Skip to main content

വാഹന ലേലം

ആലപ്പുഴ: കാർത്തികപ്പള്ളി താലൂക്കാഫീസിലെ കെ.എൽ.04 എം.7676 നമ്പർ മഹീന്ദ്ര ജീപ്പ് ജൂൺ ഒന്നിന് രാവിലെ 11ന് കാർത്തികപ്പള്ളി താലൂക്കാഫീസിൽ ലേലം ചെയ്യും. താൽപര്യമുള്ളവർ നിരതദ്രവ്യമായ 5000 രൂപ ഓഫീസിൽ അടയ്ക്കണം. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ വാഹനം പരിശോധിക്കാം. മുദ്രവച്ച  ടെൻഡറുകൾ മെയ് 31 വൈകിട്ട് മൂന്നിനകം തഹസിൽദാർ, കാർത്തികപ്പള്ളി എന്ന വിലാസത്തിൽ ലഭിക്കണം.ഫോൺ: 0479 2412797.

 

 

പൊലീസ് കംപ്ളയിന്റ് അതോറിറ്റി:

വിചാരണ മാറ്റി

 

ആലപ്പുഴ: ലോകസഭ തിരഞ്ഞെടുപ്പും അനുബന്ധ പ്രവൃത്തികളും നടക്കുന്നതിനാൽ ജില്ലയിലെ പൊലീസ് പരാതി അതോറിറ്റിയുടെ മെയ് 23ന് നടത്താനിരുന്ന വിചാരണ  മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന്  ജില്ലാതല പൊലീസ് കംപ്ളയിന്റ് അതോറിറ്റി  സെക്രട്ടറി അറിയിച്ചു

 

കാഷ് അവാർഡ്: അപേക്ഷിക്കാം

 

ആലപ്പുഴ: കേരള ഷോപ്സ് ആൻഡ് കോമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ മക്കളിൽ 10, പ്ലസ്ടൂ കോഴ്സുകളിൽ ഉന്നത വിജയം നേടിയവർക്ക് കാഷ് അവാർഡ് നൽകുന്നു. 2019 അധ്യയന വർഷം സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ്, സി.ബി.എസ്.ഇ. എല്ലാ വിഷയങ്ങൾക്കും എ വൺ, ഐ.സി.എസ്.ഇ. എല്ലാ വിഷയങ്ങൾക്കും 90 ശതമാനമോ അതിലധികമോ മാർക്ക് നേടിയ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് അപേക്ഷിക്കാം. ജൂലൈ അഞ്ചിനകം ആലപ്പുഴ ജില്ല എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 0477- 2230244.

 

ലാൻഡ് റവന്യൂ മാന്വൽ വാല്യം-ആറ് വിൽപ്പന്ക്ക്

 

ആലപ്പുഴ: സർക്കാർ ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി വിൽപ്പന നടത്തുന്നതിന് ലാൻഡ് റവന്യൂ മാന്വൽ വാല്യം-ആറ് (വില്ലേജ് ഓഫീസ് മാന്വൽ) കളക്ടറേറ്റിൽ ലഭിക്കും. പുസ്തകത്തിന്റെ വില 500 രൂപ. പുസ്തകം ആവശ്യമുള്ള  ജീവനക്കാരും പൊതുജനങ്ങളും പുസ്തകത്തിന്റെ വില കളക്ടറേറ്റിലെ എ2 സീറ്റിൽ റ്റി.ആർ.5 മുഖേന  ഒടുക്ക് വരുത്തി പുസ്തകങ്ങൾ   കൈപ്പറ്റാം.                       

 

പുന്നപ്ര സഹകരണ എൻജിനീയറിങ് കോളേജിൽ ബിടെക്  എൻ.ആർ.ഐ പ്രവേശനം

 

ആലപ്പുഴ:സർക്കാരിന്റെ  നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യുക്കേഷന്റെ  കീഴിലുള്ള കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്‌മെൻറ് പുന്നപ്രയിൽ  മെക്കാനിക്കൽ എഞ്ചിനീയറിംഗ,് സിവിൽ എഞ്ചിനീയറിംഗ്,  ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് , ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്,  കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് എന്നീ വിഭാഗങ്ങളിൽ ബിടെക് എൻആർഐ ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നു.അപേക്ഷാഫോമും വിശദ വിവരങ്ങളും www.capekerala.org,www.cempunnapra.org  എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.   അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 24 വൈകിട്ട് അഞ്ചുവരെ കോളജ് ഓഫീസിൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ഫോൺ:0477 2267311, 9495211501. 

 

മുട്ടക്കോഴിക്കുഞ്ഞ് വിതരണം

 

ആലപ്പുഴ: ജില്ലാ വെറ്റനറി കേന്ദ്രത്തിൽ നിന്ന് മെയ് 22 രാവിലെ 10ന്  അത്യൂൽപാദനശേഷിയുള്ള ബി.വി.380 ഇനം  മുട്ടക്കോഴി കുഞ്ഞുങ്ങളെ  കോഴി ഒന്നിന് 160 നിരക്കിൽ വിതരണം ചെയ്യുന്നു. ആവശ്യമുള്ളവർ ജില്ലാ വെറ്റിനറി കേന്ദ്രവുമായി ബന്ധപ്പെടണം.

 

സമഗ്ര ശിക്ഷ കേരള: ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: സമഗ്ര ശിക്ഷ കേരളയുടെ സംസ്ഥാന പ്രോജക്ട് ഓഫീസിലും ജില്ല പ്രോജക്ട് ഓഫീസുകളിലും ജില്ല പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക്  റിസോഴ്‌സ് സെന്ററുകളിൽ നിലവിലുള്ള  താഴെപ്പറയുന്ന തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, ജില്ല പ്രോജക്ട് കോ- ഓർഡിനേറ്റർ, ജില്ല പ്രോഗ്രാം ഓഫീസർ, ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ, ട്രെയിനർ (ബ്ലോക്ക്തലം) എന്നിവയിലാണ് ഒഴിവുകൾ.  വിശദാംശവും അപേക്ഷയുടെ മാതൃകയും www.ssakerala.in വെബ്‌സൈറ്റിൽ ലഭിക്കും. നിലവിൽ സമഗ്രശിക്ഷ കേരളയിൽ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ പ്രോജക്ടിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പുതിയ അപേക്ഷ നൽകണം.  അപേക്ഷ നൽകുന്ന അധ്യാപകർക്ക് സർവീസിൽ നിന്ന് വിരമിക്കാൻ രണ്ടു വർഷമെങ്കിലും സേവനകാലാവധി ഉണ്ടാകണം. യോഗ്യാരായവരുടെ അപേക്ഷകൾ മെയ് 31ന് വൈകുന്നേരം വൈകിട്ട് അഞ്ചിനകം സമഗ്രശിക്ഷ കേരള സ്റ്റേറ്റ് പ്രോജകട് ഡയറക്ടറുടെ ഓഫീസിൽ ലഭിച്ചിരിക്കണം. ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ, ട്രെയിനർ തസ്തികയിലേക്കുള്ള അപേക്ഷകൾ നിയമനം ആഗ്രഹിക്കുന്ന ജില്ല പ്രോജക്ട് ഓഫീസുകളിലേക്ക് 31നകം ലഭിച്ചിരിക്കണം. ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ/ ട്രെയിനർ തസ്തികയിൽ ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷകൾ അയയ്ക്കാൻ ആഗ്രഹിക്കുന്ന അധ്യാപകർ ബന്ധപ്പെട്ട ജില്ല പ്രോജക്ട് ഓഫീസുകളിലേക്ക് പ്രത്യേകമായി അപേക്ഷ നൽകണം. അപേക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, ,  സമഗ്രശിക്ഷ കേരള (എസ്.എസ്.കെ) നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിലും ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ, ട്രെയിനർ തസ്തികയിലേക്കുള്ള അപേക്ഷകൾ അതത് ജില്ല പ്രോജക്ട് ഓഫീസുകളിലും ലഭിക്കണം.

 

തുറമുഖ വകുപ്പ്: ജലയാനങ്ങൾ പിടിച്ചിടാൻ സ്ഥലത്തിന് താത്പര്യപത്രം ക്ഷണിച്ചു

 

ആലപ്പുഴ: കെ.ഐ.വി റൂൾസ് 2010-15 നിയമലംഘനം നടത്തുന്ന ജലയാനങ്ങൾ പിടിച്ചു കെട്ടുന്നതിനു വേണ്ടി തുറമുഖ വകുപ്പിന്റെ കീഴിൽ  ആലപ്പുഴ പോർട്ട് ഓഫ് രജിസ്ട്രിയുടെ പരിധിയിൽ 80 മീറ്ററിൽ കുറയാതെ വാട്ടർ ഫ്രണ്ടോടുകൂടിയ സ്ഥലം മാസ/വാർഷിക വാടക നിരക്കിൽ കുറഞ്ഞത് മൂന്നു വർഷത്തേക്ക് നൽകാൻ താത്പര്യമുള്ള സ്ഥലയുടമ/സ്ഥാപനങ്ങൾ മുതലായവരിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. റോഡ്, വൈദ്യുതി കണക്ഷൻ, കെട്ടിടം എന്നിവയുള്ള സ്ഥലങ്ങൾക്ക് മുൻഗണന. താൽപര്യമുള്ളവർ മെയ് 29 വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ, താൽപര്യപത്രത്തിന്റെ മാതൃക എന്നിവ മെയ് 20 മുതൽ 29വരെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ ലഭിക്കും. ഫോൺ: 0477-2253213. 

 

വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസാനുകൂല്യം: ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കണം

 

ആലപ്പുഴ: സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്ഡഡ്/അംഗീകൃത സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസാനുകൂല്യം നടപ്പു വർഷം മുതൽ വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകുന്നു. അർഹരായ വിദ്യാർഥികൾ മെയ് 31നകം അവരവരുടെയും രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കണം. നിലവിൽ ബാങ്ക് അക്കൗണ്ടുകൾ ഉള്ള വിദ്യാർഥികൾ ബന്ധപ്പെട്ട് ആയത് ലൈവ് ആണെന്ന് ഉറപ്പാക്കണം. 

 

കിക്മയിൽ എം.ബി.എ. സ്‌പോട്ട് പ്രവേശനം

 

ആലപ്പുഴ : സംസ്ഥാന സഹകരണ യൂണിയന്റെ  തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2019-21 ബാച്ചിലേയ്ക്ക് പ്രവേശനം  ഇന്ന്  (മെയ് 18)ന് ചേർത്തല ദീപിക ജംഗ്ഷനിലുളള കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് സെന്റിൽ വച്ച് 10 മണി മുതൽ നടത്തും. കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്‌പെഥ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളൽഷിപ്പും, എസ്.സി./എസ്.റ്റി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.

അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും, ഇതേവരെ അപേക്ഷ ഫോം സമർപ്പിച്ചിട്ടില്ലാത്തവർക്കും ഈ സ്‌പോർട്ട് പ്രവേശനത്തിന് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 8547618290/9995302006 എന്നീ നമ്പരുകളിലോ, www.kicmakerala.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

 

ദുരന്തനിവാരണം; ഏകദിന ശില്പശാല നടത്തി

 

ആലപ്പുഴ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും യുഎൻഡിപിയും                     എ ട്രീ സി.ഈ.ആർ. സി. (അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ എക്കോളജി ആൻഡ് എൻവിയോൺമെൻറ് കമ്മ്യൂണിറ്റി എൻവയോൺമെന്റ് റിസോഴ്‌സ് സെൻറർ) സംയുകതമായി മോഡൽ എസ്.ഡി.വി  ബോയ്‌സ് ഹൈസ്‌കൂളിൽ വച്ച് ദുരന്ത നിവാരണവുമായി  ബന്ധപ്പെട്ട വിഷയത്തിൽ ഏകദിന ശില്പശാല നടത്തി.   ജില്ല കളക്ടർ എസ്. സുഹാസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ധന്യ അധ്യക്ഷപ്രസംഗം നടത്തി. ബോയ്‌സ് സ്‌കൂൾ ഹെഡ്മാസ്റ്റർ സീ രാമദാസ്, എട്രീ പ്രൊജക്റ്റ് കോർഡിനേറ്റർ. ജോജോ റ്റി ഡീ  എന്നിവർ ആശംസകൾ അർപ്പിച്ചു. 

ഗവ. ഹൈ സ്‌കൂൾ കുപ്പപ്പുറം, സെൻറ് മേരീസ് ഹൈ സ്‌കൂൾ കൈനകരി, സെൻറ് മൈക്കിൾസ് എച്ച്. എസ്. എസ്. കുടവെച്ചൂർ, സെൻറ് മൈക്കിൾസ് എച്ച്. എസ്. എസ്.തത്തംപള്ളി,  മോഡൽ ബോയ്‌സ് ഹൈ സ്‌കൂളിൽ എന്നീ സ്‌കൂളുകളിൽ നിന്നും ആലപ്പുഴ സെൻറ് ജോസഫ് കോളജിൽ  നിന്നും വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. ദുരന്തനിവാരണം, അഗ്‌നി സുരക്ഷ, എമർജൻസി മെഡിക്കൽ ഫസ്റ്റ് എയ്ഡ്, സോഷ്യൽ മാപ്പിംഗ് എന്നീ വിഷയങ്ങളിൽ വിദഗ്ധർ പരിശീലന ക്ലാസുകൾ നടത്തി. 

 

(ചിത്രം ഉണ്ട്)

 

സൗജന്യ പി.എസ്.സി. പരീക്ഷാപരിശീലനം

 

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പുന്നപ്രയിൽ കുറവൻ തോട് എം.ഇ.എസ്സ് സ്‌കൂൾ കാമ്പസിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ പി.എസ്.സി.  പരീക്ഷയ്ക്കായി സൗജന്യ പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികളുടെ സൗകര്യമനുസരിച്ച് റെഗുലർ, അവധിക്കാല ബാച്ചുകൾ ലഭ്യമാണ്. ന്യൂനപക്ഷവിഭാഗത്തിന് പുറമെ 20 ശതമാനം സീറ്റുകൾ ഒ.ബി.സി വിഭാഗത്തിന് ലഭിക്കും. അപേക്ഷകൾ എസ്.എസ്.എൽ.സി ബുക്കിന്റെ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം ജൂൺ 15നകം പ്രിൻസിപ്പൽ, കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്, എം.ഇ.എസ്. സ്‌കൂൾ ക്യാമ്പസ്, പുന്നപ്ര പി.ഒ, ആലപ്പുഴ എന്ന വിലാസത്തിൽ അയയ്ക്കണം.  അപേക്ഷാഫോറം ഓഫീസിലും www.minoritywelfare.keral.gov.in എന്ന വെബ്‌സൈറ്റിലും കളക്ടറേറ്റിലും ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0477-2287869.

 

ദേശീയ അധ്യാപക അവാർഡ് നോമിനേഷൻ  അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: ദേശീയ അധ്യാപക അവാർഡിനുള്ള നോമിനേഷൻ  അപേക്ഷ ക്ഷണിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൽ കീഴിലുള്ള സർക്കാർ, എയ്ഡഡ് എന്നീ സ്‌കൂളിലെ അധ്യാപകർക്കും പ്രഥമാധ്യാപകർക്കും www.nationalawardstoteachers എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത് നോമിനേഷൻ നേരിട്ട് അപ് ലോഡ് ചെയ്യാം. അവസാന തീയതി ജൂൺ 15 വരെയാണ്.

 

വോട്ടെണ്ണൽ ഒരുക്കങ്ങളാകുന്നു, 

വി വി പാറ്റ് സ്ലിപ്പുകൾ എണ്ണുന്ന വിധം

 

ആലപ്പുഴ : ലോകസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു . തിരഞ്ഞെടുപ്പ് സുതാര്യമാക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷൻ കൊണ്ട് വന്ന വി വി പാറ്റ് മെഷീൻ വോട്ടെണ്ണൽ  കേന്ദ്രത്തിൽ പ്രതേകം തയ്യാറാക്കിയ ക്യാബിനിൽ എണ്ണുന്നതിനായി  14ഇഞ്ച് നീളവും 10 ഇഞ്ച് വീതിയും അഞ്ചു ഇഞ്ച് വലിപ്പമുള്ളതും അടപ്പോടു കൂടിയതും സുതാര്യമായ വസ്തു കൊണ്ട് നിർമിച്ചതുമായ കട്ടിയുള്ള ഒരു കണ്ടയ്‌നറണ്  തയ്യാറാക്കിയിട്ടുണ്ട്.  ഇതിൽ കുറഞ്ഞത് 1400 സ്ലിപ്പുകൾ ഉൾകൊള്ളാൻ കഴിയും. കൂടാതെ സ്ഥാനാർഥിക്ക് ലഭിച്ച വോട്ട് നോട്ടയ്ക് ലഭിച്ച വോട്ട്, സ്റ്റാറ്റസ് സ്ലിപ്പുകൾ എന്നിവ വെവ്വേറെ സൂക്ഷിക്കുന്നതിനാവശ്യമായ അറകളോടു കൂടിയ പീജിയൻ ഹോൾ ഫ്രെയിംവർക്ക് തയ്യാറാക്കിയിട്ടുണ്ട്. ഫ്രെയിം വർക്കിലെ ഓരോ സെല്ലും ഒരു പ്രതലത്തിൽ ഉറപ്പിച്ചു വെച്ചിട്ടുണ്ട്. ഒരു സെല്ലിൽ ഇടുന്ന സ്ലിപ്പുകൾ തെന്നി മറ്റൊരു സെല്ലിലേക് പോകുന്നില്ല എന്ന് ഉറപ്പുവരുത്താനായിട്ടാണ് അങ്ങനെ ചെയ്തിരിക്കുന്നത്. ഓരോ സ്ഥാനാർഥിയുടെയും ചിഹ്നം അതിന്റെ അരികിൽ വെളുത്ത പ്രതലത്തിൽ കറുത്ത നിറത്തിൽ പ്രിന്റ് ചെയ്ത് ഒട്ടിച്ചിട്ടുണ്ടാകും. 25 സ്ലിപ്പുകൾ വീതം കെട്ടുകൾ തയ്യാറാക്കനായി റബ്ബർ ബാൻഡുകളും ഉണ്ടായിരിക്കും. 

എല്ലാ റൗണ്ടിലെയും ഇ വി എം വോട്ടുകൾ എണ്ണിക്കഴിഞ്ഞ ശേഷം നറുക്കെടുപ്പിലൂടെ സ്ലിപ്പുകൾ എണ്ണണ്ട വി വി പാറ്റ് മെഷീനുകൾ തിരഞ്ഞെടുക്കും. സ്ഥാനാർഥികൾ /ഏജന്റുമാരുടെ സാനിധ്യത്തിൽ റിട്ടേർണിംഗ് ഓഫീസർ ആയിരിക്കും നറുക്കിടുക.

 

നറുക്കിടുന്നതിനുള്ള നിർദ്ദേശങ്ങൾ

 

.വെളുത്ത പോസ്റ്റ് കാർഡ് വലിപ്പത്തിലുള്ള പേപ്പർ കാർഡുകൾ ഉപയോഗിക്കണം. 

പേപ്പർ കാർഡിൽ എ സി നമ്പർ, എ സി യുടെ പേര്, തെരഞ്ഞെടുപ്പ് തിയതി എന്നിവ മുകളിലും പി എസ് നമ്പർ മദ്ധ്യത്തിലും എഴുതിയിരിക്കണം. 

പേപ്പർ സ്ലിപ് പോളിംഗ് സ്റ്റേഷൻ നമ്പർ കാണാത്ത വിധത്തിൽ നാലായി മടക്കിയിരിക്കണം.

മടക്കിയിടുന്നതിന് മുൻപായി സ്ലിപ്പുകൾ സ്ഥാനാർഥി /ഏജന്റുമാരെ കാണിച്ചിരിക്കണം. 

സ്ലിപ്പുകൾ എണ്ണുന്നത് ആർഓ /എ ആർ ഓ എന്നിവരുടെ നേരിട്ടുള്ള മേല്‌നോട്ടത്തിലായിരിക്കണം. പ്രക്രിയ പൂർണമായും വിഡിയോയിൽ ചിത്രീകരിക്കേണ്ടതാണ്. 

 

വി വി പാറ്റ് സ്ലിപ് എണ്ണുന്നതിനുള്ള നടപടി ക്രമങ്ങൾ

 

സ്ലിപ്പുകൾ എണ്ണേണ്ടതായ വി വി പാറ്റ് മെഷീൻ വി സി ബി യിലേക്ക് കൊണ്ട് വരുന്നു. വി വി പാറ്റ് മെഷീനിൽ നിന്നുള്ള സ്ലിപ്പുകൾ തുറന്നെടുക്കുന്നതിനു മുൻപ് ബൂത്തിൽ മെഷീൻ 

സീൽ ചെയ്യാൻ ഉപയോഗിച്ച അതേ അഡ്രെസ്സ് ടാഗ് തന്നെയാണ് ഇപ്പോഴും ഉള്ളതെന്ന് മുദ്രവെച്ചതിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല എന്നും മൈക്രോ ഒബ്‌സർവർ, സ്ഥാനാർത്ഥികളുടെ പ്രതിനിധികൾ എന്നിവരെ ബോദ്ധ്യപ്പെടുത്തണം. വി വി പാറ്റ് മെഷീനിൽ നിന്നുള്ള എല്ലാ സ്ലിപ്പുകളും കണ്ടെയ്‌നറിലേക് മാറ്റിയ ശേഷം ഡ്രോപ്പ് ബോക്‌സിൽ ഒന്നും അവശേഷിക്കുന്നില്ല എന്ന് ബോധ്യപ്പെടുത്തുക. 

അടുത്ത ഘട്ടത്തിൽ വി വി പാറ്റ് സ്ലിപ്പുകൾ ഓരോന്ന് തരം തിരിച്ചു ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ച വോട്ട് സ്ലിപ്പുകൾ അദ്ദേഹത്തിനായി മാറ്റിവെച്ച കളങ്ങളിൽ നിക്ഷേപിക്കുന്നു. ഇത്തരത്തിൽ വോട്ട് സ്ലിപ്പുകൾ തരംതിരിച്ച ശേഷം 25 എണ്ണം വീതം കെട്ടുകളാക്കി മാറ്റുന്നു. ഈ ഫലം 17സി യുടെ രണ്ടാം ഭാഗത്തു ചേർത്ത് വി വി പാറ്റ് സ്ലിപ്പുകൾ എണ്ണിയതിന്റെ ഫലം പ്രഘ്യപിക്കുന്നു. കൺട്രോൾ യൂണിറ്റിലെ ഫലവും വി വി പാറ്റിലെ ഫലവും തമ്മിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ സ്ലിപ്പുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ റിസൾട്ട് ഷീറ്റ് ഭേദഗതി ചെയ്യണം. 

 

വോട്ടെണ്ണൽ :പരിശീലനം നൽകി

 

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടപടികൾക്കായുള്ള ഉദ്യോഗസ്ഥ തല പരിശീലനം ആലപ്പുഴ കലക്ടറേറ്റിൽ നടന്നു .രണ്ട് മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ചുമതലയുള്ള അസിസ്റ്റന്റ് കൗണ്ടിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടി ജില്ലാ ആസൂത്രണ ഓഫീസ് കോൺഫറൻസ് ഹാളിലും ,തപാൽ വോട്ടുകൾ സ്‌കാൻ ചെയ്യുന്നതിനുള്ള പരിശീലനം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിലുമാണ് നടന്നത്. തപാൽ വോട്ടുകൾ എണ്ണുന്നതിനായി ജില്ലാ കലക്ടറേറ്റിൽ വിപുലവും കർശന നിയന്ത്രണങ്ങളോട് കൂടിയതുമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

 

(ചിത്രമുണ്ട്)

ആലപ്പുഴ: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്‌റു യുവ കേന്ദ്രയുടെ സഹകരണത്തോടെ ആലപ്പുഴ യൂത്ത് ഹോസ്റ്റൽ  മൂന്ന് ദിവസത്തെ വ്യക്തിത്വവികസന-നേതൃത്വപരിശീലനക്യാമ്പ് സംഘടിപ്പിക്കുന്നു. നേതൃത്വ പരിശീലനം, ആശയവിനിമയ പാടവം, മാനസിക സംഘർഷം ലഘൂകരിക്കാനുള്ള മാർഗങ്ങൾ, കൗൺസലിംഗിനുള്ള സൗകര്യം എന്നിവ ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും  97443 81391, 9809455938 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

 

 

 

 

 

sir

date