Skip to main content

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: 11,175 അധ്യാപകര്‍ ഐ.ടി പരിശീലനം പൂര്‍ത്തിയാക്കി

 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ 11,175 അധ്യാപകര്‍ ഐ.ടി പരിശീലനം പൂര്‍ത്തിയാക്കി. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്തിലാണ് ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന മുഴുവന്‍ അധ്യാപകര്‍ക്കും അവധിക്കാല ഐ.ടി അധിഷ്ഠിത പരിശീലനം നല്‍കുന്നത്. എല്‍.പി വിഭാഗത്തില്‍ 6500 അധ്യാപകരും യു.പി വിഭാഗത്തില്‍ 4126  അധ്യാപകരും നാലു ഘട്ടങ്ങളിലായി ഇതിനകം പരിശീലനം പൂര്‍ത്തിയാക്കി. 2000 ലധികം എല്‍.പി- യു.പി അധ്യാപകര്‍ക്കായി അടുത്ത ഘട്ട പരിശീലനം വിവിധ കേന്ദ്രങ്ങളില്‍ ഉടന്‍ തുടങ്ങും. ഇതോടെ ജില്ലയിലെ 90 ശതമാനം എല്‍.പി-യു.പി അധ്യാപകര്‍ക്കും പരിശീലനം പൂര്‍ത്തിയാകും. എല്‍.പി- യു.പി റിസോഴ്സ് പേഴ്സണ്‍മാര്‍ക്കായുള്ള വിഷയാധിഷ്ഠിത പരിശീലനം പ്രത്യേക ബാച്ചുകളിലായി ഈ മാസം 22 മുതല്‍ 25 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കും.

ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പുതിയ ഐ.ടി ടെക്സ്റ്റ് ബുക്കുകളാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഉപയോഗിക്കുക. പുതിയ സിലബസ് പ്രകാരമുള്ള പരിശീലനം 17 മുതല്‍ ആരംഭിച്ചിട്ടുണ്ട്. 30 സെന്ററുകളിലായി 1,124 പേര്‍ക്കാണ് ജില്ലയില്‍ പരിശീലനം നല്‍കിക്കൊണ്ടിരിക്കുന്നത്. രണ്ടു ബാച്ചുകളിലായാണ് പരിശീലനം.

ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 13 വിഷയങ്ങളിലായി വിഷയാധിഷ്ഠിത പരിശീലനം മെയ് 13 ന് ആരംഭിച്ചു. ആദ്യ ബാച്ചില്‍ 549 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.  രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നുകൊണ്ടിരിക്കുകയാണ്. ആകെ 1106 പേര്‍ക്കാണ് പരിശീലനം. 21 ന് ചൊവ്വാഴ്ച പരിശീലനം ഇവരുടെ സമാപിക്കും.

 

date