Skip to main content

പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍  സിറ്റിംഗ്;  66 പരാതികള്‍ക്ക് പരിഹാരം

 

പട്ടികജാതി-പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ 66 പരാതികള്‍ക്ക് പരിഹാരമായി. ചെയര്‍മാന്‍ ബി.എസ്. മാവോജിയുടെ നേതൃത്വത്തില്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ 81 പരാതികളാണ് പരിഗണിച്ചത്. വഴി തടസ്സപെടുത്തല്‍, അതിര്‍ത്തി തര്‍ക്കം മുതലായവയുമായി ബന്ധപ്പെട്ടവയായിരുന്നു പരാതികളില്‍ ഏറെയും. 

പട്ടികജാതി കുടുംബങ്ങള്‍ക്ക് താമസിക്കുന്ന സ്ഥലങ്ങളില്‍ വഴിയും വഴി നടക്കാനുളള അവകാശവും ജലസ്രോതസ്സുകളും നിഷേധിക്കുന്നതു സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചുവരുകയാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ഇവര്‍ക്ക് വഴി നടക്കാനുളള അവകാശം സ്ഥാപിച്ചു കിട്ടുന്നതിന് നിയമ നിര്‍മാണം വേണ്ടതുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു. 

സര്‍ക്കാരില്‍ നിന്നും ഭൂമി ലഭിക്കുന്നവര്‍ക്കും സ്വന്തമായി ഭൂമി വാങ്ങുന്നവര്‍ക്കും പ്രമാണത്തില്‍ വഴിയുടെ ഉടമസ്ഥാവകാശം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും നടക്കാനുളള വഴി അവകാശമാണ്. പ്രമാണത്തില്‍ രേഖപെടുത്തിയിട്ടില്ലെന്ന കാരണത്താല്‍ വഴി നിഷേധിക്കപ്പെടുന്ന സാഹചര്യം പരിഗണിച്ച് ഈ അവകാശം നിയമപരമാക്കേണ്ടതുണ്ട്. പട്ടികജാതി കുടുംബങ്ങളുടെ വഴി തടസ്സപ്പെടുത്തുന്നത്  പട്ടികജാതി  പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.  

ആറ് പുതിയ പരാതികളും കമ്മീഷനു ലഭിച്ചു. നാലു കേസുകള്‍ കൂടുതല്‍ അന്വേഷണത്തിന് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കമ്മീഷനംഗം എസ്. അജയകുമാര്‍, എഡിഎം സി. അജിതകുമാര്‍, ജില്ലാ പട്ടിക ജാതി വികസന ഓഫീസറുടെ ചുമതല വഹിക്കുന്ന പി. സബിത എന്നിവര്‍ പങ്കെടുത്തു. 

date