Skip to main content

വോട്ടെണ്ണല്‍ 23ന് രാവിലെ എട്ടുമുതല്‍

 

 

ജില്ലയില്‍ പാലക്കാട്, ആലത്തൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ മുണ്ടൂര്‍ ആര്യനെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മെയ് 23ന് രാവിലെ എട്ടുമുതല്‍ ആരംഭിക്കും. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വടക്കാഞ്ചേരി, ചേലക്കര, കുന്നംകുളം ഉള്‍പ്പെടെയുള്ള പതിനാല് നിയമസഭാ നിയോജക മണ്ഡലങ്ങള്‍ക്കായി 14 കൗണ്ടിംഗ് ഹാളുകളാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്. 750 ഓളം കൗണ്ടിംഗ് സ്റ്റാഫുകളെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തരൂരും പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ മലമ്പുഴ, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം ഒഴികെ ബാക്കി നിയോജക മണ്ഡലങ്ങള്‍ക്കായി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ 14 കൗണ്ടിംഗ് ടേബിളുകളാണ് സജ്ജീകരിക്കുക. മലമ്പുഴ, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം നിയോജക മണ്ഡലങ്ങളില്‍ പോളിംഗ് ബൂത്തുകളുടെ എണ്ണം 200 ല്‍ അധികമായതിനാല്‍ 17 കൗണ്ടിംഗ് ടേബിളുകളും തരൂര്‍ നിയോജക മണ്ഡലത്തില്‍ ബൂത്തുകളുടെ എണ്ണം കുറവായതിനാല്‍ പത്തും കൗണ്ടിംഗ് ടേബിളുകളാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഒരുക്കുന്നത്. 

 

ആദ്യം എണ്ണുന്നത് പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ 

 

രണ്ടു ലോക്‌സഭാമണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകര്‍ക്കു പുറമെ വോട്ടെണ്ണലിനായി പ്രത്യേക കൗണ്ടിംഗ് നിരീക്ഷകനും ഉണ്ടാവും. ജില്ലാ വരണാധികാരി കൂടിയായ ജില്ലാകലക്ടറുടെ മേല്‍നോട്ടത്തില്‍ പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യമെണ്ണുക. തുടര്‍ന്ന് 14 നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ അതത് എ.ആര്‍.ഒ.മാരുടെ നേതൃത്വത്തില്‍ നടക്കും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ മുഴുവന്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായതിനുശേഷം 14 നിയോജക മണ്ഡലങ്ങളില്‍ നിന്നും അഞ്ച് ബൂത്തുകള്‍ നറുക്കിട്ടെടുത്ത് വിവിപാറ്റ് മെഷീനുകളിലെ വോട്ട് എണ്ണുന്നതായിരിക്കും. ഇലക്ഷന്‍ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് നറുക്കിട്ട് ബൂത്തുകള്‍ തിരഞ്ഞെടുക്കുന്നത്.   

 

ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ 

 

വരണാധികാരി അനുവദിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രം പരിസരത്തേക്ക് പ്രവേശനം അനുവദിക്കില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സ്ഥാനാര്‍ത്ഥികളുടെയും മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റിന്റെയും വാഹനങ്ങള്‍ക്കു മാത്രമേ പരിസരത്തേക്ക് പ്രവേശിക്കാന്‍ സാധിക്കൂ. പൊതുജനങ്ങളുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും വാഹനങ്ങള്‍ക്കായി  കോമ്പൗണ്ടിനു പുറത്ത് പാര്‍ക്കിംഗ് സൗകര്യമേര്‍പ്പെടുത്തും. ജോയിന്റ് ആര്‍.ടി.ഒ.യ്ക്കാണ് മേല്‍നോട്ട ചുമതല. കൗണ്ടിംഗ് ഹാളുകളുടെ സുരക്ഷാ ചുമതല ജില്ലാ പോലീസ് മേധാവിക്കാണ്. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷയ്ക്കായി ആവശ്യമായ പോലീസ്, കേന്ദ്രസേന വിഭാഗത്തെയും വിന്യസിക്കും. ഓരോ കൗണ്ടിംഗ് ഹാളും സിസിടിവി നിരീക്ഷണത്തിലായിരിക്കും. കൂടാതെ വോട്ടെണ്ണുന്നത് ചിത്രീകരിക്കാന്‍ ഓരോ ഹാളിലും വീഡിയോഗ്രാഫര്‍മാരെ നിയോഗിക്കും. കൗണ്ടിംഗ് ഹാളിനുള്ളില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍ തുടങ്ങിയവരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് സാമഗ്രികള്‍ ഹാളിനുപുറത്ത് എ.ആര്‍.ഒ.മാരുടെ മേല്‍നോട്ടത്തില്‍ സൂക്ഷിക്കുന്നതാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കായി മീഡിയ റൂം സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

 

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കൗണ്ടിംഗ് ഏജന്റുമാരെ നിയോഗിക്കാം

 

വോട്ടെണ്ണല്‍ ദിനത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തിലെ ഓരോ കൗണ്ടിംഗ് ടേബിളുകളിലും കൗണ്ടിങ് ഏജന്റുമാരെ നിയോഗിക്കാം. മുണ്ടൂര്‍ ആര്യാനെറ്റ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ 14 ഹാളുകളിലായാണ് പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളിലുള്ള ഓരോ നിയമസഭാ മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ നടത്തുന്നത്. പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ ഷൊര്‍ണൂര്‍, ഒറ്റപ്പാലം, മലമ്പുഴ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ക്കായി 17 ഉം പട്ടാമ്പി, കോങ്ങാട്, മണ്ണാര്‍ക്കാട്, പാലക്കാട് എന്നിവയ്ക്കായി 14ഉം കൗണ്ടിംഗ് ടേബിളുകളാണ് ക്രമീകരിക്കുക. ആലത്തൂര്‍  മണ്ഡലത്തിലെ തരൂരിന് പത്തും മറ്റു നിയമസഭാ മണ്ഡലങ്ങള്‍ക്കായി 14 കൗണ്ടിംഗ് ടേബിളുകളും ഉണ്ട്. കൂടാതെ ഇരു ലോക്‌സഭാ മണ്ഡലങ്ങളിലേയും അഞ്ച് പോസ്റ്റല്‍ ബാലറ്റ് ടേബിളുകളിലേക്കും ഓരോരുത്തരെ വീതവും ഇ.ടി.പി.ബി (ഇലക്ട്രോണിക് ട്രാന്‍സ്മിഷന്‍ പോസ്റ്റല്‍ ബാലറ്റ്) സ്്കാനിങിനായും ഒരു കൗണ്ടിങ് ഏജന്റിനെയും നിയോഗിക്കാം. ഇരു ലോക്‌സഭാ മണ്ഡലത്തിലും അഞ്ച് പോസ്റ്റല്‍ ബാലറ്റ് ടേബിള്‍ വീതവും ഒരു ഇ.ടി.പി.ബി സ്‌കാനിങ് സംവിധാനവുമാണുള്ളത്. ഇതുകൂടാതെ ഓരോ നിയമസഭാ മണ്ഡലങ്ങളിലുമുള്ള അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ നടപടികള്‍ പരിശോധിക്കുന്നതിനും ഓരോ ഏജന്റുമാരെ സ്ഥാനാര്‍ഥികള്‍ക്ക് നിയോഗിക്കാവുന്നതാണ്. ഇതുപ്രകാരം പാലക്കാട് മണ്ഡലത്തിലെ ഓരോ സ്ഥാനാര്‍ഥിക്കും 120 കൗണ്ടിങ് ഏജന്റുമാരെയും ആലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് 107 കൗണ്ടിംഗ് ഏജന്റുമാരെയും നിയോഗിക്കാവുന്നതാണ്.

date