Skip to main content

അനധികൃത റേഷന്‍ കാര്‍ഡ്: നടപടികള്‍ ശക്തമാക്കുന്നു

വസ്തുതകള്‍ മറച്ചു വെച്ച് അനര്‍ഹമായി മുന്‍ഗണനാ വിഭാഗത്തില്‍ കടന്നു കൂടിയ റേഷന്‍ കാര്‍ഡ് ഉടമകളെ കണ്ടെത്തുന്നതിനായുള്ള പരിശോധന കൂടുതല്‍ ശക്തമാക്കി. ജില്ലയില്‍  കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ അനര്‍ഹമായി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട 118 കാര്‍ഡുകള്‍ കണ്ടെത്തി പൊതുവിഭാഗത്തിലക്ക് മാറ്റി. താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധ നടക്കുന്നത്.
അനര്‍ഹരെന്ന് കണ്ടെത്തിയവരില്‍ ഭൂരിഭാഗവും 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വീടുകളും, നാലുചക്ര വാഹനങ്ങളും ഉള്ളവരാണ്.  കൂടാതെ സര്‍ക്കാര്‍ ജോലിയുള്ളവരും സര്‍വ്വീസ് പെന്‍ഷന്‍കാരും അനധികൃതമായി മുന്‍ഗനാ കാര്‍ഡ് കൈവശം വെച്ചതായി പരിശോധനയില്‍ കണ്ടെത്തി.
അന്തിമ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹര്‍ക്ക് ലഭിച്ച കാര്‍ഡുകള്‍ സ്വമേധയാ പൊതു വിഭാഗത്തിലേക്ക് മാറ്റേണ്ടതാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വസ്തുതകള്‍ മന:പൂര്‍വ്വം മറച്ചുവെച്ച് ബോധപൂര്‍വ്വം ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന് ബോധ്യപ്പെടുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും. ഇവരില്‍ നിന്നും അനര്‍ഹമായി ഉള്‍പ്പെട്ട കാലയളവില്‍ കൈപ്പറ്റിയ റേഷന്‍ വിഹിതത്തിന്റെ കമ്പോളവിലയും ഈടാക്കും. പൊതുവിതരണ രംഗത്തെ സംശയങ്ങള്‍ പരാതികള്‍ എന്നിവ പരിഹരിക്കുന്നതിന് 1967 എന്ന ട്രോള്‍ ഫ്രീ നമ്പറില്‍ എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വിളിക്കാം.

മുന്‍ഗണനാ കാര്‍ഡ്: അര്‍ഹതയില്ലാത്തവര്‍ ഇവര്‍
മുന്‍ഗണനാ/ എ.എ.വൈ കാര്‍ഡിന് അര്‍ഹതയില്ലാത്തവര്‍ ഇവരാണ്.
* സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍
*പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍/ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍.
*സര്‍വ്വീസ് പെന്‍ഷനര്‍.
*ആദായ നികുതി ഒടുക്കുന്നവര്‍.
*പ്രതിമാസ വരുമാനം 25,000 രൂപയ്ക്കു മുകളിലുള്ള വിദേശത്തു ജോലി ചെയ്യുന്നവര്‍.
* സ്വന്തമായി ഒരേക്കറിനു മുകളില്‍ ഭൂമിയുള്ളവര്‍ (പട്ടിക വര്‍ഗക്കാര്‍ ഒഴികെ)
*സ്വന്തമായി 1000 ചതരുശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടോ ഫ്ളാറ്റോ ഉള്ളവര്‍.
*നാലു ചക്ര വാഹനം സ്വന്തമായി ഉള്ളവര്‍ (ഉപജീവന മാര്‍ഗമായ ടാക്സി ഒഴികെ)
*കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രതിമാസം 25,000 രൂപയില്‍ അധികം വരുമാനം ഉള്ളവര്‍.

 

date