Skip to main content

മഞ്ഞപ്പിത്തത്തിനെതിരെ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം-ഡിഎംഒ 

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. റീന അറിയിച്ചു. വേനൽക്കാല രോഗങ്ങളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മഞ്ഞപ്പിത്തമാണ്. ജില്ലയിൽ പുത്തൂർ, കുട്ടംകുളങ്ങര, പൂങ്കുന്നം, ഒല്ലൂർ, തിരുവമ്പാടി തുടങ്ങിയ പ്രദേശങ്ങളിലെ ഫ്ളാറ്റുകളിൽനിന്നാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന വൈറൽ രോഗമാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ് എ. കുളങ്ങളിലെ വെള്ളം മലിനമാകുമ്പോൾ അത് വഴിയും മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും വിവാഹ സത്കാര വേളകളിലും മറ്റും ഉപയോഗിക്കുന്ന കൊമേഴ്സ്യൽ ഐസിലൂടെയും സെപ്റ്റിക് ടാങ്കുകളിലെ ചോർച്ച മുഖേന കിണറുകളിലെ വെള്ളം മലിനമാകുന്നതിലൂടെയും ആണ് പ്രധാനമായും മഞ്ഞപ്പിത്തം പടരുന്നത്.
മഞ്ഞപ്പിത്തം വരാതിരിക്കുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, വൃത്തിയുള്ള ഭക്ഷണം കഴിക്കുക, മല മൂത്ര വിസർജ്ജനത്തിനു ശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക, രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക, ജലസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. അസുഖ ബാധിതർ ധാരാളം വെള്ളം കുടിക്കുകയും കൊഴുപ്പില്ലാത്ത ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണം. ഒന്നര മാസം കൊണ്ട് അസുഖം പൂർണമായും ഭേദമാകും. കരളിനെ ബാധിക്കുന്ന രോഗമായതിനാൽ ഇടക്കിടെ പരിശോധനകൾ നടത്തണം. മഞ്ഞപ്പിത്തത്തിനെതിരെ പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്. പൂരങ്ങൾ, ഉത്സവങ്ങൾ, വിവാഹങ്ങൾ എന്നിവ കൂടുതലായി നടക്കുന്ന ഈ സമയത്ത് നൽകുന്ന വെൽകം ഡ്രിങ്ക്, കടകളിൽ വിൽക്കുന്ന ശീതള പാനീയങ്ങൾ എന്നിവയിൽ കോമേഴ്സ്യൽ ഐസ് ഉപയോഗിക്കുന്നില്ലെന്നും ശുദ്ധ ജലമാണ് ഉപയോഗിക്കുന്നത് എന്നും പൊതുജനങ്ങൾ കൃത്യമായി ഉറപ്പുവരുത്തേണ്ടതാണ്.രോഗബാധിത പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ജലസ്രോതസ്സുകളിൽ സൂപ്പർ ക്ലോറിനേഷനും ബോധവൽകരണ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.

date