Skip to main content

ഇന്റര്‍ സെക്ടറല്‍ മീറ്റിങ് സംഘടിപ്പിച്ചു

ദേശീയ ഡെങ്കി ദിനത്തോടനുബന്ധിച്ച് ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട വകുപ്പുകളെ സംയോജിപ്പിച്ച് ഇന്റര്‍ സെക്ടറല്‍ മീറ്റിങ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാധികളും തടയാന്‍  മഴക്കാലപൂര്‍വ്വ ശുചീകരണവും കൊതുകിന്റെ ഉറവിട നശീകരണവും  തുടര്‍ച്ചയായി ആഴ്ച്ചയില്‍ ഒരു ദിവസം നടപ്പാക്കും. വിദ്യാലയങ്ങള്‍, വീടുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ കിണറുകള്‍ വൃത്തിയാക്കി വലയിടണം. ആവശ്യമെങ്കില്‍ കിണര്‍ ക്ലോറിനേഷന്‍ ചെയ്യണം. വെള്ള ടാങ്കുകള്‍ വൃത്തിയാക്കണം. കൊതുക് വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം. വിദ്യാലയങ്ങളില്‍ ഭക്ഷണമുണ്ടാക്കുന്ന പാചക തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും. ആഴ്ചയില്‍ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കും.
മെയ് 18ന് അതിഥി സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി ആവശ്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. തുടര്‍ന്ന് മെയ് 20, 21 തീയതികളില്‍ സംയോജിത കൊതുക് നിയന്ത്രണ പരിപാടികള്‍ വാര്‍ഡ് തലത്തില്‍ വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. മുന്‍ കാലങ്ങളില്‍ കാര്യമായ തോതില്‍ പകര്‍ച്ചപ്പനിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ പ്രത്യേകമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതിനായി  കുടുംബശ്രീ, ആശ വര്‍ക്കര്‍മാര്‍, ട്രോമകെയര്‍ വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനവും ലഭ്യമാക്കും. യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

date