Skip to main content

മസ്തിഷ്‌ക ജ്വരം: പ്രതിരോധത്തിന് ദ്രുതകര്‍മ്മ മെഡിക്കല്‍ സംഘം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

ജില്ലയില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണമുണ്ടായതോടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് ദ്രുതകര്‍മ്മ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. പനി സംബന്ധിച്ച് സൂക്ഷ്മ നീരിക്ഷണത്തിനും പഠനത്തിനും മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനായാണ് ദ്രുതകര്‍മ മെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തിയത്. പുഴയിലും ക്വാറികളിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ രോഗാണുവിന്റെ സാന്നിധ്യം ഉണ്ടാകാനിടയുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ സക്കീന മുന്നറിയിപ്പ് നല്‍കി.വെള്ളത്തിലൂടെ പടരുന്ന നെഗ്ലേറിയ ഫൌലേറി എന്ന ഏകകോശ ജീവിയാണ് അതീവ മാരകമായ മസ്തിഷ്‌ക ജ്വരത്തിന് പിന്നിലെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നട്ടെല്ലിലെ ശ്രവം പരിശോധിച്ചപ്പോഴാണ് രോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഈയൊരു സാഹചര്യത്തിലാണ് മുന്‍കരുതല്‍. വിദഗ്ധ ചികില്‍സക്കായി എറണാകുളത്തെ അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അരിപ്ര ചെറിയഛന്‍ വീട്ടില്‍ സുരേന്ദ്രന്റെ മകള്‍ ഐശ്വര്യ മരിച്ചിരുന്നു. രോഗം പിടിപെടാനുള്ള സാഹചര്യം സംബന്ധിച്ച് വിശദപരിശോധന തുടരുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ സക്കീന പറഞ്ഞു. വെള്ളത്തിലൂടെയാണ് ഏക കോശ ജീവി മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. രോഗം ബാധിച്ചാല്‍ രക്ഷപ്പെടുന്നത് അപൂര്‍വമാണ്.  ആറ് മാസത്തിനിടെ അഞ്ചുപേരുടെ ജീവനെടുക്കുകയും എഴുപതോളം പേരെ ബാധിക്കുകയും ചെയ്ത പനിക്ക് പിന്നാലെ പത്ത് വയസുകാരി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചതോടെയാണ് ആരോഗ്യവകുപ്പ് നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്.

 

date