Skip to main content

വോട്ടെണ്ണലിനു ഇനി മണിക്കൂറുകള്‍ മാത്രം,  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 

 ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണലിനു ഇനി മണിക്കൂറുകള്‍ മാത്രം. നാളെ(23) രാവിലെ എട്ടിന് പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വോട്ടെണ്ണല്‍ ആരംഭിക്കുമെന്ന് വരണാധികാരിയും ജില്ലാകലക്ടറുമായ എച്ച്. ദിനേശന്‍ പത്രസമ്മേളത്തില്‍ അറിയിച്ചു.  നിയോജക മണ്ഡലങ്ങള്‍ വേര്‍തിരിച്ചാണു വോട്ടെണ്ണുന്നത്.  ആറു നിയോജക മണ്ഡലങ്ങളിലേതു രാവിലെ 8 മണിക്കും കോതമംഗലം നിയോജക  മണ്ഡലത്തിലേത് 8.30 നും എണ്ണാന്‍ ആരംഭിക്കും. ഓരോ റൗണ്ട് വോട്ടെണ്ണലും പൂര്‍ത്തിയാകുന്ന മുറയ്ക്ക് വോട്ട് വിവരം പ്രഖ്യാപിക്കുമെന്നും വരണാധികാരി അറിയിച്ചു. 
 ഓരോ നിയോജക മണ്ഡലത്തിനും ഓരോ കൗണ്ടിംഗ് ഹാള്‍ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. 89 ടേബിളുകളാണുള്ളത്.  105 റൗണ്ടുകളായി 1305 പോളിംഗ് സ്റ്റേഷനുകളിലെ വോട്ടുകള്‍ എണ്ണും.  മൂവാറ്റുപുഴ  12, കോതമംഗലം  12, ദേവികുളം  13,  ഉടുമ്പന്‍ചോല  12, തൊടുപുഴ  14, ഇടുക്കി  13, പീരുമേട്  13 എന്നിങ്ങനെയാണ് നിയോജ്ക മണ്ഡലം തിരിച്ചു ടേബിളുകളുടെ എണ്ണം. ഇതു കൂടാതെ  കൗണ്ടിംഗ് ഹാളില്‍ ടാബുലേഷന് പ്രത്യേക ടേബിള്‍ ഉണ്ടായിരിക്കും. ഓരോ റൗണ്ടിലും വോട്ടെണ്ണല്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍ രണ്ട് വോട്ടിംഗ് മെഷീനുകള്‍ വീതം ഒബ്‌സര്‍വര്‍മാരുടെ കൗണ്ടിംഗ് ടീം പരിശോധിച്ച് കൃത്യത ഉറപ്പാക്കും. നറുക്കിട്ടു തിരഞ്ഞെടുക്കുന്ന 5 പോളിംഗ് ബൂത്തുകളിലെ വിവിപാറ്റ് മെഷീന്‍ എണ്ണും. 
 തപാല്‍ വോട്ടുകള്‍, സര്‍വീസ് വോട്ടുകള്‍ എന്നിവ എണ്ണുന്നതിനായി റിട്ടേണിംഗ് ഓഫീസറുടെ ഹാളില്‍  ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.   ഇതിനായി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍, മൊബൈല്‍ഫോണുകള്‍ എന്നിവ  അനുവദിക്കുന്നതല്ല. ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേകം സംവിധാനം ഉണ്ടാകും  ക്രമസമാധാന പാലനം, മീഡിയ സെന്റര്‍, പോസ്റ്റല്‍ ബാലറ്റ് കൗണ്ടിംഗ്, ടാബുലേഷന്‍, വോട്ടെണ്ണല്‍ ഏജന്റിനുള്ള പാസ് വിതരണം എന്നിങ്ങനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാനദണ്ഡപ്രകാരം ജീവനക്കാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. 6 ഡിവൈ.എസ്.പി യും 200 പോലീസുകാരുമടങ്ങുന്ന മൂന്ന് സെറ്റ് ടീമിനെയാണ്  തയ്യാറാക്കിയിരിക്കുന്നത്. ക്രമസമാധാനപാലനത്തിനായി 1400 പോലീസുകാര്‍, 71 പട്രോള്‍, 140 പിക്കറ്റുകള്‍, ബി,എസ്.എഫ്, കെ.എ.പി തുടങ്ങിയ ടീമുകളും സജ്ജമാണെന്ന് അഡീഷണല്‍ എസ്.പി മുഹമ്മദ് ഷാഫി അറിയിച്ചു. പത്രസമ്മേളനത്തില്‍ എ.ഡി.എം അനില്‍ ഉമ്മന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജോസ് ജോര്‍ജ്ജ ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date