Skip to main content

എച്ച് 1 എൻ 1 : കൂടുതൽ കരുതൽ വേണം

എച്ച് 1 എൻ 1 വായുവിലൂടെ പകരുന്ന വൈറൽ പനിയാണ്. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, എന്നിവ എച്ച് 1 എൻ 1 രോഗത്തിന്റെ ലക്ഷണമാകാം. തുടക്കത്തിൽ തന്നെ ചികിത്സിക്കുകയാണെങ്കിൽ ഗുരുതരമാകാതെ ശ്രദ്ധിക്കാൻ സാധിക്കും. ഈ ലക്ഷണങ്ങൾ പ്രത്യേകിച്ച് ഗർഭിണികൾ, പ്രായമായവർ, ചെറിയ കുട്ടികൾ, മറ്റേതെങ്കിലും രോഗമുള്ളവർ തുടങ്ങിയവരിൽ കണ്ടാൽ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടണം. പലപ്പോഴും ഇങ്ങനെയുള്ള ലക്ഷണങ്ങൾ നിസ്സാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതു കൊണ്ടാണ് അപകടാവസ്ഥയിൽ എത്തുന്നത്. ജില്ലയിലെ എല്ലാ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യ ചികിത്സയും ഒസൽട്ടാമവീർ എന്ന ഔഷധവും ലഭ്യമാണ്.രോഗത്തിന് ഇളം ചൂടുള്ള കഞ്ഞി വെള്ളം പോലെയുള്ള പോഷകഗുണമുള്ള പാനീയങ്ങളും പോഷക സമൃദ്ധമായ ആഹാരങ്ങൾ കഴിക്കുവാനും പൂർണ്ണ വിശ്രമമെടുക്കുവാനും ശ്രദ്ധിക്കണം. പരമാവധി വീടിനുള്ളിൽ തന്നെ കഴിയുകയും സ്‌കൂൾ, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വിട്ടു നിൽക്കുകയും വേണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ, മൂക്ക്, എന്നിവ തൂവാല കൊണ്ട് മറയ്ക്കുവാനും ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
 

date