Skip to main content

ഏറ്റുമാനൂര്‍ ടൗണ്‍ കുടിവെള്ള പദ്ധതി; പുതിയ കുളത്തിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

 

ഏറ്റുമാനൂര്‍ ടൗണ്‍ കുടിവെള്ള പദ്ധതിയിലെ പുതിയ കുളത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തില്‍.  പഴയ എം.സി റോഡില്‍ ചൂലമറ്റം ജംഗ്ഷനു സമീപമാണ് കുളം നിര്‍മ്മിക്കുന്നത്. കുളം പൂര്‍ത്തിയാകുന്നതോടെ പദ്ധതി പ്രദേശത്തെ വീടുകളില്‍ എല്ലാ ദിവസവും വെള്ളമെത്തിക്കാനാകും. 

നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങിയ രണ്ട് സെന്റ് സ്ഥലവും സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ രണ്ട് സെന്റും ചേര്‍ത്ത് നാല് സെന്റിലാണ് കുളം നിര്‍മ്മിക്കുന്നത്. 15 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. 13.5 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുള്ള ഈ കുളത്തിന് എട്ടര മീറ്ററിലധികം ആഴമുണ്ട്. പതിനഞ്ച് ലക്ഷം ലിറ്ററിലധികമാണ് സംഭരണശേഷി.

അടുക്കളയില്‍ വെള്ളം എന്ന പേരില്‍ 2013 ല്‍  ആരംഭിച്ച ഈ കുടിവെള്ള പദ്ധതിക്ക് നാനൂറോളം ഗുണഭോക്താക്കളുണ്ട്. ഏറ്റുമാനൂര്‍ നഗരസഭയുടെ 27-ാം വാര്‍ഡില്‍ ഭാഗികമായും  32-ാം വാര്‍ഡില്‍ പൂര്‍ണമായും ഈ പദ്ധതിയില്‍ നിന്നാണ്  വെള്ളമെത്തുന്നത്. 

പദ്ധതിയുടെ ആദ്യ ജല സ്രോതസ് ചെറുവണ്ടൂര്‍ പാടശേഖരത്തോട് ചേര്‍ന്നാണ്. ഇതിന്റെ അരലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കില്‍ നിന്നാണ് ഏറ്റുമാനൂരില്‍ ഇപ്പോള്‍ ജലവിതരണം നടത്തുന്നത്. 2010 ല്‍ ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്നാണ് ഏറ്റുമാനൂര്‍ കുടിവെള്ള  പദ്ധതി ആരംഭിച്ചത്. ഏറ്റുമാനൂര്‍ നഗരസഭ രൂപീകൃതമായതിനു ശേഷം നഗരസഭയ്ക്കാണ് പദ്ധതിയുടെ ചുമതല.

date