Skip to main content

തീവ്രശുചീകരണ യജ്ഞം : നീക്കം ചെയ്തത് ആയിരത്തിലേറെ മാലിന്യക്കൂനകള്‍  

 

 

 

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച തീവ്രശുചീകരണ യജ്ഞത്തിലൂടെ ജില്ലയില്‍ വൃത്തിയാക്കിയത് 1138 മാലിന്യക്കൂനകള്‍. ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികള്‍, 88 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളിലാണ് മാലിന്യനിക്ഷേപങ്ങള്‍ നീക്കം ചെയ്തിരിക്കുന്നത്. മഴക്കാലത്തിനു മുന്‍പ് ജില്ലയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ തീവ്രശുചീകരണ യജ്ഞത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ജില്ലയിലുടനീളം നടന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പൊതുജനങ്ങള്‍ തുടങ്ങി എല്ലാ മേഖലയിലുള്ളവരും ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകുന്നുണ്ട്. 

ശുചിത്വയജ്ഞത്തിലൂടെ 78 ടണ്‍ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും 40 ടണ്ണോളം ജൈവമാലിന്യങ്ങള്‍ കുഴികമ്പോസ്റ്റിനു തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പൊതുമാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളിലൂടെ 39 ടണ്‍ ജൈവമാലിന്യം സംസ്‌ക്കരിക്കുകയും 2 ടണ്‍ ഇ-മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. നീക്കം ചെയ്ത ഇ-മാലിന്യങ്ങള്‍ പഞ്ചായത്തുകളിലെ മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററുകളിലും എം.സി.എഫ് സൗകര്യമില്ലാത്ത പഞ്ചായത്തുകളില്‍ താല്‍ക്കാലിക കേന്ദ്രങ്ങളിലും ശേഖരിച്ചിട്ടുണ്ട്. ഇവ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. 

'പ്രൊജക്ട് ഗ്രീന്‍ ഗ്രാസ'് പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകള്‍, ദേശീയ, സംസ്ഥാന പാതകള്‍ എന്നിവയുടെ വശങ്ങളിലുള്ള മാലിന്യങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പിനു നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ സ്ഥലങ്ങളിലും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടപ്പിലാക്കിയിട്ടുണ്ട്. 

യജ്ഞത്തിന്റെ ഭാഗമായി നിരവധി തോടുകള്‍, ഓടകള്‍, ചാലുകള്‍ എന്നിവ വൃത്തിയാക്കുകയും ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. പാലക്കാട് നഗരസഭയിലെ മാലിന്യനീക്കം നിലച്ചതിനെ തുടര്‍ന്ന് മാസങ്ങളായി  പാതയോരങ്ങളില്‍ കുന്നുകൂടിയ ടണ്‍ കണക്കിന് മാലിന്യങ്ങളാണ് പൊതുജനങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, 

തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധസംഘടനകള്‍ എന്നിവരുടെ ശ്രമഫലമായി നീക്കം ചെയ്തു കൊണ്ടിരിക്കുന്നത്. 

 

മാലിന്യ സംസ്‌ക്കരണം ആരംഭിച്ചു

 

നഗരസഭയുടെ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങളുടെ സംസ്‌ക്കരണം ആരംഭിച്ചു. 2005ല്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ആരംഭിക്കുന്നതിനു മുന്‍പ് കൊടുമ്പ് പഞ്ചായത്തിലുള്ള നഗരസഭയുടെ മാലിന്യസംസ്‌ക്കരണ കേന്ദ്രത്തില്‍  വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ജൈവ-അജൈവ മാലിന്യങ്ങളുടെ മിശ്രിതമാണ് സംസ്‌ക്കരണം ആരംഭിച്ചിരിക്കുന്നത്. ഇവ തരംതിരിച്ചതില്‍ നിന്നും 20 ശതമാനം മണ്ണ് അടങ്ങിയ എട്ട് ടണ്‍ ജൈവമാലിന്യവും 60 ശതമാനം മണ്ണ് അടങ്ങിയ രണ്ടാംതരം ഗുണനിലവാരമുള്ള മൂന്ന് ടണ്‍ ജൈവമാലിന്യവും വേര്‍തിരിച്ചു. കൂടാതെ പത്ത് ടണ്‍ അജൈവ മാലിന്യങ്ങളും വേര്‍തിരിച്ചെടുത്തിട്ടുണ്ട്. ഇവ വൃത്തിയാക്കി അജൈവ മാലിന്യസംസ്‌ക്കരണ കേന്ദ്രങ്ങളിലേക്ക് കൈമാറും. 

date