ്ഥാന കോഴ്‌സുകള്‍ പൂര്‍ത്തിയായവര്‍ക്ക് മൂന്ന് മാസത്തെ ഹ്രസ്വകാല സോളാര്‍ ടെക്‌നീഷ്യന്‍ പരിശീലന കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സോളാര്‍ എനര്‍ജി, സോളാര്‍ സെല്‍സ് & പാനല്‍സ്, പാനല്‍ മൗണ്ടിങ്ങ്, സോളാര്‍ സര്‍ക്യൂട്ടുകള്‍, ബാറ്ററി സര്‍വീസിങ്ങ്, ഇന്‍വെര്‍ട്ടര്‍ ഇന്‍സ്റ്റാലേഷന്‍ തുടങ്ങിയവയാണ് പഠിപ്പിക്കുക. താല്‍പര്യമുള്ളവര്‍ക്ക് മെയ് 23 വരെ പ്രവേശനം നല്‍കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.  ഫോണ്‍ : 0495 2370026.

 

 

ജില്ലയിലെ മാലിന്യ സംസ്‌കരണ  സംവിധാനങ്ങള്‍ പരിശോധിച്ചു 

 

ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അജയകുമാര്‍ വര്‍മ്മ കോഴിക്കോട് ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്തി. ജില്ലയിലെ പ്രധാന ടൂറിസ്റ്റ്  കേന്ദ്രങ്ങളായ തുഷാരഗിരി, മെയിന്‍ ബീച്ച്, ഭട്ട് റോഡ് ബീച്ച്, സൗത്ത് ബീച്ച് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് മാലിന്യസംസ്‌കരണ രീതികളില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സംതൃപ്തി രേഖപ്പെടുത്തി. തിരവമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ് കട്ട് ചിക്കന്‍വേസ്റ്റ് പ്രോസ്സസിംഗ് യൂണിറ്റ്, കോഴിക്കോട് കോര്‍പ്പറേഷനില്‍ നിറവ് വേങ്ങേരി പ്രവര്‍ത്തിപ്പിക്കുന്ന എം.ആര്‍.എഫ് യൂണിറ്റ് എന്നിവയും സന്ദര്‍ശിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്ക് ഹോട്ടല്‍ അളകാപുരിയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ഹരിതകേരളം ശുചിത്വം- മാലിന്യ സംസ്‌കരണം എന്ന വിഷയത്തില്‍ ക്ലാസുകളും നല്‍കി. ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ സി കബനി, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ.ഗോപകുമാര്‍ എന്നിവരും എക്‌സിക്യൂട്ടീവ് ഡയറക്ടറോടൊപ്പം പങ്കെടുത്തു. 

 

 

 

ഭാഗിക ഗതാഗത നിരോധനം 

 

കോഴിക്കോട് - മീഞ്ചന്ത - ബേപ്പൂര്‍ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ നാളെ (മെയ് 18) മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

 

 

ഫോട്ടോ ജേര്‍ണലിസം ഇന്റര്‍വ്യു  28ന്

കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് പ്രവേശനത്തിനുള്ള ഇന്റര്‍വ്യു മെയ് 28ന് നടത്തും. അപേക്ഷകര്‍ മെയ് 28ന് രാവിലെ 10.30ന് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം  കാക്കനാട്ടുള്ള കേരള മീഡിയ അക്കാദമി കാമ്പസില്‍  എത്തണം. വിശദവിവരങ്ങള്‍ www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍. ഫോണ്‍: 0484-2422275, 0484-2422068.

 

 

സീറ്റൊഴിവ്

 

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ പി.ജി മെഡിക്കല്‍ വിഭാഗത്തില്‍ എം.ഡി അനാട്ടമി കോഴ്‌സിനു രണ്ടും ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ പത്തോളജി കോഴ്‌സിനു ഒരു സീറ്റിലും ഒഴിവുണ്ട്. എന്‍ട്രന്‍സ് കമ്മീഷണറുടെ പുതുക്കിയ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകളുമായി മെയ് 18 ന് വൈകീട്ട് അഞ്ച് മണിക്കകം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്തണം. ഫോണ്‍ - 0495 2355331. 

 

date